ജിഎസ്ടി നഷ്ടപരിഹാരം; കേരളം വായ്പ സ്വീകരിക്കും

gst-flood
SHARE

ന്യൂഡൽഹി ∙ചരക്കു സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്ര നിലപാടിനോടുള്ള എതിർപ്പു നിലനിർത്തിത്തന്നെ വായ്പ സ്വീകരിക്കാൻ കേരളം തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. ഇതോടെ, കേരളത്തിനു നഷ്ടപരിഹാര ഇനത്തിൽ ഏകദേശം 6000 കോടി രൂപയും 0.5% അധിക വായ്പയായി ഏകദേശം 2000 കോടിയും അടുത്ത 3 മാസത്തിൽ ലഭിക്കും. 

ഈ വർഷം കോവിഡ് ഇനത്തിലുള്ള നഷ്ടപരിഹാരം നികത്താൻ 1.1 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾ വായ്പയെടുക്കണമെന്നും ബാക്കിത്തുക 2022 മുതൽ നൽകുമെന്നുമാണ് കേന്ദ്രം വ്യവസ്ഥവച്ചത്. ഇതിനെ കേരളമുൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ എതിർത്തു. മുഴുവൻ നഷ്ടപരിഹാരവും ഈ വർഷംതന്നെ കേന്ദ്രം വായ്പയെടുത്തു നൽകണമെന്നായിരുന്നു വാദം. 

പിന്നീട്, കോവിഡ്മൂലമുള്ള നഷ്ടംനികത്താൻ തങ്ങൾതന്നെ വായ്പയെടുത്തു സംസ്ഥാനങ്ങൾക്കു നൽകാമെന്നു കേന്ദ്രം വ്യക്തമാക്കി. അപ്പോഴും, ആദ്യം വ്യവസ്ഥ അംഗീകരിച്ച സംസ്ഥാനങ്ങൾക്കു മാത്രം നഷ്ടപരിഹാര വായ്പയ്ക്കും അധിക വായ്പയ്ക്കും അവകാശമെന്ന രീതിയിലാണ് കേന്ദ്രം കാര്യങ്ങൾ നീക്കിയത്. 

കേന്ദ്ര നിലപാടിനെ എതിർക്കുന്നത് കേരളം, പഞ്ചാബ്, ബംഗാൾ, തെലങ്കാന, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവ മാത്രമായി ചുരുങ്ങിയിരുന്നു. ഇതിൽ, തെലങ്കാനയും കഴിഞ്ഞ ദിവസം കേന്ദ്ര നിലപാട് അംഗീകരിക്കാൻ തീരുമാനിച്ചു. നഷ്ടപരിഹാര ഇനത്തിൽ തെലങ്കാനയ്ക്ക് 2,380 കോടി ലഭിക്കുമെന്നും, വിപണിയിൽനിന്ന് 5,017 കോടി അധികവായ്പയെടുക്കാൻ അവർക്ക് അനുമതി നൽകുമെന്നും ധനമന്ത്രാലയം ഇന്നലെ വ്യക്തമാക്കി. 

കടുത്ത സാമ്പത്തിക ഞെരുക്കമാണു കേന്ദ്ര വ്യവസ്ഥ അംഗീകരിക്കാൻ കേരളത്തിനെ നിർബന്ധിതമാക്കിയത്. ബിഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യം ജയിച്ചാൽ കേന്ദ്രത്തിനെതിരെയുള്ള എതിർപ്പു ശക്തമാക്കാമെന്നായിരുന്നു കേരളത്തിന്റെ വിലയിരുത്തൽ. എന്നാൽ, ബിഹാർ ഫലം അനുകൂലമല്ലാത്ത സ്ഥിതിയിൽ, എതിർപ്പു നിലനിർത്തി വായ്പ സ്വീകരിക്കാമെന്നു നിലപാടു മാറ്റേണ്ടിവന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA