തുണി സഞ്ചിയിൽ പൊതിഞ്ഞ് സപ്ലൈകോയുടെ ‘പണി’

Supplyco-Cloth-Bag-Scam
SHARE

കൊച്ചി∙ ടെൻഡർ നടപടികൾ അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി പരാതി നൽകിയ കമ്പനിയെ കുടുക്കാനുള്ള നീക്കവുമായി സപ്ലൈകോ. തുണിസഞ്ചിക്കായുള്ള കഴിഞ്ഞ മാസത്തെ ടെൻഡറിൽ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വില ക്വോട്ട് ചെയ്ത (എൽ2) വയനാട് കോഫി ട്രേഡിങ് കമ്പനിക്ക് 4 ദിവസത്തിനുള്ളിൽ ആകെ ഓർഡറിന്റെ 50 ശതമാനം നൽകണമെന്നു ചൂണ്ടിക്കാട്ടി സപ്ലൈകോ നൽകിയ പർച്ചേസ് ഓർഡറിലാണു കുരുക്ക്. കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലായി 7 ലക്ഷം തുണിസഞ്ചികൾ നൽകണമെന്നാണ് ഓർഡറിൽ പറയുന്നത്.

50% തുണിസഞ്ചി 22 നും ബാക്കി ഡിസംബർ 12 നും നൽകണമെന്നാണു വ്യവസ്ഥ. എന്നാൽ 3.5 ലക്ഷം തുണിസഞ്ചി നാലുദിവസത്തിനുള്ളിൽ നിർമിച്ചു വിതരണം നടത്തുക പ്രായോഗികമല്ല. 12ന് ഇറക്കിയ പർച്ചേസ് ഓർഡർ 6 ദിവസം വൈകിച്ച് 18 നു വൈകുന്നേരമാണ് ഇ–മെയിലിലൂടെ സപ്ലൈകോ, കമ്പനിക്കു നൽകിയത്. 12 നു തയാറാക്കിയ ഓർഡറിൽ മൂന്നു ദിവസത്തിനുള്ളിൽ ബാങ്ക് ഗാരന്റിയായ 2.90 ലക്ഷം രൂപ നൽകണമെന്നും പറയുന്നു. ഈ കാലാവധി അവസാനിച്ച ശേഷമാണ്  ഓർഡർ മെയിൽ ചെയ്യുന്നത്.

ടെൻഡർ അട്ടിമറിച്ച് സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥരും അവർക്കു വേണ്ടപ്പെട്ട കമ്പനികളും ചേർന്നു കോടികൾ തട്ടിയെടുക്കുന്നതായി ആരോപിച്ച് വയനാട് കോഫി ട്രേഡിങ് കമ്പനി നേരത്തേ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഫുഡ് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. പുതിയ നടപടി തങ്ങളെ തകർക്കാനുള്ള ഗൂഢാലോചയാണെന്നു ചൂണ്ടിക്കാട്ടി കമ്പനി സപ്ലൈകോ സിഎംഡിക്കു കത്തയച്ചു. ടെൻഡറിൽ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ടുള്ള ഭീഷണിയുള്ളതായും കത്തിൽ പറയുന്നു.

എന്തും ചെയ്യാം

പർച്ചേസ് ഓർഡറിൽ പറയുന്ന തീയതിക്കു മുൻപു ബാങ്ക് ഗാരന്റി അടയ്ക്കാനോ, സഞ്ചി വിതരണം നടത്താനോ കമ്പനിക്കു കഴിയാത്ത സാഹചര്യമായതിനാൽ ടെൻഡർ വ്യവസ്ഥകൾ പ്രകാരം എന്തു നടപടിയും സപ്ലൈകോയ്ക്കു സ്വീകരിക്കാം. തുണിസഞ്ചികൾ പറഞ്ഞസമയത്തു വിതരണം ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താം. കമ്പനി ടെൻഡറിൽ കെട്ടിവച്ച തുക നൽകാതിരിക്കാം. പിഴ ഈടാക്കാം. കമ്പനിക്കെതിരെ കേസ് കൊടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA