ADVERTISEMENT

ആലപ്പുഴ∙ തീരദേശത്തിന്റെ രുചികളിലേക്ക് പുതിയൊരു രുചിക്കൂട്ടായി തീരമൈത്രി എത്തുന്നു. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ഒരുക്കുന്ന പദ്ധതിയാണു തീരമൈത്രി സീഫുഡ് റസ്റ്ററന്റ് ശൃംഖല. 9 തീരദേശ ജില്ലകളിലായി 46 യൂണിറ്റുകളാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പ്രത്യക്ഷത്തിൽ വരുമാനമാർഗമൊരുങ്ങുക 230 വനിതകൾക്ക്. 

തിരുവനന്തപുരത്തും കൊല്ലത്തും എറണാകുളത്തും ആറും ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അഞ്ചും കോഴിക്കോടും കണ്ണൂരും നാലും വീതമാണു റസ്റ്ററന്റുകൾ തുടങ്ങുക. കടൽ, കായൽ വിഭവങ്ങൾക്കു പുറമെ മൂല്യവർധിത സമുദ്ര–മത്സ്യ ഉൽപന്നങ്ങളും ഇവിടെയുണ്ടാകും. 

5 പേരടങ്ങുന്ന മത്സ്യത്തൊഴിലാളി വനിതാ സ്വയംസഹായസംഘങ്ങൾക്കാണ് റസ്റ്ററന്റ് തുടങ്ങാൻ അവസരം. ഏകദേശം 6.67 ലക്ഷം രൂപയാണ് ഓരോ യൂണിറ്റിനും ചെലവ്. ഇതിൽ 5 ലക്ഷം സർക്കാർ സബ്സിഡിയായി നൽകും. ആകെത്തുകയുടെ 75% അല്ലെങ്കിൽ പരമാവധി 5 ലക്ഷം എന്നാണു വ്യവസ്ഥ. സ്ഥലവും കെട്ടിടവും അതതു ഗ്രൂപ്പുകൾ കണ്ടെത്തണം. ആകെത്തുകയുടെ 5% തുക ഗുണഭോക്തൃ വിഹിതമായി കണ്ടെത്തണം. ബാക്കി തുക ബാങ്ക് വായ്പയായി ലഭ്യമാക്കാനും ശ്രമമുണ്ട്. സാഫ്(സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ) സഹകരണത്തോടെയാണു പദ്ധതി.

താൽപര്യം പ്രകടിപ്പിച്ചെത്തുന്ന സംരംഭകർക്കു രണ്ടുഘട്ടമായി പരിശീലനം നൽകും. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുകൂടിയാണു പദ്ധതിയെന്നു സാഫ് നോഡൽ ഓഫിസർ കൂടിയായ ഫിഷറീസ് അസി. ഡയറക്ടർ രമേശ് ശശിധരൻ പറഞ്ഞു.

ലോഗോ ഡിസൈൻ ക്ഷണിച്ചു

കൊച്ചി ∙ തീരമൈത്രി സീ ഫുഡ് റസ്റ്ററന്റ് ശൃംഖലയ്ക്കായി ലോഗോ ഡിസൈനുകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപ സമ്മാനം നൽകും. ഡിസൈനുകൾ ജനുവരി 5 നു മുൻപായി saf4help@gmail.com എന്ന ഇമെയിലേക്ക് അയയ്ക്കണം. www.safkerala.org, 0484-2607643, 1800 4257643.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com