ADVERTISEMENT

ഹാമാരിക്കാലത്ത് ഇന്ത്യയാകെ തൊഴിൽ നഷ്ടപ്പെട്ടവർ 1.4 കോടിയെന്നാണു കണക്കാക്കിയിട്ടുള്ളത്. ഇവരിൽ ഭൂരിപക്ഷവും സ്വകാര്യമേഖലയിലെ ശമ്പളക്കാരോ ദിവസക്കൂലിക്കാരോ ആയിരുന്നു. പക്ഷേ അവരിൽ തന്നെ പഴയ തൊഴിലുകളിലേക്കു തിരികെ വരാൻ കഴിയാതെ പോയത് സ്ത്രീകൾക്കാണെന്ന് ഡോ.യാമിനി അയ്യർ പറ‍ഞ്ഞു.നോട്ട് റദ്ദാക്കൽ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട‌ ലക്ഷങ്ങളിലും സ്ത്രീകൾക്കാണ് അവ തിരികെ ലഭിക്കാതിരുന്നത്. ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ 40% ശമ്പളക്കാരും 42% ദിവസക്കൂലിക്കാരുമായിരുന്നു. ഇവരിൽ ഭൂരിപക്ഷവും സ്വയം തൊഴിലുകളിലേക്കു തിരിഞ്ഞു. നേരത്തേ കിട്ടിയിരുന്ന വരുമാനത്തിനു പകരം അന്നന്നത്തെ അഷ്ടിക്കു വക കണ്ടെത്താൻ മാത്രമുള്ളതായി സ്വയം തൊഴിൽ. കഷ്ടിച്ച് ഉപജീവനം.

പക്ഷേ ഡിസംബർ ആയപ്പോഴേക്കും ലോക്ഡൗൺ കാലത്തു തൊഴിൽ നഷ്‍ടപ്പെട്ട 73% പുരുഷൻമാർക്കും തൊഴിൽ തിരികെ ലഭിച്ചിരുന്നു. എന്നാൽ, തൊഴിൽ രഹിതരായ സ്ത്രീകളിൽ 23 ശതമാനത്തിനു മാത്രമേ പഴയ ജോലികളിൽ എത്താനായുള്ളൂ. അതിനാൽ മഹാമാരിയുടെ ദുരിതം പേറിയതു കൂടുതലും വനിതകളും അവരെ ആശ്രയിക്കുന്ന കുടുംബങ്ങളുമായിരുന്നു. സ്വയം തൊഴിൽ രംഗങ്ങളിൽ സ്ത്രീകൾ പിന്നിലായതും അതിനു കാരണമാണ്. ഈ വസ്തുതകൾ കണക്കിലെടുത്ത് ബജറ്റിൽ സ്ത്രീസഹായ പദ്ധതികൾ പ്രഖ്യാപിക്കേണ്ടതായിരുന്നു.

അതിഥിത്തൊഴിലാളികൾ

ലോക്ഡൗണിൽ ഏറ്റവും ദുരിതം അനുഭവിച്ച വിഭാഗം സമ്പദ് വ്യവസ്ഥയുടെ അടിത്തട്ടിലുള്ള 10% വരുമാനം ലഭിക്കുന്നവരായിരുന്നു. അതേ സമയം തന്നെ സമ്പദ് വ്യവസ്ഥയുടെ മേൽത്തട്ടിലുള്ള ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന 10% പേർക്ക് കാര്യമായ ഇടിവ് ഉണ്ടായില്ലെന്നു മാത്രമല്ല അവരുടെ സമ്പാദ്യം വർധിക്കുകയും ചെയ്തു. ചെലവുകളും ധൂർത്തുമെല്ലാം കുറഞ്ഞതാണു കാരണം.ടു വീലർ വാങ്ങുന്ന തങ്ങളുടെ ഉപയോക്താക്കളാണു കൂടുതൽ കഷ്ടപ്പെട്ടതെന്ന് ബജാജ് ചെയർമാൻ രാഹുൽ ബജാജ് പറഞ്ഞത് ഉദാഹരണം. കാർ ഉടമകളെയല്ല ടു വീലർ ഉടമകളെയാണ് സാമ്പത്തിക മാന്ദ്യം കൂടുതൽ ബാധിച്ചത്. അതിൽത്തന്നെ തീരാദുരിതം അതിഥിത്തൊഴിലാളികൾക്കായിരുന്നു. നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് അവർക്ക് ആശ്വാസം നൽകുന്നില്ലെന്ന് യാമിനി അയ്യർ പറ‍്ഞു.

Yamini-Aiyar
ഡോ.യാമിനി അയ്യർ. ചിത്രം: ട്വിറ്റർ

അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കു മൂലധനച്ചെലവ് വർധിപ്പിക്കുകയും സ്വകാര്യനിക്ഷേപം വർധിക്കാൻ സാഹചര്യം ഒരുക്കുകയും ചെയ്യുന്ന ബജറ്റ് ഇവയുടെ ഫലം കണ്ടു തുടങ്ങാൻ കാലതാമസം വരുമെന്ന വസ്തുത വിസ്മരിച്ചു. തൊഴിലവസരങ്ങൾ വർധിക്കുകയും ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്കു കുടിയേറുന്ന പാവപ്പെട്ടവർക്ക് ഉപജീവനമാർഗം തുറക്കുകയും ചെയ്യുമെങ്കിലും അതുവരെയുള്ള കാലത്തേക്കെങ്കിലും അവർക്ക് ആശ്വാസം നൽകേണ്ടതായിരുന്നു. തൊഴിലുറപ്പു പദ്ധതിയിലും വർധന വരുത്തേണ്ടുന്നതിനു പകരം വെട്ടിക്കുറയ്ക്കുകയാണു ധനമന്ത്രി ചെയ്ത്. നഷ്ടപ്പെട്ട തൊഴിലുകൾ തിരികെ വരാൻ താമസിക്കുമെന്നതിനാൽ തൊഴിലുറപ്പ് വരുമാനം അനിവാര്യമായിരുന്നു. വിപണിയിൽ ഡിമാൻഡ് വർധിപ്പിക്കാനും സാമ്പത്തിക പിരമിഡിന്റെ അടിത്തട്ടിലുള്ളവർക്ക് സഹായം നൽകേണ്ടതായിരുന്നു.

സർക്കാരിന്റെ നയങ്ങളിൽ വൈരുധ്യം

ഇൻഷുറൻസ് ഉൾപ്പെടെയുള്ള വ്യവസായങ്ങളിലെ വിദേശ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാർ, ‘സ്വദേശി’യെന്ന അവകാശവാദം കൂടി ഉന്നയിക്കുന്നതിലെ നയവൈരുധ്യം ശ്രദ്ധിക്കപ്പെടേണ്ടതാണെന്നു യാമിനി അയ്യർ പറഞ്ഞു. ക്ഷേമപദ്ധതികളുടെ കാര്യത്തിലും ഇതേപോലെ വൈരുധ്യം പ്രകടമാകുന്നുണ്ട്. പൊതു ചെലവു വർധിപ്പിക്കാനുള്ള നടപടികളുണ്ടെങ്കിലും ലക്ഷ്യങ്ങൾ നേടുന്നതിൽ ക്ഷേമപദ്ധതികൾ വിജയിക്കുന്നുണ്ടോ എന്നു സംശയിക്കണം. കേന്ദ്ര, സംസ്ഥാന ബന്ധങ്ങളുടെ കാര്യത്തിലും വൈരുധ്യാത്മക സമീപനം വളരെ സ്പഷ്ടമാണ്. വികേന്ദ്രീകരണത്തിനും കേന്ദ്രീകരണത്തിനുമുള്ള മത്സരം ഒരേ സമയം കാണാമെന്നതാണ് അവസ്ഥ. മൂലധനത്തിന്റെ കേന്ദ്രീകരണം കേന്ദ്ര സർക്കാരിന് അനുകൂലമാകുമ്പോൾ സംസ്ഥാനങ്ങൾക്കു നഷ്ടമാണു സംഭവിക്കുക.

സമ്പദ്‌വ്യവസ്ഥയിലെ ഔപചാരികതകൾക്കുള്ള ശ്രമം അഭിലഷണീയമെന്നു പറയാനാവില്ല. കശാപ്പുകാരന്റെ കത്തി പ്രയോഗം പോലെയാവരുതു സമ്പദ്‌വ്യവസ്ഥയെ സ്വന്തം നയങ്ങൾക്കനുസൃതമായി വെട്ടിനുറുക്കി വ്യത്യസ്തത സൃഷ്ടിക്കുന്നതെന്നും യാമിനി അയ്യർ അഭിപ്രായപ്പെട്ടു.

സംസ്ഥാനങ്ങൾക്ക് വിഹിതം കുറയുന്നു

കേന്ദ്ര നികുതി വരുമാനത്തിൽ നിന്നുള്ള വിഹിതം സംസ്ഥാനങ്ങൾക്ക് വർധിപ്പിക്കാൻ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തതിനെ മറികടക്കാനാണ് സെസും സർചാർജും ബജറ്റിൽ ഏർപ്പെടുത്തിയതെന്ന് അനുമാനിക്കണം. കാരണം നികുതി വരുമാനം പങ്കു വയ്ക്കണമെങ്കിലും സെസ്, സർചാർജ് വരുമാനം കേന്ദ്രത്തിന് സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതില്ല.

നടപ്പു സാമ്പത്തിക വർഷം യഥാർഥത്തിൽ നികുതി വരുമാനത്തിന്റെ 33–35% വരെ മാത്രമേ സംസ്ഥാനങ്ങൾക്കു പങ്കു വയ്ക്കുന്നുള്ളൂ. വരുന്ന സാമ്പത്തിക വർഷമാകട്ടെ സെസും സർചാർജും ചേർന്ന വരുമാനത്തിന്റെ 29% മാത്രമേ സംസ്ഥാനങ്ങൾക്ക് ലഭിക്കൂ. കേന്ദ്ര വരുമാനം കൂട്ടാനുള്ള കൗശലമാണ് സെസിന്റെ രൂപത്തിൽ ബജറ്റിൽ വന്നിട്ടുള്ളത്.

budget-2021-logo-7

∙ ഓൺലൈൻ’ സദസ്സിൽനിന്നുയർന്ന ചോദ്യങ്ങൾക്കു യാമിനി അയ്യർ വിശദമായ മറുപടി നൽകി. പ്രധാനപ്പെട്ടവ:

ബജറ്റിനു രാഷ്ട്രീയമാകാം
ബജറ്റുകളിൽ രാഷ്ട്രീയമുണ്ടാകുന്നത് മോശം കാര്യമായി പരിഗണിക്കാനാവില്ലെന്നു യാമിനി അയ്യർ. മുൻ സർക്കാരുകളുടെ ബജറ്റുകൾ എല്ലാം വോട്ട് ബാങ്കിനെ ലക്ഷ്യംവച്ചുള്ളതായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടതിനെപ്പറ്റി സദസ്സിൽനിന്നു ചോദ്യമുയർന്നപ്പോഴായിരുന്നു പ്രതികരണം.
എല്ലാ സർക്കാരുകളുടെ ബജറ്റുകളും വോട്ട് ബാങ്കിനെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ഈ ബജറ്റിൽ വലിയ പദ്ധതികളും ദേശീയപാതകളും ഫണ്ടുകളുമൊക്കെ അനുവദിച്ചത് ഉടൻ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങൾക്കാണല്ലോ. ജനാധിപത്യരാജ്യത്തിൽ രാഷ്ട്രീയമുണ്ടാവുകയെന്നതു നല്ലകാര്യവുമാണ്. ഈ രാഷ്ട്രീയമാണു നയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ബജറ്റിലെ രാഷ്ട്രീയ താൽപര്യങ്ങളിലും വിട്ടുവീഴ്ചകളിലും വോട്ടർമാർ സന്തുഷ്ടരാണോ അല്ലയോ എന്നതാണു പ്രധാനം.

കോവിഡ് ചെലവു നേരിടാൻ ഇന്ധനനികുതി സഹായം
പെട്രോളിയം വില ഉയരുന്നതിനനുസരിച്ചു ലഭിക്കുന്ന അഡീഷനൽ നികുതികൾ കോവിഡുമായി ബന്ധപ്പെട്ട അധികച്ചെലവുകളെ നേരിടാൻ സർക്കാരിനെ ഒരു തരത്തിൽ സഹായിക്കുന്നുണ്ടെന്നു മറ്റൊരു ചോദ്യത്തിനുത്തരമായി യാമിനി പറഞ്ഞു. നേരിട്ടുള്ള നികുതി വരുമാനം കുറഞ്ഞപ്പോഴും ആകെ നികുതി വരുമാനത്തിൽ വലിയ കുറവുണ്ടാകാതിരുന്നത് പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നു ലഭിക്കുന്ന നികുതിയുള്ളതിനാലായിരുന്നു. വരുമാനം തീരെ കുറഞ്ഞ ലോക്ഡൗൺ കാലത്തും കോവിഡ് ചെലവുകൾക്കായി ഈ വരുമാനം സർക്കാരിനുണ്ടായിരുന്നു. ഓഹരി വിറ്റഴിക്കൽ വഴിയുള്ള വരുമാനവും ഇത്തവണ വളരെ കുറവായിരുന്നു. അടുത്തവർഷം ഇതിൽ നിന്നുള്ള വരുമാനം കൂടുമോ എന്നതിലും സംശയമുണ്ട്.

വളർച്ചയുടെ സൂചകമല്ല സെ‍ൻസെക്സ്
ബജറ്റിനോട് അനുബന്ധിച്ചും ബജറ്റിനു ശേഷവും ഓഹരി വിപണിയിൽ വലിയ മുന്നേറ്റമുണ്ടായി. റെക്കോർഡ് കുതിപ്പുകൾ നടന്നു. പക്ഷേ, ഓഹരിസൂചികകളുടെ മുന്നേറ്റം സമ്പദ്‌വ്യവസ്ഥയുടെ പ്രതിഫലനമാണെന്നു പറയാനാകില്ലെന്ന് അവർ പറഞ്ഞു. സെൻസെക്സിനു യഥാർഥ സമ്പദ്‌വ്യവസ്ഥയിൽ ഒന്നും ചെയ്യാനില്ലെന്നു വേണം പറയാൻ. യഥാർഥ സമ്പദ്‌വ്യവസ്ഥയെയല്ല സൂചികകൾ കാണിക്കുന്നത്. ഓഹരിവിപണിയിലെ പെട്ടെന്നുള്ള ലാഭവും നേട്ടങ്ങളുമല്ല, സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നത്. സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് സാമ്പത്തിക അടിത്തറ ശക്തമാകേണ്ടതുണ്ട്. എങ്കിലും ഉയർന്ന പോയിന്റുകൾ, തിരിച്ചുവരവിന്റെ പാതയിലാണു നാം എന്ന സൂചന നൽകുന്നു.

താഴേത്തട്ടിലേക്കു പണമൊഴുകണം
കോവിഡ് പ്രതിസന്ധിയിൽ തീവ്രമായ ആഘാതമേറ്റ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്കായി വൻതോതിൽ പണം ചെലവിടേണ്ട സമയമാണിതെന്നു യാമിനി അയ്യർ പറഞ്ഞു. ഉപഭോഗം വർധിപ്പിക്കണമെങ്കിൽ താഴേത്തട്ടിലേക്കു പണമൊഴുകണം. അതൊരു അടിസ്ഥാന സാമ്പത്തിക യുക്തി കൂടിയാണ്. അതു സംഭവിച്ചില്ലെങ്കിൽ സമ്പദ്ഘടനയുടെ തിരിച്ചുവരവ് എളുപ്പമാകില്ലെന്നും അവർ പറഞ്ഞു. സ്വകാര്യവൽക്കരണം സാധാരണ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അവർ.
സ്വകാര്യവൽക്കരണത്തെ രണ്ടു ഭാഗമായി കരുതാം. പൊതു ആസ്തികൾ ധനസമാഹരണത്തിന് ഉപയോഗിക്കുന്നതും സ്വകാര്യ നിക്ഷേപം വൻതോതിൽ ആകർഷിക്കുക വഴി ദീർഘകാലാടിസ്ഥാനത്തിൽ വൻ തോതിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്നതും. സ്വകാര്യ മൂലധനം ആകർഷിക്കാൻ അടിസ്ഥാന സൗകര്യ വികസനം പ്രധാനമാണ്. സമ്പദ്ഘടന ശക്തിപ്പെടുത്തുകയും പുനർനിർമിക്കുകയും ചെയ്തെങ്കിൽ മാത്രമേ നിക്ഷേപം ആകർഷിക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു.

തൊഴിലുറപ്പു പദ്ധതി അവഗണിക്കരുത്
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു (എൻആർഇജിഎ) കൂടുതൽ പണം അനുവദിക്കേണ്ടിയിരുന്നുവെന്നു യാമിനി അയ്യർ. വലിയ പ്രാധാന്യമുള്ള പദ്ധതിയാണിത്. ഇപ്പോഴും, ആവശ്യപ്പെട്ടവരിൽ 76% കുടുംബങ്ങൾക്കു മാത്രമേ തൊഴിലുറപ്പു പദ്ധതി പ്രകാരം തൊഴിൽ നൽകാൻ കഴിയുന്നുള്ളൂ. 18 സംസ്ഥാനങ്ങൾ ഇതിനകം ലഭിച്ചതിലേറെ തുക പദ്ധതിക്കായി ചെലവാക്കിക്കഴിഞ്ഞു. സാമ്പത്തിക പ്രവർത്തനങ്ങൾ കോവിഡിനു മുൻപുള്ള കാലത്തേക്കു മടങ്ങുകയാണ്. പക്ഷേ, ചെലവു കുറയ്ക്കൽ ശ്രമങ്ങൾ തൊഴിൽ സാധ്യതകളെ ബാധിക്കുമോ?
നഗര തൊഴിൽ പദ്ധതികളില്ല. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി വരുന്നതേയുള്ളൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന അതിഥിത്തൊഴിലാളികൾക്കായി നഗരപാർപ്പിട പദ്ധതികളില്ല. റോഡ്, റെയിൽ പദ്ധതികൾക്കായി വകയിരുത്തിയതിനേക്കാൾ വളരെ കുറഞ്ഞ വിഹിതമാണു നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അനുവദിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com