ADVERTISEMENT

കൊച്ചി ∙ 14നു കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്നത് 6,100 കോടിയിലേറെ രൂപയുടെ വികസന പദ്ധതികൾ. ബിപിസിഎൽ കൊച്ചി റിഫൈനറി, കൊച്ചി പോർട് ട്രസ്റ്റ്, കൊച്ചി ഷിപ്‌യാഡ്, ഫാക്ട് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 4 പദ്ധതികളുടെയും സമർപ്പണം 3.30ന് റിഫൈനറി ക്യാംപസിലെ വേദിയിലാണു നടക്കുക. വിമാനമാർഗം നേവൽ ബേസിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗം റിഫൈനറിയിലെത്തും.

 

പെട്രോ കെമിക്കൽ 

       പ്രോജക്ട് 

റിഫൈനറിയിലെ പ്രൊപിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പ്രോജക്ടാണു (പിഡിപിപി) നിക്ഷേപത്തിൽ വമ്പൻ. 6000 കോടി രൂപ ചെലവിട്ട പദ്ധതി ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കാൻ സഹായിക്കുന്നതു വഴി ലാഭം പ്രതിവർഷം 4500 – 5000 കോടി രൂപയുടെ വിദേശനാണ്യം. പിഡിപിപി ഉൽപാദിപ്പിക്കുന്ന അക്രിലേറ്റ്സും അക്രിലിക് ആസിഡും ഓക്സോ ആൽക്കഹോൾസും പെയിന്റ് ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് അത്യാവശ്യമാണ്. കിൻഫ്രയുടെ നിർദിഷ്ട പെട്രോകെമിക്കൽ പാർക്കിനും അസംസ്കൃത വസ്തുക്കൾ ലഭിക്കും.

 

 ഇന്റർനാഷനൽ 

        ക്രൂസ് ടെർമിനൽ 

25.72 കോടി രൂപ ചെലവിൽ കൊച്ചി പോർട് ട്രസ്റ്റ് എറണാകുളം വാർഫിൽ നിർമിച്ചതാണ് ഇന്റർനാഷനൽ ക്രൂസ് ടെർമിനൽ. ഇപ്പോഴത്തെ ജെട്ടിയിൽ 250 മീറ്റർ വരെ നീളമുള്ള ക്രൂസ് ഷിപ്പുകൾക്കാണ് അടുക്കാൻ കഴിയുക. പുതിയ ക്രൂസ് ടെർമിനൽ ജെട്ടിയിൽ 420 മീറ്റർ വരെ നീളമുള്ള ഭീമൻ കപ്പലുകൾക്കു സുഗമമായി നങ്കൂരമിടാം. വളരെ വലിയ കപ്പലുകളും കൂടുതൽ ടൂറിസ്റ്റുകളും എത്തുമെന്നതാണു വലിയ നേട്ടം. 

 

വിജ്ഞാന, 

       നൈപുണ്യ പരിശീലനം 

കൊച്ചി ഷിപ്‌യാഡ് ഗിരിനഗറിലെ 3.5 ഏക്കർ വളപ്പിൽ 27.5 കോടി ചെലവിട്ടു നിർമിച്ച സാഗർ വിജ്ഞാൻ ക്യാംപസിൽ ഷിപ്പിങ്, മറൈൻ എൻജിനീയറിങ് മേഖലയിൽ പരിശീലനം നൽകുന്ന നോളജ് ആൻഡ് സ്കിൽ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടാണ് ആരംഭിക്കുന്നതെന്നു ഷിപ്‌യാഡ് സിഎംഡി മധു എസ്.നായർ പറഞ്ഞു. 27 വർഷമായി ഷിപ്‌യാഡ് ക്യാംപസിൽ പ്രവർത്തിക്കുന്ന മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടർച്ചയായാണു പുതിയ ക്യാംപസ്. 

 തുറമുഖ ജെട്ടി 

        നവീകരണം 

ഫാക്ടിന് അമോണിയ ഇറക്കുമതിക്കായി 1976 ൽ കൊച്ചി തുറമുഖത്തു നിർമിച്ച സൗത്ത് കോൾ ജെട്ടി പുനർനിർമാണത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. പദ്ധതിച്ചെലവ് 20 കോടി രൂപ. 

   ഷിപ്പിങ് മന്ത്രാലയം, പോർട് ട്രസ്റ്റ്, ഫാക്ട് എന്നിവയാണു ചെലവു വഹിക്കുക. രാസവളം ഉൽപാദനം 15 ലക്ഷം ടണ്ണായി ഉയർത്താൻ ലക്ഷ്യമിടുന്ന ഫാക്ടിനെ സംബന്ധിച്ചിടത്തോളം ജെട്ടി പുനർനിർമാണം അത്യാവശ്യം. 

 

 റോ – റോ വെസൽ 

        സമർപ്പണം 

വില്ലിങ്ഡൺ ഐലൻഡിനെയും ബോൾഗാട്ടിയെയും ബന്ധിപ്പിച്ചുള്ള റോ – റോ സർവീസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. 

    ഇതിനുള്ള വെസലുകളുടെ സമർപ്പണമാണു പ്രധാനമന്ത്രി നിർവഹിക്കുക. 

    30 കോടി രൂപ ചെലവിട്ടാണ് ഇവ നിർമിച്ചത്. റോഡിലെ തിരക്കും ഒഴിവാക്കാൻ സഹായിക്കുന്ന റോ – റോ ടൂറിസ്റ്റുകളെയും ആകർഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com