ADVERTISEMENT

കൊച്ചി ∙ ഉയർന്ന നിലവാരത്തിൽ ക്രമേണ പിന്തുണ നഷ്ടപ്പെടുകയായിരുന്ന സ്വർണ വില ഒൻപതു മാസം മുമ്പത്തെ നിലവാരത്തിലേക്കു തിരിച്ചിറങ്ങി. കേരളത്തിലെ വില പവന് (8 ഗ്രാം) 34,720 രൂപയിലേക്കാണു താഴ്ന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 42,000 രൂപ വരെ ഉയർന്നു റെക്കോർഡിട്ട വിലയിലെ ഇതുവരെയുള്ള ഇടിവ് 17 ശതമാനത്തിലേറെയായിരിക്കുന്നു. ഇതിൽ ആറു ശതമാനത്തോളം ഇടിവ് ഈ മാസമുണ്ടായതാണ്. 

ഇക്കഴിഞ്ഞ ഒന്നിനു 36,800 രൂപയിലാണു വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ ഈ മാസത്തെ ഇടിവിനു തുടക്കമിട്ട് വില 36,400ൽ എത്തുകയുണ്ടായി. അഞ്ചാം ദിനം 35,000 രൂപയിലേക്കു വില താഴ്ന്നെങ്കിലും തുടർന്നുള്ള ഏതാനും ദിവസങ്ങളിൽ അതിനു മുകളിൽ നിലയുറപ്പിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച വീണ്ടും വില 35,000 രൂപയിലേക്കു താഴുകയുണ്ടായി. കഴിഞ്ഞ വർഷം മേയ് 17ന് നിലവിലുണ്ടായിരുന്ന നിലവാരത്തിലേക്കാണ് ഇന്നലെ വില താഴ്ന്നത്.

എന്തുകൊണ്ട് വിലയിടിവ്?

രാജ്യാന്തര, ആഭ്യന്തര കാരണങ്ങളാണു വിലയിലെ തുടർച്ചയായ പടിയിറക്കത്തിനു പിന്നിൽ. ആഭ്യന്തര കാരണങ്ങളിൽ പ്രധാനം സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചതാണ്. ഇക്കഴിഞ്ഞ ഒന്നിന്റെ കേന്ദ്ര ബജറ്റിലൂടെയാണു ചുങ്കം കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. വാക്സീൻ പ്രയോഗം മൂലം കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുകയാണെന്ന അനുമാനമാണു രാജ്യാന്തര വിപണിയിലെ വിലയിടിവിനുള്ള കാരണങ്ങളിൽ പ്രധാനം. ഓഹരി വിപണിയിൽ ആഗോളതലത്തിൽത്തന്നെ അനുഭവപ്പെടുന്ന ഉയർന്ന തോതിലുള്ള പ്രസരിപ്പും സ്വർണത്തിന്റെ തിളക്കം നഷ്ടപ്പെടുത്തുന്നു. 

ഇടിഎഫിലേക്ക് പണപ്രവാഹം

അതിനിടെ, സ്വർണം അടിസ്ഥാനമാക്കിയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കു (ഇടിഎഫ്)  നിക്ഷേപം വൻതോതിൽ പ്രവഹിക്കുകയാണ്. ഫണ്ടുകളിലേക്കുള്ള പണപ്രവാഹത്തിൽ മുൻ മാസത്തെക്കാൾ 45% വർധനയാണു കഴിഞ്ഞ മാസമുണ്ടായത്. നിക്ഷേപകർ ജനുവരിയിൽ 625 കോടി രൂപ ഇടിഎഫുകളിൽ മുടക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com