തിരുവനന്തപുരം∙ ടെക്നോപാർക്കിന്റെ 4–ാം ഘട്ടമായ ടെക്നോസിറ്റിയിൽ 1,500 കോടി രൂപ മുതൽമുടക്കിൽ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) നിർമിക്കാൻ പോകുന്ന ഐടി ഹബ് റെക്കോർഡ് സമയത്തിൽ പൂർത്തിയാക്കുമെന്നു ടിസിഎസ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ എൻ.ജി.സുബ്രഹ്മണ്യം. പദ്ധതി കമ്പനിതലത്തിൽ പ്രഖ്യാപിച്ചപ്പോൾ മലയാളികളായ ഐടി ജീവനക്കാരിൽ നിന്നു വലിയ പ്രോത്സാഹനമാണു ലഭിച്ചത്. ധാരാളം പുതിയ ആശയങ്ങളുമായി അവർ മുന്നോട്ടുവന്നു.
മുൻ വ്യോമയാന സെക്രട്ടറിയും ടിസിഎസ് ഉപദേശകനുമായ എം.മാധവൻ നമ്പ്യാരുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ പദ്ധതി വീണ്ടും വൈകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഹബ് സംബന്ധിച്ച ധാരണാപത്രം ടെക്നോപാർക്ക് സിഇഒ പി.എം.ശശിയും ടിസിഎസ് വൈസ് പ്രസിഡന്റ് ദിനേഷ് തമ്പിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ 20,000 പേർക്കു തൊഴിൽ ലഭിക്കുമെന്നാണു പ്രതീക്ഷ. ആദ്യഘട്ടത്തിൽ 5,000 പേർക്കു ജോലി ലഭിക്കും. ആദ്യഘട്ടം 22-28 മാസത്തിനകം പൂർത്തിയാക്കുകയാണു ലക്ഷ്യം. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഐടി സെക്രട്ടറി മുഹമ്മദ് വൈ.സഫിറുല്ല എന്നിവരും പങ്കെടുത്തു.