ADVERTISEMENT

ലാഭത്തിന്റെ കാളക്കൂറ്റൻമാർ കുതിച്ചുപായുന്ന ഓഹരിവിപണിയിൽ നിക്ഷേപകർ എന്തു ചെയ്യണം? കിട്ടിയ ലാഭമെടുത്തു സുരക്ഷിതമായി പിൻമാറണോ? അതോ, ദീർഘകാല ലക്ഷ്യം മനസ്സിൽ വച്ച് ക്ഷമയോടെ കാത്തിരിക്കണോ? 2020 മാർച്ചിൽ നിലംപരിശായിടത്തു നിന്ന് അസാമാന്യമായ കുതിപ്പാണ് ഓഹരിസൂചികകൾ നടത്തിയത്. ക്ഷമയോടെ കാത്തിരിക്കുകയും വിലയിടിഞ്ഞപ്പോൾ ഓഹരികൾ വാങ്ങിക്കൂട്ടുകയും ചെയ്തവർക്ക് മികച്ച നേട്ടം കൊയ്യാനുമായി.

എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ വിപണി മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരുന്നപ്പോൾ ലാഭമെടുത്തു പിൻമാറിയവരുടെ അവസ്ഥയെന്താണ്? ഭാഗ്യവാൻമാർ, ബുദ്ധിമാൻമാർ എന്നൊക്കെയുള്ള പ്രശംസകൾ അവർക്ക് ആ മാസങ്ങളിൽ കിട്ടിയിരിക്കാം. കാരണം അതുപോലുള്ള തകർച്ചയാണല്ലോ പിന്നീടു വിപണിയിലുണ്ടായത്. എന്നാൽ അന്നു ലാഭമെടുത്തു പിൻമാറിയ പലർക്കും പിന്നീട് കൃത്യമായ സമയത്ത് മികച്ച ഓഹരികളിൽ നിക്ഷേപം നടത്താനായില്ലെന്നാണ് നിക്ഷേപകസ്ഥാപനങ്ങൾ നടത്തിയ പഠനങ്ങളിൽ നിന്നു വ്യക്തമാകുന്നത്. കാരണം വിപണി ഇടിഞ്ഞുകൊണ്ടിരിക്കുമ്പോൾ അത് എത്രത്തോളം താഴേക്കു പോകുമെന്ന് ആർക്കും പ്രവചിക്കാനാകില്ല. അതുകൊണ്ടുതന്നെ നിക്ഷേപം നടത്താൻ പലരും അറച്ചുനിൽക്കുകയും ചെയ്യും. മാർച്ചിനു ശേഷം പല ഓഹരികളും കൊയ്ത നേട്ടം അത്തരം നിക്ഷേപകർക്കു ലഭിക്കാതെ പോയി.

‘യൂ കാണ്ട് ടൈം ദ് മാർക്കറ്റ്, സ്പെൻഡ് മോർ ടൈം ഇൻ ദ് മാർക്കറ്റ്’ എന്ന ഓഹരിവിപണിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ വാക്യത്തെ ഓർമിപ്പിച്ചു അത്. ഇപ്പോൾ ഇന്ത്യൻ ഓഹരിവിപണിയിൽ മികച്ച നേട്ടമാണ് പല ഓഹരികളും നിക്ഷേപകർക്കു നൽകിക്കൊണ്ടിരിക്കുന്നത്. അപ്പോൾ എന്തു ചെയ്യണം എന്നതാണു ചോദ്യം.

1. നിങ്ങൾ ഒരു ഹ്രസ്വകാല നിക്ഷേപകനാണെങ്കിൽ‌ 20–25 ശതമാനം ലാഭമുണ്ടാക്കാനായാൽ വിറ്റുമാറുന്നതിനെക്കുറിച്ച് ആലോചിക്കാം. പിന്നീട് ആ ഓഹരികൾ കറക്ഷനിലേക്ക് എത്തുമ്പോൾ വീണ്ടും പ്രവേശിക്കുകയുമാകാം. നിങ്ങൾ വാങ്ങിയ ഓഹരികൾ അപ്രതീക്ഷിത നേട്ടമുണ്ടാക്ക‍ിയെങ്കിൽ മുടക്കുമുതൽ മാത്രമെടുത്ത് ബാക്കി ഓഹരികളെ ദീർഘകാലത്തേക്കു കരുതിവയ്ക്കാം.

2. പോർട്ട്ഫോളിയോയ്ക്കു വൈവിധ്യമില്ലെങ്കിൽ അങ്ങനെയൊന്നു സാധ്യമാക്കാനായി ഓഹരികളിൽ ഒരു ഭാഗം വിറ്റു ലാഭമെടുക്കാം. ഏതെങ്കിലും ഒരു മേഖലയിലെ ഓഹരികളിൽ മാത്രമാണ് നിക്ഷേപമെങ്കിൽ റിസ്ക് സാധ്യത കൂടുതലാണ്. വളർച്ചാസാധ്യതയുള്ള വിവിധ മേഖലകളിലെ മികച്ച ഓഹരികളിൽ നിക്ഷേപിക്കുന്നതിനായി നിലവിലുള്ള ഓഹരികളിൽ നിന്ന് ലാഭമെടുക്കുന്നതിൽ തെറ്റില്ല. അതുപോലെ ഓഹരിവിപണിയിൽ മാത്രമാണ് നിങ്ങളുടെ നിക്ഷേപമെങ്കിൽ കൂടുതൽ സുരക്ഷിതവും സാമ്പ്രദായികവുമായ മേഖലകളിലേക്കു കൂടി അതു വ്യാപിപ്പിക്കാം.

3. കമ്പനിയുടെ പ്രവർത്തനം വിലയിരുത്തുന്നതും പ്രധാനമാണ്. അതു പ്രതീക്ഷയ്ക്കൊത്ത് ഉയരുന്ന‍തല്ലെങ്കിൽ ദീർഘകാല നേട്ടത്തിനായി റിസ്ക് എടുത്തു കാത്ത‍ിരിക്കുന്നതിൽ കാര്യമില്ല. ഒരു ഭാഗം വിറ്റ് ലാഭമെടുക്കാം.

4. ചില മോശം കമ്പനികളുടെ ഓഹരികളും ബുൾ മാർക്കറ്റിൽ വൻ റാലി നടത്തിയേക്കാം. ലാഭം കുതിച്ചുയരുന്നതു കണ്ട് കണ്ണ് മഞ്ഞളിച്ച് കയ്യിലുള്ള ഓഹരികൾ വിറ്റഴിച്ച് അതിനു പുറകേ പോകാതിരിക്കുക. ഗുണനിലവാരമുള്ള കമ്പനികളുടെ ഓഹരികൾ കണ്ടെത്തി മാത്രം നിക്ഷേപിക്കുക.

5. വികാരങ്ങളാവരുത് നിങ്ങളെ നിയന്ത്രിക്കേണ്ടത്. നിങ്ങളുടെ ഫിനാൻഷ്യൽ പ്ലാൻ എന്താണോ അതു കൃത്യമായി നടപ്പാക്കുക. പുറത്തുള്ള ഒച്ചപ്പാടുകൾ കഴിവതും ഒഴിവാക്കുക. അതേസമയം വിപണിയെ ജാഗ്രതയോടെ നിരീക്ഷിക്കുക.

6. ദീർഘകാല ലക്ഷ്യങ്ങൾ നിക്ഷേപത്തിൽ നല്ലതാണ്. പക്ഷേ അതുപോലെ പ്രധാനമാണ് ഉചിതമായ അവസരത്തിൽ ലാഭമെടുക്കുന്നതും. അമിതപ്രതീക്ഷകൾ വച്ചുപുലർത്തി അത്തരം അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com