ഓണക്കിറ്റ്: ശർക്കര വിതരണത്തിൽ വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

palakkad-ration-food-kit
SHARE

കൊച്ചി∙ സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്) മാനേജർക്കു ഗുരുതര വീഴ്ച പറ്റിയെന്ന് സപ്ലൈകോ വിജിലൻസിന്റെ റിപ്പോർട്ട്. മാനേജർക്കെതിരെ  നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ടിൽ പക്ഷേ, ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപന്നങ്ങൾ കോർപറേഷനു നൽകിയ വിതരണക്കാർക്കെതിരായ  നടപടിയെക്കുറിച്ചു പറയുന്നില്ല.  ഓണക്കിറ്റിലേക്കുള്ള ശർക്കര വാങ്ങിയത് സപ്ലൈകോ ഉത്തരവിനു വിരുദ്ധമായാണെന്ന്  വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിപണിവിലയെക്കാൾ ഉയർന്ന നിരക്കിലാണു മോശം ഉൽപന്നങ്ങൾ വാങ്ങിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

ഇതു സംബന്ധിച്ച് എഫ്എംസിജി മാനേജർ നൽകിയ വിശദീകരണം സ്വീകാര്യമല്ല. സീൽ ചെയ്ത ക്വട്ടേഷനുകൾ സ്വീകരിക്കാതിരുന്നത്, കവറിനു പുറത്ത് അവ സംബന്ധിച്ച രേഖപ്പെടുത്തലുകളില്ലാത്തതുകൊണ്ടായിരുന്നു എന്നതാണ് മാനേജർ നൽകിയ വിശദീകരണം. സീൽ ചെയ്ത ക്വട്ടേഷനുകൾ സ്വീകരിക്കാൻ ഒരു തടസ്സവും ഉണ്ടായിരുന്നില്ലെന്നും വിജിലൻസിന്റെ കണ്ടെത്തലിൽ പറയുന്നു. ഉൽപന്നങ്ങൾ വാങ്ങുന്ന നിരക്ക്, വിപണി വിലയുമായി താരതമ്യം ചെയ്യണമെന്ന സപ്ലൈകോ ചട്ടവും സർക്കാർ ഉത്തരവും ലംഘിക്കപ്പെട്ടു. ഹെഡ് ഓഫിസ് മാനേജ്മെന്റ് കമ്മിറ്റിയിൽ (എച്ച്ഒഎംസി) നിരക്കു കൂടുതലാണെന്ന കാര്യം അറിയിച്ചിട്ടില്ല. 

കൂടിയ വിലയ്ക്കു മോശം ശർക്കര വാങ്ങാനുള്ള തീരുമാനം മാനേജർ സ്വന്തം നിലയ്ക്ക് എടുത്തതാണെന്നും ഇതുമൂലം സപ്ലൈക്കോയ്ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. മനോരമയുടെ വാർത്തകളെത്തുടർന്നാണ് ശർക്കര വിവാദത്തിൽ വിജിലൻസ് അന്വേഷണ നടത്താൻ സപ്ലൈകോ തീരുമാനിച്ചത്. സപ്ലൈകോയ്ക്ക്  മോശം ഉൽപന്നങ്ങൾ നൽകിയ വിതരണക്കാർക്ക് എന്തെങ്കിലും  വീഴ്ചയുണ്ടെന്ന പരാമർശം റിപ്പോർട്ടിലില്ല. സപ്ലൈകോയുടെ ചട്ടപ്രകാരം മോശം ഉൽപന്നങ്ങൾ വിതരണം ചെയ്തവരെ കരിമ്പട്ടികയിൽപ്പെടുത്താനും പിഴ ഈടാക്കാനും സാധിക്കുമെന്നിരിക്കെയാണ് ഇൗ ഒഴിവാക്കൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA