ADVERTISEMENT

കൊച്ചി∙ ആഡംബര കാർ വിപണിയിൽ ഇക്കൊല്ലം ഡിമാൻഡ് കുതിക്കുകയാണെങ്കിലും, വിപണനശൃംഖല വലുതാക്കാൻ, പുതിയ ഷോറൂമുകൾക്കു പകരം കമ്പനികൾ സ്വീകരിക്കുന്നതു ഡിജിറ്റൽ മാർഗങ്ങൾ. കോവിഡ് മഹാമാരിയുടെ കാലത്ത് ഷോറൂമുകൾ നേരിട്ട പ്രതിസന്ധി വിലയിരുത്തിയും ഡിജിറ്റൽ വിപണന രീതികൾ അംഗീകരിക്കാൻ ഉപയോക്താക്കൾ തയാറായതു കണക്കിലെടുത്തുമാണ് പ്രീമിയം കാർ നിർമാതാക്കൾ ഈ വഴി സ്വീകരിക്കുന്നത്. അതേസമയം, കൂടുതൽ സ്ഥലങ്ങളിൽ സർവീസ് സൗകര്യങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു.

2020 അവസാന 3 മാസം തന്നെ കോവിഡിനു മുൻപത്തെ സ്ഥിതിയിലേക്കു വിപണി തിരിച്ചെത്തിയിരുന്നു. എന്നാൽ, ആഗോള വിപണിയിൽത്തന്നെ ഡിമാൻഡ് ഉയരുകയും വാഹനഘടകങ്ങൾക്കു ക്ഷാമമുണ്ടാകുകയും ചെയ്തതിനാൽ ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന മോഡലുകൾക്കും വിദേശത്തുനിർമിച്ച് ഇറക്കുമതി ചെയ്യുന്ന മോഡലുകൾക്കും മാസങ്ങൾ നീളുന്ന കാത്തിരിപ്പുകാലമായെന്ന് മെഴ്സിഡീസ് ബെൻസ് ഇന്ത്യ സെയിൽസ്, മാർക്കറ്റിങ് മേധാവി സന്തോഷ് അയ്യർ ‘മനോരമ’യോടു പറഞ്ഞു. ജൂണോടെ ഉൽപാദനം വർധിക്കുമെന്നാണു പ്രതീക്ഷ. ഈ മാസം അവസാനം വിപണിയിലിറക്കുന്ന എ–ക്ലാസ് സെഡാനും അതിന്റെ എഎംജി പെർഫോമൻസ് പതിപ്പിനും ഇപ്പോൾ പ്രതീക്ഷിക്കുന്ന ഡിമാൻഡ് നേരിടാൻ വേണ്ടത്ര അസംബ്ലിങ് കിറ്റുകൾ (വാഹന ഘടകങ്ങൾ) ഉറപ്പാക്കിയിട്ടുണ്ട്. 

ഡിജിറ്റൽ ചാനലുകളിലൂടെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തുകയും ടെസ്റ്റ് ഡ്രൈവ് പോലെയുള്ള സൗകര്യങ്ങൾ നേരിട്ടു നൽകുകയും ചെയ്യുന്ന ‘ഫിജിറ്റൽ’ (ഫിസിക്കൽ+ഡിജിറ്റൽ) രീതിക്കാണ് ഇനി ഊന്നൽ നൽകുക. ഷോറൂമുകളുടെ എണ്ണം കുറയ്ക്കാവുന്നിടത്ത് അതു ചെയ്യും. എന്നാൽ, സർവീസ് കേന്ദ്രങ്ങൾ രാജ്യമാകെ വർധിപ്പിക്കുമെന്നും സന്തോഷ് അയ്യർ പറഞ്ഞു.

‘ഓഗ്‌മെന്റഡ് റിയാലിറ്റി’ ഉപയോഗിച്ച് കാർ ഉപയോക്താവിന്റെ ‘വീട്ടിലെത്തിക്കാൻ’ സൗകര്യമുള്ള ഡിജിറ്റൽ സെയിൽസ് മാർഗമാണ് ഔഡിയുടേതെന്ന് ഔഡി ഇന്ത്യാമേധാവി ബൽബീർസിങ് ധില്ലൻ പറഞ്ഞു. വാഹനം പൂർണമായും കണ്ടു മനസ്സിലാക്കാനും സർവീസ് ചെലവു കണക്കാക്കാനുമൊക്കെ വെബ്‌സൈറ്റിൽ അവസരമുണ്ട്. ഇക്കൊല്ലം 6 രണ്ടക്ക വളർച്ച ലക്ഷ്യമിടുന്ന കമ്പനിക്ക് 20 ശതമാനത്തോളം വിൽപന ഡിജിറ്റൽ അന്വേഷണങ്ങളിൽനിന്നാണ്. ‘വർക്‌ഷോപ് ഫസ്റ്റ്’ തന്ത്രം കൂടുതൽ നഗരങ്ങളിലേക്കു വ്യാപിപ്പിക്കും.

ഉപയോക്താക്കൾ നേരിൽ കണ്ടും യാത്രാനുഭവം പരിശോധിച്ചും മാത്രം വാങ്ങുന്ന സൂപ്പർ ലക്ഷുറി കാറുകളുടെ വിൽപനയിലും കാര്യങ്ങൾ ഒരു പരിധി വരെ ഡിജിറ്റലായെന്ന് ലംബോർഗിനി ഇന്ത്യാമേധാവി ശരദ് അഗർവാൾ പറ‍ഞ്ഞു. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ മാത്രം ഷോറൂമുകളുള്ള ലംബോർഗിനി കേരളത്തിലടക്കം കാർ വിൽക്കുന്നത് അങ്ങനെയാണ്. കമ്പനി അത്യാഡംബര എസ്‌യുവി ഉറൂസ് ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് അടുത്ത വർഷമേ കിട്ടൂ.

-- ആഡംബര വിപണി വളരുകയാണ്. മെഴ്സിഡീസ് ഇക്കൊല്ലം 15 മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തിക്കും.

സന്തോഷ് അയ്യർ,  വൈസ് പ്രസിഡന്റ്, മെഴ്സിഡീസ് ഇന്ത്യ

-- ഇക്കൊല്ലം വലിയ പ്രതീക്ഷ. വൈദ്യുത കാർ അടക്കം പുതിയ മോഡലുകളെത്തിക്കും.

ബൽബീർസിങ് ധില്ലൻ, ഔഡി ഇന്ത്യാമേധാവി

-- അത്യാഡംബര വിപണി ഉണർന്നു, 3.15 കോടി രൂപ മുതൽ ഷോറൂം വിലയുള്ള ഉറൂസ് കേരളത്തിലടക്കം വിൽക്കാനാകുന്നു.

ശരദ് അഗർവാൾ, ലംബോർഗിനി ഇന്ത്യാ മേധാവി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com