ADVERTISEMENT

തിരുവനന്തപുരം∙ മണ്ണന്തലയിലെ വീട്ടിലിരുന്നു കൊണ്ടു കലിഫോർണിയയിലുള്ള ബന്ധുവിന്റെ സ്വീകരണമുറിയിൽ വെർച്വലായി പ്രത്യക്ഷപ്പെട്ട് ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിക്കാൻ കഴിഞ്ഞാലോ? കേട്ടാൽ അദ്ഭുതമെന്നു തോന്നുന്ന മൈക്രോസോഫ്റ്റ് 'ഹോളോപോർട്ടേഷൻ' സാങ്കേതികവിദ്യയ്ക്ക് നേതൃത്വം നൽകുന്നത് മലയാളിയും ഹോളോലെൻസ് ആൻഡ് കംപ്യൂട്ടർ സർവീസസ് ഡയറക്ടറുമായ സൈമൺ സ്കറിയയാണ്.ഹോളോപോർ‌ട്ടേഷൻ സാങ്കേതികവിദ്യയായ 'മെഷ്' (Mesh) രണ്ടാഴ്ച മുൻപ് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പുറത്തിറക്കി. വിഡിയോ കോൺഫറൻസുകളിൽ വിപ്ലവകരമായ മാറ്റമാണു മെഷ് കൊണ്ടുവരികയെന്നാണു സാങ്കേതിക ലോകത്തിന്റെ വിലയിരുത്തൽ. യഥാർഥ കാഴ്ചയിലേക്കു കൃത്രിമമായി സൃഷ്ടിച്ചെടുത്ത മറ്റൊരു കാഴ്ചയോ വസ്തുവോ സന്നിവേശിപ്പിക്കുന്ന മിക്സ്ഡ് റിയാലിറ്റി സാങ്കേതികവിദ്യയാണ് 'മെഷി'ന്റെ അടിസ്ഥാനം. എറണാകുളം പിറവത്തിനടുത്തു മണീട് സ്വദേശിയാണ് സൈമൺ സ്കറിയ.

സൈമൺ സ്കറിയ

എങ്ങനെ?

3 രാജ്യങ്ങളിലിരുന്നു 3 പേർ ഒരു മീറ്റിങ്ങിൽ പങ്കെടുക്കുന്നുവെന്നു കരുതുക. മൂവരും മിക്സ്ഡ് റിയാലിറ്റി അനുഭവേദ്യമാകുന്ന ഹോളോലെൻസ് കണ്ണട ധരിക്കും. ഇതോടെ ഓരോരുത്തർക്കും മറ്റു 2 പേരുടെ രൂപം ത്രിമാന കാർട്ടൂൺ രൂപത്തിൽ (അവതാർ) കൺമുൻപിൽ പ്രത്യക്ഷമാകും. അതിലൊരു വ്യക്തി കയ്യുയർത്തിയാൽ അവതാറും കയ്യുയർത്തും. ശബ്ദം പോലും അവർ പ്രത്യക്ഷപ്പെടുന്ന വശത്തു നിന്നു വരുന്ന തരത്തിലായിരിക്കും അനുഭവവേദ്യമാകുക. ഹോളോലെൻസിലെയും ഫോണിലെയും സെൻസറുകൾ വഴിയാണ് അനക്കം തിരിച്ചറിയുന്നത്. മൈക്രോസോഫ്റ്റ് ടീംസ് പ്ലാറ്റ്ഫോമിലും ഈ സേവനം ലഭ്യമായിത്തുടങ്ങും.

സാധ്യതകൾ 

സമയം, ദൂരം എന്നിവയുടെ പരിമിതികൾ ഇതോടെയില്ലാതാകും. മാതാപിതാക്കളുടെ വിവാഹവാർഷികത്തിനു വിദേശത്തുള്ള മക്കൾക്കു നാട്ടിലെത്താതെ തന്നെ വെർച്വലായി പങ്കെടുക്കാം. ഓട്ടമൊബീൽ കമ്പനിക്ക് അവരുടെ പുതിയ കാറിന്റെ ഡിസൈൻ വിവിധ രാജ്യങ്ങളിലെ ടീം അംഗങ്ങൾക്കിടയിൽ എളുപ്പത്തിൽ ചർച്ച ചെയ്യാം.ഫാക്ടറിയിൽ യന്ത്രത്തകരാറുണ്ടായാൽ വെർച്വലായി ടെക്നിഷ്യന് അവിടെയെത്തി കാര്യങ്ങൾ മനസ്സിലാക്കാനും പറഞ്ഞുകൊടുക്കാനും കഴിയും. ഈ വർഷം തന്നെ വലിയ സംഗീതപരിപാടികളിൽ വരെ ഹോളോപോർട്ടേഷൻ വഴി കലാകാരന്മാരെ വെർച്വലായി എത്തിക്കാൻ പദ്ധതിയുണ്ടെന്നു സൈമൺ സ്കറിയ 'മനോരമ'യോടു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com