ADVERTISEMENT

കൊച്ചി ∙ ബാങ്ക് നിക്ഷേപം ഉൾപ്പെടെയുള്ളവയുടെ പലിശ നിരക്കുകൾ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയതു പലരുടെയും വരുമാന മാർഗത്തെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നതെന്നിരിക്കെ തമ്മിൽ ഭേദം എന്നു പറയാവുന്ന നിക്ഷേപമാർഗങ്ങളിലൊന്നായ എൻസിഡികൾക്കു പ്രിയം ഏറുന്നു. 

∙ എന്താണ് എൻസിഡി?

‘നോൺ കൺവേർട്ടിബ്‌ൾ ഡിബഞ്ചറുകൾ’ക്കാണ് ‘എൻസിഡി’ എന്ന ചുരുക്കപ്പേരുള്ളത്. കമ്പനികളും ധനസ്‌ഥാപനങ്ങളും മറ്റും പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളാണ് ഇവ. ‘ഡിബഞ്ചർ’ എന്നാൽ കടപ്പത്രം. ഇത്തരം കടപ്പത്രങ്ങൾ ഓഹരികളാക്കി മാറ്റുന്നവയല്ലെന്നു വ്യക്‌തമാക്കാനാണു ‘നോൺ കൺവേർട്ടിബ്‌ൾ’ എന്ന വിശേഷണം. നിക്ഷേപത്തുക പൂർണമായോ ഭാഗികമായോ ഓഹരികളാക്കി മാറ്റാവുന്ന കടപ്പത്രങ്ങളുമുണ്ട്. അതിനാലാണു ‘നോൺ കൺവേർട്ടിബ്‌ൾ’ എന്ന് എടുത്തുപറയുന്നത്.

മൂലധന സമാഹരണം ലക്ഷ്യമിട്ടാണു കമ്പനികളും ധനസ്ഥാപനങ്ങളും എൻസിഡികൾ പുറപ്പെടുവിക്കുന്നത്. നിക്ഷേപകരിൽനിന്ന് ഇവ തുക കൈപ്പറ്റുന്നതു കടം എന്ന നിലയിലായതിനാലാണു കടപ്പത്രം എന്ന വിശേഷണം. തുക കൈപ്പറ്റിയതിനുള്ള തെളിവ് എന്ന നിലയിലും മുതലും പലിശയും തിരികെ നൽകുന്നതാണ് എന്നതിനുള്ള ഉറപ്പ് എന്ന നിലയിലും അനുവദിക്കുന്ന രേഖയാണ് എൻസിഡി സർട്ടിഫിക്കറ്റ്. 

എൻസിഡി സർട്ടിഫിക്കറ്റ് കടലാസ് രൂപത്തിൽ ലഭിക്കുമെങ്കിലും അതിനു പകരം ഡീമാറ്റ് സർട്ടിഫിക്കറ്റുകൾ അനുവദിക്കാനാണ് ഇപ്പോൾ കമ്പനികൾക്കു പൊതുവേ താൽപര്യം.  അതായത്, ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ നിക്ഷേപകന്റെ അക്കൗണ്ടിൽ സർട്ടിഫിക്കറ്റ് വരവുവയ്‌ക്കപ്പെടുന്നു. നിക്ഷേപകർക്കും ഇതാണു സൗകര്യം. സർട്ടിഫിക്കറ്റ് നഷ്ടപ്പെടുന്ന പ്രശ്നമില്ലല്ലോ.

∙ സുരക്ഷിതം, അരക്ഷിതം

എൻസിഡികൾ സെക്വേർഡ്, നോൺ സെക്വേർഡ് എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. സെക്വേർഡ് എൻസിഡികൾ സുരക്ഷിതമാണെന്നു പേരുകൊണ്ടുതന്നെ വ്യക്‌തമാകുന്നു. എന്നാൽ നോൺ സെക്വേർഡ് എൻസിഡിയിൽ പണം നിക്ഷേപിച്ചാൽ കമ്പനി  സാമ്പത്തിക പ്രതിസന്ധിയിലായാൽ മുതലും പലിശയും കിട്ടാതായേക്കും.

∙ പലിശ നിരക്ക്

പല കമ്പനികളും പല നിരക്കിലാണ് എൻസിഡികൾക്കുള്ള പലിശ വാഗ്‌ദാനം ചെയ്യുന്നത്. എങ്കിലും മറ്റ് ഏതു നിക്ഷേപമാർഗവും നൽകുന്ന പലിശ നിരക്കിനെക്കാൾ കൂടിയ നിരക്കാണു പൊതുവേ എൻസിഡികൾ വാഗ്ദാനം ചെയ്യുന്നത്. വളരെ വലിയ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്ന കമ്പനികളുണ്ട്. എന്നാൽ അവ അത്ര സുരക്ഷിതമായിരിക്കില്ലെന്ന് ഓർക്കുക. സെക്വേർഡ് എൻസിഡികൾക്കു പലിശ താരതമ്യേന കുറവായിരിക്കും. 

പലിശയുടെ നിരക്ക് എന്നപോലെ നിക്ഷേപത്തുകയുടെ കുറഞ്ഞ പരിധി, കാലയളവ് എന്നിവയും അതതു കമ്പനികൾ തീരുമാനിക്കുന്നതാണ്. മാസം തോറുമോ മൂന്നു മാസത്തിലൊരിക്കലോ വാർഷികാടിസ്‌ഥാനത്തിലോ കാലാവധി പൂർത്തിയാകുമ്പോഴോ പലിശ വേണ്ടത് എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം പൊതുവേ നിക്ഷേപകനുണ്ടായിരിക്കും. മുതിർന്ന പൗരന്മാർക്കു പൊതുവേ കൂടിയ നിരക്കിൽ പലിശ നൽകാറുണ്ട്.

∙ വിശ്വാസ്യതയാണു പ്രധാനം

എൻസിഡികൾ തിരഞ്ഞെടുക്കുന്നതിന് ആധാരം പലിശ നിരക്കു മാത്രമായിരിക്കരുത് എന്നു മനസ്സിലാക്കിയിരിക്കണം. കമ്പനിയുടെ വിശ്വാസ്യത, പ്രവർത്തന പാരമ്പര്യം, സാമ്പത്തിക ബാധ്യതകൾ, മൂലധന പര്യാപ്‌തത തുടങ്ങിയവയൊക്കെ വിലയിരുത്തിയ ശേഷമേ എൻസിഡിയിൽ പണം നിക്ഷേപിക്കാവൂ. ഇക്കാര്യത്തിൽ വിദഗ്ധരുടെ സേവനം തേടുന്നതാണു നല്ലത്.

നിക്ഷേപ പദ്ധതിക്കു വിവിധ ഏജൻസികൾ നൽകിയിട്ടുള്ള ‘റേറ്റിങ്’  വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഉയർന്ന സുരക്ഷിതത്വം സൂചിപ്പിക്കുന്ന ‘ട്രിപ്പിൾ എ’ റേറ്റിങ്ങാണ് ഏറ്റവും അഭികാമ്യം. ‘ഡബിൾ എ’ റേറ്റിങ് പോലുമില്ലെങ്കിൽ നിക്ഷേപം ഒഴിവാക്കുന്നതാണ് ഉചിതം. കമ്പനി നിക്ഷേപം സ്വീകരിക്കുന്നത് എന്ത് ആവശ്യത്തിനെന്നും വിനിയോഗം എങ്ങനെയെന്നും ബോധ്യപ്പെടുകയും വേണം. 

∙ ക്രയവിക്രയത്തിനു സൗകര്യം

കാലാവധിക്കു  മുമ്പു നിക്ഷേപം പിൻവലിക്കാൻ സാധാരണഗതിയിൽ സാധ്യമല്ല. എന്നാൽ ഓഹരികളെന്നപോലെ വിപണിയിൽ ക്രയവിക്രയം ചെയ്യാവുന്നവയാണ് എൻസിഡികളും. ഇതു സംബന്ധിച്ച സേവനങ്ങൾ നൽകുന്നതു ബ്രോക്കിങ് കമ്പനികളാണ്. എൻസിഡികളിൽനിന്നുള്ള പലിശ വരുമാനം നിശ്ചിത നിരക്കിലുള്ള ആദായ നികുതിക്കു വിധേയമാണ്. വിൽപനയ്‌ക്കു  ഹ്രസ്വകാല / ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതി ബാധകം.  

Content Highlights: Non Convertible Debentures (NCD): Features

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com