ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്തു സ്വർണവില പവന് 33,000 രൂപയ്ക്കു താഴെയെത്തി. ഇന്നലെ പവന് 200 രൂപ കുറഞ്ഞതോടെ വില 32,880 രൂപയായി. ഗ്രാമിന് 4110 രൂപയാണ് ഇന്നലത്തെ വില. രാജ്യാന്തര വിപണിയിൽ ഡിമാൻഡ് കുറയുന്നതാണു കേരളത്തിലും പ്രതിഫലിക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളിവിലയും കുറയുന്നുണ്ട്. വില കുറയുന്നതിനാൽ വിപണികളിലും തിരക്കേറി.

7 മാസം, 9120 രൂപ

കഴിഞ്ഞ ഓഗസ്റ്റിൽ പവന് 42,000 രൂപ വരെ സ്വർണവില ഉയർന്നിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നു വിപണികൾ നിശ്ചലമാകുകയും സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയും ചെയ്തതോടെയാണ് സ്വർണവില കുതിച്ചുയർന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട കോർപറേറ്റുകൾ അടക്കമുള്ള നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയതായിരുന്നു സ്വർണവില റെക്കോർഡുകൾ തകർത്തു കുതിക്കാൻ കാരണമായത്. എന്നാൽ ഓഗസ്റ്റിനു ശേഷം സ്വർണവിലയിൽ കാര്യമായ ഇടിവുണ്ടായി. ഓഹരി വിപണികൾ കരുത്താർജിച്ചതും സാമ്പത്തിക മേഖല ക്രമേണ ഉണർന്നതും സ്വർണം വിൽക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. 7 മാസം കൊണ്ട് ഇതുവരെ 9120 രൂപയാണ് ഒരു പവൻ സ്വർ‌ണത്തിൽ കുറഞ്ഞത്. ഗ്രാമിന് 1090 രൂപയും കുറഞ്ഞു. മാർച്ചിൽ മാത്രം പവന് 1560 രൂപ കുറഞ്ഞു.

 

 

കരുത്തൻ ഡോളർ

ഡോളർ ശക്തമാകുന്നതാണ് സ്വർണത്തിൽ-നിന്നു ചുവടുമാറാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അടുത്ത ഉത്തേജന പാക്കേജ് ഡോളറിന്റെ കരുത്ത് വീണ്ടും കൂട്ടുമെന്ന പ്രതീക്ഷയും വിപണിയിലുണ്ട്. അമേരിക്കയുടെ ട്രഷറി വരുമാനത്തിലുണ്ടായ വർധനയും സ്വർണവില കുറയാൻ കാരണമായി. കോവിഡ് വാക്സീൻ വിപണിക്കു നൽകുന്ന പ്രതീക്ഷകളും ചെറുതല്ല. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം) വില 1680 നിലവാരത്തിലാണ്. 2080 ഡോളർ വരെ കഴിഞ്ഞ വർഷം വില ഉയർന്നിരുന്നു. അതേസമയം കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്രാപിച്ചാൽ സ്വർണവില ഇനിയും കൂടാനുള്ള സാധ്യതകളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com