ADVERTISEMENT

കൊച്ചി ∙ മ്യാൻമറിലെ തെരുവുകളിൽ സൈന്യം വെടിയുതിർക്കുമ്പോൾ തീയാളുന്നതു ദക്ഷിണേന്ത്യയിലെ അടുക്കളകളിൽ. ഇഡ്ഡലി, ദോശ, വട, പപ്പടം എന്നിവയ്ക്കാവശ്യമായ ഉഴുന്നുപരിപ്പിന് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന മ്യാൻമറിൽനിന്നുള്ള ഇറക്കുമതി പൂർണമായും നിലച്ചിരിക്കുന്നു. തടസ്സം നീണ്ടുനിന്നാൽ ഇപ്പോൾത്തന്നെ ഉയർന്ന നിലവാരത്തിലെത്തിയിട്ടുള്ള വില വീണ്ടും വർധിക്കും. പാചകവാതകത്തിന്റെ വിലവർധനയിൽ വ്യാകുലപ്പെടുന്ന വീട്ടമ്മമാർക്ക് ഇതു മറ്റൊരാഘാതമാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ഹോട്ടലുകൾക്കും പ്രയാസമേറും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചരക്കുനീക്കത്തിലുണ്ടായ താമസവും മറ്റും മൂലം ഉഴുന്നിന്റെ വില ഏതാനും മാസം മുമ്പുതന്നെ കിലോ ഗ്രാമിനു 100 രൂപയ്ക്കു മുകളിലെത്തി. മധ്യ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഉൽപാദക സംസ്ഥാനങ്ങളിലെ വിളവെടുപ്പു മോശമായതോടെ വില പിന്നെയും വർധിച്ചുവരികയായിരുന്നു. കുറഞ്ഞതു 130 രൂപ മുതൽ പല വില നിലവാരത്തിലാണ് ഇപ്പോൾ വിൽപന. മ്യാൻമർ സംഘർഷം മൂലം വില ഇനിയും ഉയരുമെന്നാണ് ഇറക്കുമതി വ്യാപാരികളിൽനിന്നുള്ള സൂചന.

വിലക്കയറ്റത്തിന്റെ പേരിൽ ഇഡ്ഡലി, ദോശ, വട തുടങ്ങിയവയുടെ വില വർധിപ്പിക്കാനാവാത്ത ധർമസങ്കടത്തിലാണു ഹോട്ടൽ ഉടമകൾ. വിറ്റുവരവു പഴയ തോതിലായിട്ടില്ലെന്നിരിക്കെ വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാണ് അവരുടെ ശ്രമം.

ഇന്ത്യ കഴിഞ്ഞാൽ ഉഴുന്നിന്റെ ഏറ്റവും വലിയ ഉൽപാദകർ മ്യാൻമറാണ്. ഉഴുന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യവും മ്യാൻമർ തന്നെ. സംഘർഷാവസ്ഥ കാരണം അവിടെ കയറ്റുമതിക്കായി ഉൽപന്നം തുറമുഖത്തേക്ക് എത്തുന്നില്ല. സംഘർഷം കണക്കിലെടുത്തു കപ്പലുകൾ മ്യാൻമറിൽ അടുക്കുന്നുമില്ല.

വർഷം 30 ലക്ഷത്തിലേറെ ടൺ ഉഴുന്ന് ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. കടലയും തുവരയും കഴിഞ്ഞാൽ ഇവിടെ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉഴുന്നിനാണ്. ഇവിടത്തെ ഉൽപാദനമാകട്ടെ 24 ലക്ഷം ടണ്ണിലൊതുങ്ങുന്നു. അതിനാലാണു മ്യാൻമറിനെ ആശ്രയിക്കുന്നത്. ഇന്നലെ അവസാനിച്ച സാമ്പത്തിക വർഷം അവിടെനിന്നു ലഭിക്കേണ്ടിയിരുന്ന ചരക്കുതന്നെ പൂർണമായി എത്തിച്ചേർന്നിട്ടില്ല. 50,000 ടൺ അവിടെ തുറമുഖത്തു കെട്ടിക്കിടപ്പാണ്. അതിനിടെ, ഇന്ന് ആരംഭിക്കുന്ന സാമ്പത്തിക വർഷം മൊത്തം 4,00,000 ടൺ മ്യാൻമറിൽനിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ വ്യാപാരികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ അടുത്ത വിളവെടുപ്പിനു സെപ്റ്റംബർ വരെ കാത്തിരിക്കണം. അതുവരെ ഉഴുന്നിന്റെ വിലയിൽ കുറവിനു സാധ്യതയില്ലെന്നാണു വിപണിയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com