ADVERTISEMENT

ന്യൂഡൽഹി ∙ റിസർവ് ബാങ്കിന്റെ ധനനയ സമിതി (എംപിസി) പലിശ നിരക്കുകൾ സംബന്ധിച്ച് ഈ സാമ്പത്തിക വർഷത്തെ ആദ്യ പ്രഖ്യാപനം ഇന്നു നടത്തും. കോവിഡ് വീണ്ടും പല സംസ്ഥാനങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, പലിശ നിരക്കുകളിൽ മാറ്റം വരുത്തില്ലെന്നാണു സൂചന. സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനെന്നോണം പണ ലഭ്യത വർധിപ്പിക്കാനുള്ള നടപടികൾ തുടരുമെന്നാണ് പലിശ നിരക്കുകൾ മാറ്റേണ്ടതില്ലെന്നുമാണ് കഴിഞ്ഞ ഫെബ്രുവരിയിൽ സമിതി തീരുമാനിച്ചത്.

ഈ സമീപനം മാറ്റാൻ തക്കതല്ല സാഹചര്യമെന്നാണു വിലയിരുത്തൽ. നിലവിലെ നിരക്കുകൾ ഇങ്ങനെ: ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പണത്തിന്റെ പലിശ നിരക്കായ റീപ്പോ 4%, ബാങ്കുകളിൽനിന്ന് റിസർവ് ബാങ്ക് സ്വീകരിക്കുന്ന മിച്ചപണത്തിന്റെ പലിശയായ റിവേഴ്സ് റീപ്പോ  3.25%. സാമ്പത്തിക വർഷം 10.5% വളർച്ചയെന്നാണ് എംപിസി കഴിഞ്ഞ തവണ വിലയിരുത്തിയത്. വാക്സീൻ ലഭ്യത ഉൾപ്പെടെയുള്ള അനുകൂല ഘടകങ്ങൾ സമിതി കണക്കിലെടുത്തു. എന്നാൽ, വാക്സീൻ വിതരണം വ്യാപിച്ചശേഷവും കോവിഡ് കാരണം പ്രാദേശിക ലോക്ഡൗണും രാത്രികാല കർഫ്യൂവും പലയിടത്തും വേണ്ടിവരുന്നത് വിപണിയെ കാര്യമായി ബാധിക്കുന്ന സ്ഥിതിയാണ്.

അതിഥിത്തൊഴിലാളികൾ നാട്ടിലേക്കു മടങ്ങുന്ന സാഹചര്യം പലയിടത്തുമുണ്ട്. സാധാരണ സ്ഥിതിയിലേക്കു മാറിത്തുടങ്ങിയ വിതരണശൃംഖല വീണ്ടും പ്രശ്നത്തിലായത് ഓട്ടമൊബീൽ മേഖലയെ ഉൾപ്പെടെ ബാധിക്കുന്നു.  വലിയ തോതിലുള്ള ലോക്ഡൗൺ എന്നതിന് ഇനി പ്രായോഗികമല്ലെന്ന് പൊതുവിൽ വിലയിരുത്തലുണ്ട്. എന്നാൽ, കോവിഡ് വ്യാപനം നിയന്ത്രിക്കുകയും വേണം. അത്തരമൊരു സാഹചര്യത്തിൽ വിപണിക്ക് കൈത്താങ്ങു നൽകാൻ തക്കതായ എന്തു പ്രഖ്യാപനങ്ങൾ സമിതിയിൽനിന്നുണ്ടാവുമെന്നാണ് കാണേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com