ADVERTISEMENT

കൊച്ചി ∙ കോവിഡ് വ്യാപനത്തെ തുടർന്ന് ആഗോള വാണിജ്യ, വ്യവസായ മേഖല കഴിഞ്ഞ സാമ്പത്തിക വർഷം നേരിട്ട കനത്ത തിരിച്ചടിയുടെ വേലിയേറ്റം ഇന്ത്യയുടെ തുറമുഖ മേഖലയിലും. കോവിഡിനു മുൻപു ക്രമാനുഗത വളർച്ച നേടുകയായിരുന്ന മേജർ തുറമുഖങ്ങൾ പോയ വർഷം നേരിട്ടതു തളർച്ച. ചരക്കു കൈകാര്യ നിരക്കിലുണ്ടായതു 4.59 % ഇടിവ്. 2020 – 21 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ 12 മേജർ തുറമുഖങ്ങൾ മൊത്തം കൈകാര്യം ചെയ്തതു 672.60 മില്യൻ ടൺ ചരക്ക്. പാരദ്വീപ്, ഗോവ തുറമുഖങ്ങൾ മാത്രമാണു മുൻ വർഷത്തെക്കാൾ വളർച്ച നേടിയത്. പെട്രോളിയം പോലുള്ള ബൾക്ക് ചരക്കു കൈകാര്യത്തിൽ തിരിച്ചടി നേരിട്ടുവെങ്കിലും കണ്ടെയ്നർ നീക്കത്തിലുണ്ടായ വർധന കൊച്ചി തുറമുഖത്തിനു നേട്ടമായി. 

തളർച്ച, കുതിപ്പിനു ശേഷം

സമീപ കാലത്തെ ഏറ്റവും വലിയ തിരിച്ചടിയാണു തുറമുഖ മേഖല നേരിട്ടത്. കോവിഡിനു മുൻപുള്ള 3 സാമ്പത്തിക വർഷങ്ങളിലും മേജർ തുറമുഖങ്ങൾ ചരക്കു കൈകാര്യത്തിൽ ഗണ്യമായ പുരോഗതിയാണു നേടിക്കൊണ്ടിരുന്നത്. 2017 – 18ൽ 679 മില്യൻ ടൺ ചരക്കാണു കൈകാര്യം ചെയ്തത്. 2018 – 19ൽ 699 മില്യൻ ടണ്ണായി ഉയർന്നു. 2019 – 20 ൽ 705 മില്യൻ ടൺ. അപ്പോഴേക്കും ലോകത്തെ കോവിഡ് ഗ്രസിച്ചു കഴിഞ്ഞിരുന്നു. രാജ്യത്തെ ചരക്കുനീക്കത്തിന്റെ 60 % ത്തിലേറെ കൈകാര്യം ചെയ്യുന്നതു മേജർ തുറമുഖങ്ങളാണ്. 

കൊച്ചിക്കു തുണ കണ്ടെയ്നർ വർധന 

31.50 മില്യൻ ടൺ ചരക്കാണു കൊച്ചി കൈകാര്യം ചെയ്തത്. മുൻ വർഷത്തെക്കാൾ 7.45 % ഇടിവ്. എന്നാൽ, കരുത്തോടെ തിരിച്ചുവരാൻ സഹായിച്ചതു വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലൂടെയുള്ള കണ്ടെയ്നർ കൈകാര്യത്തിലെ വർധന. പെട്രോളിയം ഉൾപ്പെടെയുള്ള ബൾക്ക് ഇനങ്ങളിൽ 16.56 % ഇടിവുണ്ടായെങ്കിലും കണ്ടെയ്നറുകളിൽ 11.23 % വർ‍ധന നേട്ടമായി. 6.90 ലക്ഷം ടിഇയു കണ്ടെയ്നറുകളാണു കഴിഞ്ഞ സാമ്പത്തിക വർഷം വല്ലാർപാടം ടെർമിനൽ കൈകാര്യം ചെയ്തത്. 

കോവിഡ് അതിരൂക്ഷമാകുകയും സംസ്ഥാനാന്തര റോഡ്, റെയിൽ, വിമാന മാർഗമുള്ള ചരക്കു നീക്കം ഏറെക്കുറെ പൂർണമായും സ്തംഭിച്ച ലോക്ഡൗൺ കാലത്തു കൊച്ചി ഉൾപ്പെടെയുള്ള തുറമുഖങ്ങൾ വഴിയാണു മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും വിവിധ നാടുകളിലേക്കു നീങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com