ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിന് എതിരെ പ്രമുഖ കമ്പനികളുടെ സിഇഒമാർ. രാജ്യത്തിന്റെ വ്യവസായ, വാണിജ്യ കേന്ദ്രമായ മഹാരാഷ്ട്ര ലോക്‌ഡൗണിലേക്ക് പോകുന്നു എന്ന സൂചനകൾക്കിടെയാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നടത്തിയ അഭിപ്രായ സർവേയിൽ 710 സിഇഒമാരുടെ പ്രതികരണം.കർഫ്യു, മൈക്രോ കണ്ടെയ്ൻമെന്റ് നിയന്ത്രണം, കോവിഡ് പ്രതിരോധ പെരുമാറ്റശൈലി എന്നിവയിലൂടെ രോഗ നിയന്ത്രണം സാധ്യമാകും എന്നാണ് ഭൂരിഭാഗം സിഇഒമാരും കരുതുന്നത്. 

 

രാജ്യവ്യാപക ലോക്‌ഡൗൺ വന്നേക്കും എന്ന ആശങ്കയിൽ പല കമ്പനികളും അസംസ്കൃത വസ്തുക്കൾ കൂടുതൽ ശേഖരിക്കുകയാണെന്നു വെളിപ്പെടുത്തി. കൂടുതൽ സഞ്ചാര നിയന്ത്രണം ഉണ്ടായാൽ ജീവനക്കാരെ ഫാക്ടറികളിൽ തന്നെ താമസിപ്പിക്കുന്നതിനുള്ള തീരുമാനത്തിലാണ് 31% കമ്പനികൾ. ഭാഗിക ലോക്ഡൗൺ തൊഴിലാളികളുടെയും ഉൽപന്നങ്ങളുടെയും നീക്കത്തിനു തടസ്സമാകും. ഇത് വ്യാവസായിക ഉൽപാദനത്തെ ബാധിക്കും. വ്യവസായ ശാലകളിൽ ഷിഫ്റ്റിൽ ജോലിചെയ്യുന്ന ജീവനക്കാരെ രാത്രി കർഫ്യു വേളയിൽ സഞ്ചരിക്കാൻ അനുവദിക്കണം. ചരക്കു നീക്കത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകരുത്. ചരക്കുനീക്കം തടസ്സപ്പെട്ടാൽ 50% ഉൽപാദന നഷ്ടമുണ്ടാകും എന്നാണ് ആശങ്ക. 

 

ഉൽപാദന, സേവന മേഖലകളിലെ കമ്പനികളുടെ സിഇഒമാരാണ് അഭിപ്രായ സർവേയിൽ പങ്കെടുത്തത്. ഇവരിൽ 68% എംഎസ്എംഇ സംരംഭങ്ങളുടെ പ്രതിനിധികളായിരുന്നു. 18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ നൽകുന്നതിലും കർശന ആരോഗ്യ, സുരക്ഷാ ചട്ടങ്ങൾ നടപ്പാക്കുന്നതിലും വ്യവസായ ലോകം സർക്കാരിനൊപ്പം നിലകൊള്ളുമെന്നു സിഐഐ നിയുക്ത പ്രസിഡന്റും ടാറ്റ സ്റ്റീൽ എംഡിയുമായ ടി.വി. നരേന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com