ADVERTISEMENT

കൊച്ചി∙ കെട്ടിട നിർമാണ ഉൽപന്നങ്ങളുടെ വില വർധനയിൽ നട്ടം തിരിഞ്ഞ് ജനം. വില വർധനയ്ക്കൊപ്പം സിമന്റ് കമ്പനികൾ നൽകിയിരുന്ന ഡിസ്കൗണ്ടുകൾ പൂർണമായി നിർത്തിയതോടെ ഉപയോക്താക്കൾ ഫലത്തിൽ കഴിഞ്ഞ മാസത്തെക്കാൾ 100 രൂപയോളം ഒരു ചാക്ക് സിമന്റിന് അധികം നൽകണം. ചാക്ക് ഒന്നിന് 15 രൂപയാണു കഴിഞ്ഞ ഒന്നിനു കൂട്ടിയത്. കഴിഞ്ഞ മാസം വരെ ചാക്കിന് 70 രൂപ വരെ കമ്പനികൾ ഡിസ്കൗണ്ട് നൽകിയിരുന്നു. എ ഗ്രേഡ് സിമന്റിന് ചാക്ക് ഒന്നിന് ഏകദേശം 480 രൂപ ഇപ്പോൾ നൽകണം. കമ്പിക്കും മറ്റു നിർമാണ സാമഗ്രികൾക്കും വില കുത്തനെ കൂടി.

ഒട്ടും വളയാതെ കമ്പിവില

എല്ലാ വിഭാഗത്തിലുമുള്ള ഇരുമ്പ്, സ്റ്റീൽ ഉൽപന്നങ്ങൾക്കും കഴിഞ്ഞ മാസങ്ങളിൽ വലിയ വിലക്കയറ്റമുണ്ടായി. ഈ മാസം മാത്രം 3.5 രൂപ മുതൽ 7 രൂപ വരെയാണ് കിലോഗ്രാമിന് വർധന. കഴിഞ്ഞ ഒക്ടോബറിൽ 38.50 (ജിഎസ്ടി കൂടാതെ) രൂപയായിരുന്ന ടിഎംടി സ്റ്റീൽ വില ഇപ്പോൾ നികുതിയില്ലാതെ 52 രൂപയായി. വിവിധ തരം സ്റ്റീൽ കമ്പികളുടെ വിലയിൽ കഴിഞ്ഞ ഒരു വർഷത്തിൽ 30 ശതമാനത്തിനു മുകളിൽ വർധനയുണ്ടായെന്ന് ഓൾ കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ പറഞ്ഞു.

ഡിസ്കൗണ്ട് കുറഞ്ഞു സിമന്റ് വില ഉയർന്നു

ഈമാസം ഒന്നിനാണ് സിമന്റ് കമ്പനികൾ വില വർധിപ്പിച്ചത്. എ ഗ്രേഡ് സിമന്റിന്റെ ബില്ലിങ് വില (കമ്പനി ഡീലർക്കു നൽകുന്ന വില) 445 രൂപയിൽ നിന്ന് 460 രൂപയാക്കി. കമ്പനികൾ കിഴിവുകൾ നൽകിയിരുന്നപ്പോൾ ചാക്കിന് 360–370 രൂപയായിരുന്നു ചില്ലറ വില. ഇപ്പോൾ വില ചാക്കിന് വില 480 രൂപ വരെ. പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനയാണു കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. അറ്റകുറ്റപ്പണികൾക്കായി കമ്പനികൾ ഉൽപാദനം കുറയ്ക്കുന്നതും വില കൂടാൻ കാരണമായി. സർക്കാർ സിമന്റ് കമ്പനിയായ മലബാർ സിമന്റും ചാക്കിന് 15 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഡി, സി ഗ്രേഡ് സിമന്റിനും  440 രൂപയ്ക്കു മുകളിൽ വില നൽകണം. കഴിഞ്ഞ മാസങ്ങളിൽ ഡിസ്കൗണ്ടുകളുടെ ഏറ്റക്കുറച്ചിൽ അനുസരിച്ചു വില ഉയർന്നിരുന്നു. എന്നാൽ കമ്പനികൾ ബില്ലിങ് വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. ഇപ്പോൾ ഡിസ്കൗണ്ടുകൾ പൂർണമായി ഒഴിവാക്കിയതോടെ വില കുത്തനെ കൂടി.

സർക്കാരിനു നികുതി 100 രൂപ

ഏറ്റവും ഉയർന്ന നികുതി നിരക്കാണ് സിമന്റിന്; 28%. ഒരു ചാക്ക് സിമന്റ് വിൽക്കുമ്പോൾ സർക്കാരിനു ലഭിക്കുന്ന നികുതി 100 രൂപയ്ക്കു മുകളിലാണ്. സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് 50 രൂപ വീതം. സിമന്റിന്റെ ചരക്കുനീക്കത്തിന് 12 ശതമാനമാണു ജിഎസ്ടി. ഉയർന്ന നികുതി വരുമാനം ലഭിക്കുന്നതിനാൽ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ കാര്യക്ഷമമായി ഉണ്ടാകുന്നില്ല. ബില്ലിങ്ങിലെ അമിത വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയെങ്കിലും സർക്കാർ ഇടപെട്ടില്ല. ജനങ്ങളെ പിഴിയാൻ സർക്കാരുകൾ കൂട്ടുനിൽക്കുകയാണ്. വില വർധന കച്ചവടക്കാരുടെ ലാഭം കൂട്ടുകയല്ല, ചെലവു കൂട്ടുകയാണു ചെയ്യുന്നത്.

∙എം.വി. സക്കീർ ഹുസൈൻ, ജനറൽ സെക്രട്ടറി, കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com