ADVERTISEMENT

ബാങ്കുകൾ ഈടാക്കുന്ന മിനിമം ബാലൻസ് പിഴ, എടിഎം കാർഡിന് ഉള്ള വാർഷിക ഫീസ് എന്നിവ പലപ്പോഴും സാധാരണക്കാർക്കു താങ്ങാവുന്നതിലും കൂടുതലായി തോന്നാറുണ്ട് എന്നാണു ബാങ്കിങ് ഇടപാടുകാരുടെ പ്രതികരണങ്ങളിൽനിന്നു മനസ്സിലാക്കാവുന്നത്. ‘എന്റെ അക്കൗണ്ടിൽനിന്ന് 150 രൂപ കിഴിച്ചിട്ടുണ്ട്, എന്തിനാണ്?’ എന്ന് അസംതൃപ്തിയോടെ കസ്റ്റമർ ചോദിക്കുമ്പോൾ കിട്ടുന്ന മറുപടി ‘അത് എടിഎം കാർഡിന്റെ വാർഷിക ഫീസ് ആണ്,  അക്കൗണ്ടിൽ സൂക്ഷിക്കേണ്ട ഏറ്റവും കുറഞ്ഞ നിശ്ചിത തുക (മിനിമം ബാലൻസ്) ഇല്ലാത്തതിന്റെ ഫൈൻ ആണ്’ എന്നൊക്കെയാകും.

ഈ തുകകൾ വിവിധ ബാങ്കുകളിൽ വ്യത്യസ്തമാണ്. പലപ്പോഴും പിഴ ഈടാക്കപ്പെട്ടതിനു ശേഷമാകും ഇടപാടുകാരൻ അറിയുന്നതും. ഇവിടെയാണ് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുള്ള ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡി) എന്ന തരം അക്കൗണ്ടുകൾക്കുള്ള പ്രസക്തി. വളരെ നാമമാത്രമായ ഇടപാടുകൾ നടത്തുന്ന സാധാരണക്കാർക്ക് (ഉദാഹരണമായി, മാസം 4 തവണ മാത്രം പൈസ പിൻവലിക്കാൻ ആയി എടിഎം ഉപയോഗിക്കുന്നവർ) ഏറ്റവും അനുയോജ്യമായ അക്കൗണ്ട് ആണ് ബിഎസ്ബിഡി.

സർവീസ് ചാർജുകൾ ഒന്നും ഈടാക്കാതെ, പരിമിതമായ സൗകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ട്, മികച്ച ഉപഭോക്തൃ സേവനം ഉറപ്പാക്കുന്നു സാധാരണക്കാർക്ക് ഇത്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള എല്ലാ വാണിജ്യ ബാങ്കുകളിലും ഈ സേവനം ലഭ്യമാണ്.  റുപേ എടിഎം കം ഡെബിറ്റ് കാർഡ് അക്കൗണ്ടിനോടൊപ്പം ലഭിക്കും. വാർഷിക ഫീസോ മറ്റു നിരക്കുകളും ഈടാക്കുകയും ഇല്ല.  എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാനുള്ള പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളെല്ലാം ബിഎസ്ബിഡി ഗണത്തിൽപ്പെടും. 

Q ബിഎസ്ബിഡി അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് നിഷ്കർഷിച്ചിട്ടുണ്ടോ?  

A ബിഎസ്ബിഡി അക്കൗണ്ടുകൾക്ക് മിനിമം ബാലൻസോ പ്രാഥമിക നിക്ഷേപമോ നിഷ്കർഷിച്ചിട്ടില്ല.  

Q ഈ  അക്കൗണ്ടുകളിൽ ഉള്ള നിക്ഷേപങ്ങൾക്ക് പലിശ ലഭ്യമാണോ?  

A മറ്റു സേവിങ്സ് ബാങ്ക് അക്കൗണ്ടുകളെ പോലെതന്നെ ബിഎസ്ബിഡി അക്കൗണ്ടുകളിൽ ഉള്ള നിക്ഷേപങ്ങൾക്കും പലിശ ലഭ്യമാണ്.  

Q ഏതൊക്കെ സേവനങ്ങളാണ് ഈ  അക്കൗണ്ടുകളിൽ സൗജന്യമായി ലഭിക്കുന്നത്?  

A ഒരു മാസത്തിൽ 4 തവണ പണം പിൻവലിക്കൽ, പരിധിയില്ലാതെ പണം നിക്ഷേപിക്കൽ, റുപേ  ഡെബിറ്റ് കാർഡ് തുടങ്ങിയ സേവനങ്ങൾ സൗജന്യമായി ലഭിക്കും.  (എസ്ബിഐ മുതിർന്ന പൗരന്മാർക്ക് ഒരു വർഷം 25 ചെക്കുകൾ ഉള്ള ചെക് ബുക്ക് സൗജന്യമായി നൽകുന്നു. ചെക് ബുക്ക് ഫ്രീ ആയി കൊടുക്കണം എന്ന് ആർബിഐ നിർദേശിച്ചിട്ടില്ല ). പരിമിതികൾ ഇല്ലാതെ എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാം. ഡിപ്പോസിറ്റ് മെഷീനുകൾ വഴിയോ ബാങ്ക് ശാഖകൾ വഴിയോ പണം നിക്ഷേപിക്കാം.

Q ബിഎസ്ബിഡി അക്കൗണ്ട് ഉള്ള വ്യക്തികൾക്ക് മറ്റ് നിക്ഷേപങ്ങൾ തുടങ്ങാൻ സാധിക്കുമോ?  

A സ്ഥിരനിക്ഷേപങ്ങൾ, റെക്കറിങ് ഡിപ്പോസിറ്റ്, ഫിക്സ്ഡ് ഡിപ്പോസിറ്റ് മുതലായ അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കും.  

Q സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു മാത്രമാണോ ഇവ?  

A അല്ല. സാധാരണ ബാങ്കിങ് സേവനങ്ങളെപ്പോലെ തന്നെയാണ് ബിഎസ്ബിഡി അക്കൗണ്ട്. പ്രായം, വരുമാനം, തുക മുതലായ നിബന്ധനകളില്ല. 

Q ഒരു വ്യക്തിക്ക് എത്ര ബിഎസ്ബിഡി അക്കൗണ്ടുകൾ തുടങ്ങാം?  

A ഒരു വ്യക്തിക്ക് ഒരു ബാങ്കിൽ ഒരു ബിഎസ്ബിഡി അക്കൗണ്ട് മാത്രമേ തുടങ്ങാൻ സാധിക്കൂ. എന്നാൽ ജൻധൻ അക്കൗണ്ട് ഒരാൾക്ക് എല്ലാ ബാങ്കിലുമായി ആകെ ഒരെണ്ണമേ എടുക്കാനാകൂ.

Q കെവൈസി മാനദണ്ഡങ്ങൾക്കു വിധേയമാണോ ഈ അക്കൗണ്ടുകൾ?  

A അതേ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിഷ്കർഷിച്ചിട്ടുള്ള കെവൈസി മാനദണ്ഡങ്ങൾക്കു വിധേയം.പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഇലക്‌ഷൻ ഐഡി കാർഡ് മുതലായ തിരിച്ചറിയൽ രേഖകളിലേതെങ്കിലും ഹാജരാക്കണം.

Q സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ബിഎസ്ബിഡി അക്കൗണ്ടുകൾ ആക്കി മാറ്റാവുന്നതാണോ?  

A ഉപയോക്താക്കളുടെ അപേക്ഷയിന്മേൽ, അവരുടെ നിലവിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ബിഎസ്ബിഡി അക്കൗണ്ടിലേക്കു മാറ്റാവുന്നതാണ്. പൊതുവെ അവർക്ക് നിലവിലെ സൗകര്യങ്ങൾ കുറയില്ലെങ്കിലും ഡെബിറ്റ് കാർഡ് റൂപേ എടിഎം–ഡെബിറ്റ് കാർഡേ കിട്ടൂ. വീസ, മാസ്റ്റർ കാർഡുകൾ കിട്ടില്ല.

Q ഏതെങ്കിലും ബാങ്ക് ശാഖ ഈ അക്കൗണ്ട് തുറക്കാൻ വിസമ്മതിച്ചാൽ എന്താണ് പോംവഴി ?

A റിസർവ് ബാങ്ക് നിർദേശാനുസരണം എല്ലാ ബാങ്കുകളും, ശാഖകളും ഈ അക്കൗണ്ടുകൾ തുറക്കാൻ ബാധ്യസ്ഥരാണ്. പരാതി ഉണ്ടെങ്കിൽ, ആ ബാങ്കിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ഇമെയിലിൽ അല്ലെങ്കിൽ ശാഖാ മാനേജർക്കുതന്നെ പരാതി കൊടുക്കുക. 30 ദിവസത്തിനകം സ്വീകാര്യമായ പരിഹാരം ഉണ്ടായില്ലെങ്കിൽ റിസർവ് ബാങ്കിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ‘ബാങ്കിങ് ഓംബുഡ്‌സ്മാൻ’ അഡ്രസ്സിൽ പരാതി അയയ്ക്കുക. റിസർവ് ബാങ്ക് അന്വേഷിച്ച് ഉചിതമായ പരിഹാരം കണ്ടെത്തും. വാക്കു തർക്കങ്ങൾ ഒഴിവാക്കുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com