ADVERTISEMENT

കൊച്ചി∙ കോവിഡ് രണ്ടാംവരവിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ വായ്പാ മൊറട്ടോറിയമില്ലെങ്കിലും ചെറുകിട വ്യവസായങ്ങൾക്കായി 25 കോടി വരെ എടുത്തവർക്ക് വായ്പാ പുനഃക്രമീകരണം നൽകുന്നതും ട്രഷറി ഓവർഡ്രാഫ്റ്റ് കാലാവധി നീട്ടിക്കൊടുത്തതും പൊതുവെ ആശ്വാസമേകും.കോവിഡ് രണ്ടാംവരവ് സമ്പദ് ഘടനയെ ബാധിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് പുതിയ ആനൂകൂല്യങ്ങൾ. വേണ്ടിവന്നാൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന സൂചനയും റിസർവ് ബാങ്ക് ഗവർണർ നൽകിയിട്ടുണ്ട്.

 

സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ വരുമാനം കുറവായ മാസങ്ങളിൽ പുതിയ സർക്കാരും ധനമന്ത്രിയും ചുമതലയേൽക്കുമ്പോൾ ഓവർഡ്രാഫ്റ്റ് (ഒഡി) കാലാവധി രണ്ടു രീതിയിൽ നീട്ടിയത് ധനകാര്യ സമ്മർദം കുറയ്ക്കാൻ സഹായകമാണ്. നിത്യനിദാനച്ചെലവിനായി കേന്ദ്രം തരുന്ന അഡ്വാൻസ് തുകയുടെ പരിധി കവിയുമ്പോഴാണ് ഓവർഡ്രാഫ്റ്റാവുന്നത്. ഒഡിയുടെ കാലാവധി പരിധിക്കപ്പുറം നീണ്ടാൽ ട്രഷറിയിൽ നിന്നുള്ള പേയ്മെന്റുകൾ നിർത്തിവയ്ക്കേണ്ടിവരും. ട്രഷറി പൂട്ടിയിടൽ എന്നു വിശേഷിപ്പിക്കുന്നത് ഇതാണ്. ശമ്പളവും പെൻഷനും വരെ അങ്ങനെ മുടങ്ങിയേക്കാം.

 

പക്ഷേ റിസർവ് ബാങ്ക് ആനുകൂല്യങ്ങളിൽ ഒഡി കാലാവധി ഒരു ത്രൈമാസത്തിനുള്ളിൽ 36 ദിവസത്തിൽ നിന്ന് 50 ദിവസമാക്കി വർധിപ്പിച്ചു. തുടർച്ചയായി ഓവർഡ്രാഫ്റ്റിൽ നിൽക്കാവുന്ന ദിനങ്ങളുടെ പരിധി 14 ദിവസത്തിൽ നിന്ന് 21 ദിവസമാക്കുകയും ചെയ്തു. മുൻപ് വായ്പാ പുനഃക്രമീകരണം നട‌ത്തിയിട്ടില്ലാത്ത ചെറുകിട വ്യവസായങ്ങൾക്കും വ്യക്തികൾക്കുമാണ് പുതിയ പുനഃക്രമീകരണ ആനുകൂല്യം എങ്കിലും ഈ രംഗത്തെ കഷ്ടപ്പാട് ലഘൂകരിക്കാൻ സഹായകമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വീണ്ടും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

അരലക്ഷം കോടി മെഡിക്കൽ രംഗത്തിനായി അനുവദിച്ചത് ഉപയോഗം മുൻനിർത്തി ആർക്കു നൽകിയാലും മുൻഗണനാ വിഭാഗത്തിനുള്ള വായ്പയായി കണക്കാക്കുകയും ചെയ്യും. ബാങ്കുകൾ ഇത്തരം വായ്പകളെ കോവിഡ് വായ്പാ ബുക്കിൽ രേഖപ്പെടുത്തി കണക്കു പ്രത്യേകം സൂക്ഷിക്കണമെന്നു മാത്രം.

 

മൈക്രോ ഫിനാൻസ് രംഗത്തിന് കൊടുക്കുന്ന വായ്പയും ഇനി മുൻഗണനാ വായ്പയാവുമ്പോൾ സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങൾക്കാണു പ്രയോജനം. ഇപ്പോൾ വേണ്ടതും അതാണ്. സമ്പദ് രംഗത്തെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്ത് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കേണ്ടിയുംവരും.

 

എസ്. ആദികേശവൻ, ചീഫ് ജനറൽ മാനേജർ, എസ്ബിഐ

 

 

മൈക്രോ വായ്പാ രംഗത്തിന് പണലഭ്യത വർധിക്കും. ബാങ്കിതര ധനസ്ഥാപനങ്ങൾക്കും മൈക്രോ ധനകാര്യ സ്ഥാപനങ്ങൾക്കും ലഭിക്കുന്ന ബാങ്ക് വായ്പ മുൻഗണനാവിഭാഗത്തിൽ ഇതുവരെ ഉൾപ്പെടുത്തിയിരുന്നില്ല. ആശുപത്രികളെയും ആരോഗ്യമേഖലകളെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയതും വലിയൊരു ചുവടുവയ്പാണ്. വായ്പകൾക്ക് ഫണ്ട് ആവശ്യത്തിനുണ്ടാകും.

 

പോൾ  തോമസ്, സിഎംഡി, ഇസാഫ് 

 

 

 

 

വായ്പ പുനഃക്രമീകരണം, വ്യവസ്ഥകളോടെ

 

ന്യൂഡൽഹി ∙ 25 കോടി രൂപ വരെ ബാധ്യതയുള്ള വ്യക്തികൾക്കും ചെറുകിട ബിസിനസുകാർക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) വായ്പ പുനഃക്രമീകരണമാകാമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഇതുവരെ വായ്പ പുനഃക്രമീകരണ ആനുകൂല്യം സ്വീകരിച്ചിട്ടില്ലാത്തവർക്കാണ് അവസരം. കഴിഞ്ഞ മാർച്ച് 31നു കിട്ടാക്കട ഗണത്തിലായിട്ടുള്ളതാകാനും പാടില്ല. ആനുകൂല്യം അടുത്ത സെപ്റ്റംബർ 30 വരെയാണ്. തിരിച്ചടവു പുനഃക്രമീകരിക്കുക, പലിശ മറ്റൊരു വായ്പയാക്കി മാറ്റുക, പ്രവർത്തന മൂലധന പരിധിയിൽ മാറ്റം വരുത്തുക, പരമാവധി 2 വർഷംവരെ തിരിച്ചടവു മൊറട്ടോറിയം ലഭ്യമാക്കുക തുടങ്ങിയ ഇളവുകൾ അനുവദിക്കും.

∙ കഴിഞ്ഞ വർഷത്തെ വായ്പ പുനഃക്രമീകരണ പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തികൾക്കും ചെറുകിട ബിസിനസുകാർക്കും മൊറട്ടോറിയം 2 വർഷമാക്കി നീട്ടിനൽകാൻ ബാങ്കുകൾക്ക് അനുമതി. ചെറുകിട ബിസിനസുകാർക്കും എംഎസ്എംഇകൾക്കും പ്രവർത്തന മൂലധനത്തിൽ ഇളവുകൾ അനുവദിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com