ഇന്ത്യൻ കോഫിഹൗസ് പ്രതിസന്ധിയിൽ; വരുമാനം പാതിയിൽ താഴെ, വായ്പ വേണം

coffee-house
SHARE

കൊച്ചി∙ ലോക്ഡൗണും വിൽപനയിലെ ഇടിവും കാരണം ഇന്ത്യൻ കോഫി ഹൗസുകൾ പ്രതിസന്ധിയിൽ. തൃശൂർ ആസ്ഥാനമായ കോഫി ഹൗസ് സൊസൈറ്റിയിൽ 2 മാസത്തെ ശമ്പളം കുടിശികയായി. പിഎഫ്, ജിഎസ്ടി, ഗ്രാറ്റുവിറ്റി ബാധ്യതകൾ 12 കോടി കവിഞ്ഞു. ദീർഘകാല വായ്പ നൽകണമെന്ന് സൊസൈറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിസന്ധിക്കു പരിഹാരമായി വരുമാനം വർധിപ്പിക്കാൻ എല്ലാ കോഫി ഹൗസുകൾക്കും വേണ്ടി കേന്ദ്രീകൃത പർച്ചേസും അതിനൊപ്പം പരീക്ഷണാർഥം സൂപ്പർമാർക്കറ്റും നടത്താനൊരുങ്ങുകയാണ്.

സംസ്ഥാനത്ത് 55 കോഫിഹൗസുകളുള്ള തൃശൂർ ആസ്ഥാനമായ സൊസൈറ്റിയും 31 ബ്രാഞ്ചുകളുള്ള കണ്ണൂർ ആസ്ഥാനമായ സൊസൈറ്റിയുമാണുള്ളത്. തൃശൂർ സൊസൈറ്റിയാണ് ജീവനക്കാരുടെ എണ്ണത്തിലും വ്യാപാരത്തിലും മുന്നിൽ. 2300 ജീവനക്കാരുള്ള ഈ സൊസൈറ്റിയിൽ വാർഷിക വ്യാപാരം 126 കോടി രൂപ വരെ 2017ൽ എത്തിയിരുന്നു. മാസം 9.5–10 കോടി. പ്രളയകാലത്ത് ഇടിഞ്ഞ വ്യാപാരം പിന്നീട് 19–20ൽ 118 കോടി വരെ എത്തി.

പക്ഷേ 2020–21ൽ ലോക്ഡൗണും പൊതുഗതാഗതത്തിലെ കുറവും മൂലം 60 കോടിയുടെ ഇടിവുണ്ടായി. മാർച്ചിലെ വരുമാനം 8.3 കോടി വരെ എത്തി തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് വീണ്ടും ലോക്ഡൗൺ വന്നത്. ഏപ്രിലിലെയും മേയിലെയും ശമ്പളം മുടങ്ങി. അതിനുമുൻപ് ശമ്പളം 50% വരെ കുറയ്ക്കേണ്ടി വന്ന മാസങ്ങളുണ്ട്. കണ്ണൂർ സൊസൈറ്റിയിലാകട്ടെ ഇതുവരെ ശമ്പളം മുടങ്ങിയിട്ടില്ല. എന്നാൽ 50% വരെ കുറവു വരുത്തിയ മാസങ്ങളുണ്ട്. വിൽപന പാതിയിൽ താഴെയായി. 78 കോടി വരെ ഇവിടെ മുൻ വർഷങ്ങളിൽ വരുമാനം നേടിയിട്ടുണ്ട്. കോവിഡ് കാലത്തെ നഷ്ടം എത്രയെന്ന് ഓഡിറ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA