എവിടെ സിഎൻജി ?

cng
SHARE

കൊച്ചി ∙ പെട്രോൾ, ഡീസൽ വിലക്കയറ്റത്തിന്റെ അത്യുഷ്ണം താങ്ങാനാകാതെ ജനം വിയർക്കുമ്പോഴും, വില കുറഞ്ഞ ഹരിത ഇന്ധനമായ സിഎൻജിയുടെ ലഭ്യത വളരെ ചുരുക്കം കേന്ദ്രങ്ങളിൽ ഒതുങ്ങുന്നു. സംസ്ഥാനത്തു സിഎൻജി ലഭ്യമായിട്ടു വർഷം 5 കഴിഞ്ഞിട്ടും സജ്ജമായതു കഷ്ടിച്ച് 25 ൽ താഴെ സിഎൻജി ഫില്ലിങ് സ്റ്റേഷനുകൾ. അവയിൽ 10 സ്റ്റേഷനുകളും കൊച്ചി നഗര മേഖലയിലാണ്. സംസ്ഥാനമൊട്ടുക്കു സിഎൻജി സ്റ്റേഷനുകൾ ആരംഭിച്ചാൽ മാത്രമേ കൂടുതൽ സിഎൻജി അധിഷ്ഠിത വാഹനങ്ങൾ നിരത്തിലിറക്കാനും ദീർഘദൂര യാത്ര ചെയ്യാനും സാധിക്കൂ. നിലവിലുള്ള പെട്രോൾ പമ്പുകളിൽ തന്നെ ഇവ ആരംഭിക്കാനാകും. 

 വില വ്യത്യാസം 36 രൂപ!

കൊച്ചി നഗരത്തിൽ ഇന്നലെ പെട്രോൾ ലീറ്ററിനു വില 95.53 രൂപ. സിഎൻജി വില കിലോഗ്രാമിന് 59.50 രൂപ മാത്രം; വ്യത്യാസം 36.03 രൂപ! ഡീസലിനേക്കാൾ  31.48 രൂപ കുറവ്. പെട്രോൾ, ഡീസൽ വിലകൾ നിത്യേനയെന്നോണം ഉയരുമ്പോൾ സിഎൻജിയുടെ വില നിത്യവും വ്യത്യാസപ്പെടുന്നില്ല. കഴിഞ്ഞ വർഷം ജനുവരിയിൽ സിഎൻജി വില കിലോഗ്രാമിന് ഏകദേശം 57 രൂപയായിരുന്നു. ഒന്നര വർഷം കൊണ്ടുണ്ടായ വ്യത്യാസം രണ്ടര രൂപ. എന്നാൽ, പെട്രോളിന് ഇക്കാലയളവിലുണ്ടായ വർധന ഏകദേശം 22 രൂപയാണ്. (വിലകളിൽ പ്രാദേശികമായി വ്യത്യാസമുണ്ടാകും) സിഎൻജി കൂടുതൽ മൈലേജ് നൽകുന്ന ഇന്ധനം കൂടിയാണ്. ഒരു കിലോഗ്രാം സിഎൻജി, 1.39  ലീറ്റർ പെട്രോളിനും 1.18  ലീറ്റർ ഡീസലിനും തുല്യമായ ഊർജമാണു നൽകുന്നത്.

 180 സ്റ്റേഷനുകൾ കൂടി

ഒന്നര വർഷത്തിനകം വിവിധ ജില്ലകളിലായി 180 സിഎൻജി ഫില്ലിങ് സ്റ്റേഷനുകൾ കൂടി ആരംഭിക്കുമെന്നു സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാൻ ലൈസൻസ് ലഭിച്ചിട്ടുള്ള കമ്പനികൾ പറയുന്നു. അടുക്കള വാതകവും (പിഎൻജി) സിഎൻജിയും വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയാണു സിറ്റി ഗ്യാസ്. ഇന്ത്യൻ ഓയിൽ – അദാനി ഗ്യാസ് (ഐഒഎജിപിഎൽ) എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, പുതുച്ചേരിയുടെ ഭാഗമായ മാഹി എന്നിവിടങ്ങളിലും അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് (എജി ആൻഡ് പി) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലുമാണു വാതകം ലഭ്യമാക്കേണ്ടത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾക്കു പദ്ധതി അനുവദിച്ചിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA