ADVERTISEMENT

കാർഷികോൽപന്ന വിപണി സമ്മിശ്ര വികാരങ്ങളുടെ സ്വാധീനത്തിലാണ്: കാലവർഷം സജീവമാകുന്നതിൽ സന്തോഷം; ലോക്ഡൗൺ നീണ്ടുപോകുന്നതിൽ ആശങ്ക. ലോക്ഡൗൺ നീണ്ടുപോകുന്നതിനാൽ പല ഉൽപന്നങ്ങളുടെയും വിപണനം നടക്കുന്നതേയില്ല. നടക്കുന്നവയുടെ അളവാകട്ടെ തീരെ കുറവും. 

കുരുമുളക് കിലോഗ്രാമിനു 424 രൂപ

കുരുമുളകു വിലയിലെ കുതിപ്പ് അവിരാമം തുടരുകയാണ്. രണ്ടു വർഷത്തിനിടയിലെ ഏറ്റവും  കൂടിയ നിലവാരത്തിലേക്കാണു വില എത്തിയിരിക്കുന്നത്. ഗാർബ്ൾഡ് ഇനം കുരുമുളകിന്റെ വില ക്വിന്റലിനു 42,400 രൂപയിൽ എത്തിയിരിക്കുന്നു. അൺഗാർബ്ൾഡിന്റെ വില 40,400 രൂപയിലെത്തി.

വിലയിൽ നാലു മാസത്തിനിടയിലുണ്ടായ വർധന 7600 രൂപയായിക്കഴിഞ്ഞു. ലോക്ഡൗൺ മൂലം പ്രാഥമിക വിപണികളിൽ വ്യാപാരം നടക്കാത്തതിനാൽ കൊച്ചി ടെർമിനൽ വിപണിയിൽ ഉൽപന്നത്തിനു കടുത്ത ക്ഷാമമാണ്. അതേസമയം, മസാല ഉൽപാദകരിൽനിന്നുള്ള ഡിമാൻഡാകട്ടെ വർധിക്കുകയും ചെയ്യുന്നു. ഇതാണു വില ഉയരുന്നതിനു പ്രധാന കാരണം. ആകെ 73.5 ടൺ മാത്രമാണു പോയ വാരം വിപണിയിലെത്തിയത്.

റബർ വിലയിൽ മടുപ്പ് 

ആർഎസ്എസ് നാലാം ഗ്രേഡ് റബറിന്റെ വില കൊച്ചിയിൽ 17,000 ൽനിന്നു 16,950 രൂപയിലേക്കു താഴ്ന്നു. ആർഎസ്എസ് – 5 ന്റെ വില 16,650 – 16,750 രൂപ നിലവാരത്തിലാണ്. 

രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ആഴ്ച അനുദിനം വില ഇടിയുന്നതാണു കണ്ടത്. ബാങ്കോക്കിൽ ആർഎസ്എസ് നാലാം ഗ്രേഡിന്റെ വില 16,272 രൂപയായിരുന്നതു 15,938 വരെ താഴ്ന്നു; ആർഎസ്എസ് – 5 ന്റെ വില 12,650ൽനിന്നു 12,350 രൂപയിലേക്കാണു താഴ്ന്നത്. 

ഇന്തൊനീഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ റബർ ഉൽപാദനത്തിൽ ഇടിവുണ്ടെന്നാണു റിപ്പോർട്ട്. ഇത് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. ഇറക്കുമതിയിലെ ഇടിവു തുടർന്നാൽ അത് ആഭ്യന്തര വിപണിയിൽ ഉൺവിനു സഹായകമായേക്കാം.

വെളിച്ചെണ്ണയും പാമോയിലും

മില്ലിങ് ഇനം വെളിച്ചെണ്ണയുടെ വില കൊച്ചിയിൽ 18,300 രൂപ നിലവാരത്തിൽ തുടർന്നു; തയാർ വില 17,700 രൂപയിലും. കൊപ്ര വില 11,850 രൂപ. മഴക്കാലമായതിനാൽ വിളവെടുപ്പു തടസ്സപ്പെടുമെന്നതുകൊണ്ടു കൊപ്ര വില മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ട്.

പാമോയിൽ വില കഴിഞ്ഞ ആഴ്ചയും ഇടിവു രേഖപ്പെടുത്തി. ആഴ്ചയുടെ തുടക്കത്തിൽ വില 12,650 രൂപയായിരുന്നു. വാരാന്ത്യവിലയാകട്ടെ 12,350 രൂപ മാത്രം.

കുതിപ്പു തുടർന്നു ഗ്രാമ്പൂ 

ഗ്രാമ്പൂ വിപണിയിൽ വിലക്കുതിപ്പു തുടരുകയാണ്. വില 680 രൂപ വരെ ഉയർന്നിരിക്കുന്നു. തൊട്ടു മുമ്പത്തെ ആഴ്ച വില 645 ൽനിന്ന് 660 രൂപയിലേക്കാണ് ഉയർന്നത്. മേയ് അവസാനം വില 610 രൂപ മാത്രമായിരുന്നു.

തേയിലയ്ക്കു വിലക്കുറവ്

ആവശ്യത്തെ വെല്ലുന്ന അളവിലാണു കൊച്ചി ലേലത്തിനു കഴിഞ്ഞ ആഴ്ച തേയില എത്തിയത്. ഇതു തേയില വിലയിൽ പ്രതിഫലിച്ചു. സിടിസി ഇനം പൊടിത്തേയില 8,63,724 കിലോ ഗ്രാം ലേലത്തിനെത്തിയെങ്കിലും വിൽപനയായത് 83% മാത്രമാണ്. ശരാശരി വില 130 രൂപ. തൊട്ടു മുൻവാരത്തിൽ ശരാശരി വില 136 രൂപയായിരുന്നു. ഓർത്തഡോക്സ് ഇനം പൊടിത്തേയിലയ്ക്കു കയറ്റുമതിക്കാരുടെ പിന്തുണ ലഭിക്കുകയുണ്ടായി. എന്നാൽ 17,500 കിലോ ഗ്രാം ലേലത്തിനെത്തിയതിൽ 58% മാത്രമാണു വിൽപനയായത്.

ചില ഇനങ്ങളൊഴിച്ചാൽ ഇലത്തേയിലയ്ക്കും വില കുറയുന്ന പ്രവണതയാണു കണ്ടത്. ഓർത്തഡോക്സ് ഇനം ഇലത്തേയില 2,82,211 കിലോ ഗ്രാം വിൽപനയ്ക്കുണ്ടായിരുന്നു. ശരാശരി വില നാലു രൂപ കുറഞ്ഞു. 156 രൂപ മാത്രമായിരുന്നു ശരാശരി വില. ഫാനിങ്സ്, ബ്രോക്കൺസ് വിഭാഗങ്ങളിൽപ്പെട്ട സിടിസി ഇനം ഇലത്തേയിലയുടെ വില ഏറെക്കുറെ സ്റ്റെഡിയായിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com