ADVERTISEMENT

കൊച്ചി ∙ ഇടവേളയ്ക്കു ശേഷം കൊച്ചി തുറമുഖത്തു നിന്നു മലബാർ തുറമുഖങ്ങളിലേക്കു തീരദേശ ചരക്കു കപ്പൽ സർവീസ് തുടങ്ങുമ്പോൾ കടത്തുകൂലിയിൽ ഉണ്ടാകുക 30% കുറവ്. 21 നാണ് സർവീസ് തുടങ്ങുന്നത്. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുമായി ബന്ധിപ്പിച്ചു കൊച്ചി തുറമുഖത്തു നിന്നു കണ്ടെയ്നർ ഫീഡർ സർവീസ് ആരംഭിക്കുന്നതു മലബാർ മേഖലയിലെ വാണിജ്യ സമൂഹത്തിനു വൻ നേട്ടമാകും. ആഴ്ചയിൽ 2 ദിവസമാണു സർവീസ്. തീരദേശ ചരക്കു നീക്കം പ്രോത്സാഹിപ്പിക്കാൻ സർക്കാർ സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയിലെ ഷാങ്ഹായിൽ നിന്ന് ഒരു കണ്ടെയ്നർ കൊച്ചിയിലെത്തിക്കാനുള്ള കടത്തുകൂലി ഏകദേശം 1,200 ഡോളർ (88,000 രൂപ).

കൊച്ചി തുറമുഖത്തു നിന്ന് ഈ കണ്ടെയ്നർ റോഡ് മാർഗം കോഴിക്കോട് എത്തണമെങ്കിൽ കഷ്ടിച്ചു 6 – 7 മണിക്കൂർ മതിയാകും. ചെലവു പക്ഷേ, 22000 – 24,000 രൂപ! കണ്ണൂർ – കാസർകോട് മേഖലയിലേക്ക് എത്തിക്കണമെങ്കിൽ 36,000 രൂപ വരെയാണു ചെലവ്. ഇതേ കണ്ടെയ്നർ ജലമാർഗം എത്തിക്കുകയാണെങ്കിൽ കടത്തു കൂലിയിൽ 30 % കുറവുണ്ടാകും.  കൊച്ചിയിൽ നിന്നു ബേപ്പൂർ തുറമുഖത്തെത്താൻ ഏകദേശം 13 മണിക്കൂർ മതി. മാസം ഏകദേശം 4,000 – 4,500 കണ്ടെയ്നറുകളാണു കൊച്ചിയിൽ നിന്നു മലബാർ ജില്ലകളിലേക്കു ട്രക്ക് മാർഗം പോകുന്നതും തിരിച്ചു വരുന്നതും. 

നിലവിൽ പാമോയിൽ, പ്ലൈവുഡ്, ടൈൽസ്, സിമന്റ്, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളാണു കൊച്ചി തുറമുഖത്തു നിന്നു മലബാർ ജില്ലകളിലേക്കു പോകുന്നത്. എന്നാൽ, കണ്ടെയ്നറുകൾ തിരിച്ചു കൊച്ചിയിലേക്കു പോകുന്നതു പലപ്പോഴും കാലി ആയാണ്. മലബാറിൽ നിന്നു കൊച്ചിയിലേക്കും ചരക്കു നീക്കം ഊർജിതമായാൽ കണ്ടെയ്നറുകൾ ഒഴിഞ്ഞു പോകേണ്ട സ്ഥിതി മാറും. കണ്ണൂരിൽ നിന്നു തുണിത്തരങ്ങളും കോഴിക്കോടു നിന്നു ചെരുപ്പുകളും നഞ്ചൻകോട്  – ഊട്ടി മേഖലകളിൽ നിന്നു പഴം – പച്ചക്കറികളുമൊക്കെ കപ്പൽ മാർഗം കൊച്ചിയിലെത്തിക്കാനുള്ള ശ്രമം ഊർജിതമാണ്.

പ്രതീക്ഷയായി ‘ഹോപ്’ 

മുംബൈ ആസ്ഥാനമായ റൗണ്ട് ദ് കോസ്റ്റ് ഷിപ്പിങ് കമ്പനിയുടെ ‘എംവി ഹോപ് സെവൻ’ എന്ന കപ്പലാണ് സർവീസ് ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്നു കണ്ടെയ്നറുകൾ ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലെത്തിക്കുക മാത്രമല്ല, അവിടെ നിന്ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന രീതിയിലാണു റൗണ്ട് ദ് കോസ്റ്റിന്റെ സേവനം.

"കൂടുതൽ കപ്പലുകളും സർവീസുകളും പരിഗണനയിലുണ്ട്. ഭാവിയിൽ കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളിലേക്കും ഫീഡർ സർവീസുകൾ ആരംഭിക്കും’’ – കിരൺ ബി.നന്ദ്രേ ,റൗണ്ട് ദ് കോസ്റ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com