ADVERTISEMENT

തിരുവനന്തപുരം∙ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പ്ലാന്റ് വൈകുന്നതു വൈദ്യുതി നിരക്കിൽ കെഎസ്ഇബി‍യുമായി ധാരണയിൽ എത്താത്തതിനാൽ. പ്ലാന്റ് നടത്തിപ്പിനു കരാർ ലഭിച്ച ബെംഗളൂരു കമ്പനിക്കു മുൻപിൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശിച്ച രണ്ടു നിരക്കുകൾ കെഎസ്ഇബി വച്ചെങ്കിലും കമ്പനിക്കു സ്വീകാ‍ര്യമല്ല. കമ്മിഷന്റെ നിർദേശത്തിനു വിരുദ്ധമായ നിരക്കു കെഎസ്ഇബിക്കു നൽകാനുമാവില്ല.

ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്കു ബാധ്യതയാകും എന്നാ‍ണു കെഎസ്ഇബി നിലപാട്. വൈദ്യുതി വിൽപന‍ക്കരാർ ‍വച്ചെങ്കിൽ മാത്രമേ ബാങ്ക് വായ്പ‍ ഉൾപ്പെടെ ലഭ്യമാക്കി കമ്പനിക്കു പ്ലാന്റ് നിർമാണം തുടങ്ങാനാ‍കൂ. ഒന്നര വർഷം മുൻപു ശിലാസ്ഥാപനം കഴിഞ്ഞ കോഴിക്കോട്ടെ പ്ലാന്റിന്റെ നിർമാണമാണു വൈകുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും വരുന്നതു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റുകളായതിനാൽ കോഴിക്കോട്ടെ കമ്പനി ഒപ്പുവയ്ക്കുന്ന വൈദ്യുതി വി‍ൽപനക്കരാർ ഭാവിയിൽ ഇവിടെയും പ്രസക്തമാകും.

കെഎസ്ഐഡിസി മേൽനോട്ടത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, പാലക്കാട്, കൊല്ലം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിലാണു കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ഇതിൽ തിരുവനന്തപുരം, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിൽ ഇതുവരെ സ്ഥലം കണ്ടെത്താൻ ജില്ലാ ഭരണകൂടങ്ങൾ‍ക്കായിട്ടില്ല. കോഴിക്കോട് മാത്രമാണു ടെൻഡർ പൂർത്തിയായി പദ്ധതി നടത്തിപ്പു കരാർ നൽകിയത്.

കൊച്ചി, കണ്ണൂർ, പാലക്കാട്, കൊല്ലം പ്ലാന്റുകളുടെ ടെൻഡർ പൂർത്തിയാക്കി കമ്പനിയെ തിരഞ്ഞെടുത്തെങ്കിലും സർക്കാർ അനുമതി ബാക്കിയുണ്ട്. ജൈവ മാലിന്യത്തിൽ നിന്നു പാചകവാതകവും അജൈവ മാലിന്യത്തിൽ നിന്നു വൈദ്യുതിയും ഉൽപാദിപ്പിക്കുന്ന രണ്ടു സാങ്കേതിക വിദ്യകളാ‍ണു കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും അടിസ്ഥാനമാക്കുന്നത്. മറ്റു പ്ലാന്റുകളിൽ വൈദ്യുതി ഉൽപാദനമില്ല. മറ്റെല്ലാ അനുമതികളും ലഭിച്ച്, നിർമാണത്തിലേക്കു കടക്കാനിരിക്കെയാ‍ണു കോഴിക്കോട്ടെ പ്ലാന്റിനു തർക്കം തടസ്സമായത്.

മൂല്യശോഷണം ഉൾപ്പെടെ കാര്യങ്ങളിൽ കമ്പനിക്കു ലഭിച്ചേക്കാവുന്ന സാമ്പത്തികാ‍നുകൂല്യം അടിസ്ഥാനമാക്കി രണ്ടുതരം നിരക്കാണു റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചത്. എന്നാൽ ഉയർന്ന നിരക്കു വേണമെന്നതാണു കമ്പനിയുടെ ആവശ്യം. കമ്മിഷൻ നിർദേശിച്ച നിരക്കു നൽകാനേ കഴിയൂവെന്നും അന്തിമ തീരുമാനം അറിയിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെഎസ്ഇബി ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com