ADVERTISEMENT

കൊച്ചി∙ കോവിഡ് ലോക്ഡൗൺ മൂലം ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക് 2 വർഷത്തെ മൊറട്ടോറിയവും വായ്പ പുനഃക്രമീകരണവും ലഭ്യമാണെങ്കിലും അപേക്ഷകർ കുറവ്. ഇക്കാര്യത്തിൽ അവബോധം കുറവായതിനാലും എല്ലാ വായ്പകൾക്കും ബാധകമായ മൊറട്ടോറിയം വരും എന്നു പ്രതീക്ഷിക്കുന്നതു കൊണ്ടുമാണ് ഇത്. കോവിഡ് ആദ്യ ഘട്ടത്തിൽ എല്ലാ വായ്പകൾക്കും അപേക്ഷ നൽകാതെ തന്നെ 6 മാസത്തെ മൊറട്ടോറിയം നൽകിയിരുന്നു. 2020 മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെ. പക്ഷേ ഇക്കുറി അങ്ങനെയല്ല.

വായ്പയെടുത്ത വ്യക്തി ബ്രാഞ്ചിനെ സമീപിച്ച് അപേക്ഷ നൽകണം. കോവിഡ് രണ്ടാംഘട്ടം മൂലം വരുമാനം കുറഞ്ഞതിനാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിവില്ലെന്നു തെളിയിക്കുന്ന രേഖകൾ (അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ജിഎസ്ടി റിട്ടേൺ, ജോലി നഷ്ടപ്പെട്ടതിന്റെ രേഖ മുതലായവ) ഹാജരാക്കണം. എങ്കിൽ 2 വർഷം വരെ മൊറട്ടോറിയമോ വായ്പ പുനഃക്രമീകരണമോ അനുവദിക്കും. മിക്കവർക്കും എത്രയും വേഗം വായ്പ അടച്ചു തീർക്കാനാണു താൽപര്യം എന്നതിനാൽ 2 വർഷത്തിൽ താഴെയുള്ള കാലയളവിലേക്കു മതിയെങ്കിൽ അതും ലഭിക്കും.

എന്നാൽ വരുമാനത്തെ ബാധിച്ചിട്ടില്ലാത്തവർക്കു (ഉദാ.സർക്കാർ ജീവനക്കാർ) ഈ സൗകര്യം ലഭിക്കില്ല. ഓരോ അക്കൗണ്ടും പരിശോധിച്ച് അർഹതയുണ്ടോ എന്നു നിർണയിച്ച ശേഷമാണ് മൊറട്ടോറിയം നൽകുന്നത്. അപേക്ഷിച്ചിട്ടു കിട്ടിയില്ല എന്നു ചിലപ്പോൾ പരാതി വരുന്നത് ഇതുകൊണ്ടാണെന്നു ബാങ്കിങ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ചെറുകിട വ്യവസായ,വ്യാപാര,സേവന മേഖലകൾക്കു മാത്രമല്ല ഭവന വായ്പയ്ക്കും വ്യക്തിഗത വായ്പയ്ക്കും വിദ്യാഭ്യാസ വായ്പയ്ക്കും വരെ ഈ ആനുകൂല്യങ്ങൾ ലഭിക്കും.

വെബ്സൈറ്റ് വഴി അപേക്ഷിക്കാൻ ചില ബാങ്കുകൾ സൗകര്യം നൽകുന്നുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിൽ നിന്നു ഫോണിൽ വിളിച്ച് കാര്യം തിരക്കുകയും മൊറട്ടോറിയവും വായ്പ പുനഃക്രമീകരണവും നടത്താൻ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. വ്യാപാരികളും റീട്ടെയിൽ വായ്പയെടുത്തവരുമാണ് പുന:ക്രമീകരണത്തിനായി ഏറ്റവും കൂടുതൽ ബാങ്കുകളെ സമീപിക്കുന്നത്.

ആനുകൂല്യം നൽകാൻ ബാങ്കുകൾക്ക് ബാധ്യത

സെപ്റ്റംബർ 30 വരെയാണ് ഈ സൗകര്യം ലഭിക്കുന്നത്. റിസർവ് ബാങ്ക് വിജ്ഞാപനം വന്ന ശേഷം  അതത് ബാങ്കുകളുടെ ഭരണസമിതികൾ ഇതു നടപ്പാക്കാൻ തീരുമാനം എടുത്തപ്പോഴേക്കും മേയ് അവസാനമായിരുന്നു. വായ്പയെടുത്തവർക്ക് ഇതെക്കുറിച്ച് അറിവു കിട്ടിയിട്ട് ഏതാനും ആഴ്ചകൾ ആയിട്ടേയുള്ളു. വരുന്ന ആഴ്ചകളിൽ അപേക്ഷകൾ കാര്യമായി വരുമെന്നു പ്രതീക്ഷിക്കുന്നതായി ബാങ്കിങ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. റിസർവ് ബാങ്ക് നിയമം ആയതിനാൽ എല്ലാ ബാങ്കുകളും ആനുകൂല്യം നൽകാൻ ബാധ്യസ്ഥമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com