ADVERTISEMENT

കൊച്ചി ∙ ഓഹരി നിക്ഷേപ രംഗത്തേക്കു കടന്നുവരുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്. ബാങ്ക് നിക്ഷേപം ഉൾപ്പെടെ ഏതാണ്ട് എല്ലാ നിക്ഷേപ മാർഗങ്ങളും ആദായകരമല്ലെന്ന അവസ്‌ഥയാണു വൻതോതിൽ നിക്ഷേപകരെ, പ്രത്യേകിച്ചും യുവതലമുറയിൽപ്പെട്ടവരെ, ഓഹരി നിക്ഷേപത്തിലേക്ക് ആകർഷിക്കുന്നത്. 

നിക്ഷേപകർ എത്രയെന്നു കൃത്യമായി കണക്കാക്കാൻ അംഗീകൃത മാർഗമില്ലെന്നിരിക്കെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ നിന്നാണ് ഏകദേശ ചിത്രം ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തിലെന്നപോലെ ചില നിക്ഷേപകർക്ക് ഒന്നിലേറെ ഡീമാറ്റ് അക്കൗണ്ടുകളുണ്ടാവുമെന്നതാണ് എണ്ണം കൃത്യമായി നിർണയിക്കുന്നതിനുള്ള തടസ്സം. 

സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് ലിമിറ്റഡി (സിഡിഎസ്‌എൽ) ന്റെ പക്കലുള്ള ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ജൂൺ 30ലെ കണക്കനുസരിച്ചു നാലു കോടിക്കു മുകളിലെത്തി. നാഷനൽ സെക്യുരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡി (എൻഎസ്‌ഡിഎൽ) ന്റെ പക്കലുള്ളവ കൂടി കണക്കിലെടുത്താൽ ഡീമാറ്റ് അക്കൗണ്ടുകളുടെ ആകെ എണ്ണം ആറു കോടിക്കു മുകളിലായിരിക്കുന്നു. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിലുണ്ടായിരുന്നതിനെക്കാൾ രണ്ടു കോടി അധികം.

ഓഹരി വിപണികളിലെ പ്രതിദിന വ്യാപാരത്തിൽ 70 ശതമാനവും ചില്ലറ നിക്ഷേപകരുടേതായിട്ടുണ്ട്. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള ആഭ്യന്തര ധനസ്‌ഥാപനങ്ങളുടെയും വിദേശ ധനസ്‌ഥാപനങ്ങളുടെയും വിപണി വിഹിതം ബാക്കി മാത്രം. ഇവയുടെ വിഹിതം മുൻപു 90 ശതമാനത്തോളമായിരുന്നു.

ബാങ്ക് നിക്ഷേപത്തിന്റെ അനാകർഷകത്വമാണ് ഓഹരി നിക്ഷേപകരുടെ എണ്ണം വർധിക്കുന്നതിനു പ്രധാന കാരണം. സ്‌ഥിര നിക്ഷേപത്തിന്റെ പോലും പലിശ നാണ്യപ്പെരുപ്പ നിരക്കു കണക്കിലെടുത്താൽ നിക്ഷേപകർക്കു നഷ്‌ടക്കച്ചവടമായിരിക്കുന്നു. നാണ്യപ്പെരുപ്പ നിരക്ക് ആറു ശതമാനത്തിനു മുകളിലാണ്. സ്‌ഥിര നിക്ഷേപത്തിനു കിട്ടുന്നതാകട്ടെ അതിലും കുറവോ ഏറെക്കുറെ അത്രയുമൊക്കെയോ മാത്രം. നാണ്യപ്പെരുപ്പ നിരക്കിൽ നിന്നു പലിശ നിരക്കു കുറച്ചാൽ വരുമാനം ‘നെഗറ്റീവ്’ ആണെന്നു കാണാം.

കുതിപ്പിനു പിന്നിൽ ഈ കാരണങ്ങളും

‘സിപ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നതും സ്‌ട്രക്‌ചേഡ് ഇൻകം പ്ലാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നതുമായവ ഉൾപ്പെടെയുള്ള മ്യൂച്വൽ ഫണ്ട് പദ്ധതികളിൽ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കിയവർ ഓഹരികളിലെ നേരിട്ടുള്ള നിക്ഷേപത്തിനു തയാറാകുന്നത്.

 മികച്ച റേറ്റിങ്ങുള്ള കമ്പനി നിക്ഷേപങ്ങൾ, കടപ്പത്രങ്ങൾ തുടങ്ങിയവയുടെ ദൗർലഭ്യം.

‘ക്വിക്ക് മണി’ എന്ന ലക്ഷ്യമിട്ടു വിപണിയിലെത്തുന്നവർ.

  മാർഗനിർദേശ ക്ലാസുകളിലും മറ്റും പങ്കെടുത്ത് 

ഓഹരി അവബോധം നേടുന്നവരുടെ വർധന.

വ്യാപകമായ ഓൺലൈൻ സംവിധാനങ്ങൾ.

ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) നടക്കുമ്പോൾ നിക്ഷേപകരായി മാറുന്നവരുടെ രംഗപ്രവേശം.

നഷ്‌ട സാധ്യത നേരിടാനുള്ള യുവതലമുറയുടെ വർധിത സന്നദ്ധത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com