ADVERTISEMENT

കണ്ണൂർ∙ ആഭരണങ്ങളിൽ യുണീക് ഐഡന്റിഫിക്കേഷൻ മുദ്ര (എച്ച്‌യുഐഡി) പതിച്ചു നൽകൽ കാര്യക്ഷമമായി നടക്കാത്തതിനാൽ സംസ്ഥാനത്തെ സ്വർണവ്യാപാര മേഖല പ്രതിസന്ധിയിൽ. കഴിഞ്ഞ ഒന്നിനാണ് എച്ച്‌യുഐഡി നിർബന്ധമാക്കിയത്. ഹാൾമാർക്കിങ് സെന്ററുകളിൽ 19 ദിവസമായി  പ്രതിസന്ധിയുണ്ട്. മുദ്ര പതിച്ചു നൽകുന്ന ‘മാനക് ഓൺലൈൻ’ സോഫ്റ്റ്‌വെയറിലെ പ്രശ്നങ്ങളാണു പ്രതിസന്ധിക്കു കാരണമെന്ന് സംസ്ഥാനത്തെ ഹാൾമാർക്കിങ് സെന്ററുകൾ വ്യക്തമാക്കുന്നു. സി–ഡാക് ആണ് യുഎച്ച്‌ഐഡി സോഫ്റ്റ്‌വെയർ തയാറാക്കിയത്.

കാലതാമസം വ്യാപാരത്തെ ബാധിക്കുന്നു

ദിവസേന ആയിരം സ്വർണാഭരണങ്ങൾ ഹാൾമാർക് ചെയ്തുകൊണ്ടിരുന്ന സെന്ററുകളുടെ ശേഷി ഇപ്പോൾ നാലിലൊന്നായി കുറഞ്ഞു. യുഎച്ച്ഐഡി പതിക്കാൻ കൂടുതൽ സമയമെടുക്കുന്നതാണു കാരണം. കേരളത്തിലെ 73 ഹാൾമാർക്കിങ് സെന്ററുകളിലും രാവിലെ ആഭരണങ്ങൾ നൽകിയാൽ അന്നുതന്നെ മുദ്ര ചെയ്തു നൽകുമായിരുന്നു. എന്നാൽ, ഇപ്പോൾ 3 ദിവസം വരെ താമസം വരുമെന്നാണ് ഹാൾമാർക്കിങ് സെന്ററുകൾ പറയുന്നത്.

അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ തിരക്കുകൂട്ടി യുഎച്ച്‌ഐഡി നിർബന്ധമാക്കിയതാണ് പ്രതിസന്ധിക്കു കാരണമെന്നു വ്യാപാരികളുടെ സംഘടനകൾ ആരോപിക്കുന്നു. യുഎച്ച്‌ഐഡി പതിപ്പിക്കുമ്പോൾ ആഭരണം പൊട്ടിപ്പോകാനുള്ള സാധ്യതയുള്ളതിനാൽ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായും വ്യാപാരികൾ പറയുന്നു. ഹാൾമാർക് ചെയ്യാത്ത ആഭരണങ്ങൾ ഹാൾ മാർക്കിങ്ങിലേക്കു മാറാനുള്ള അവസാന തീയതിയുടെ കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. ഓഗസ്റ്റ് അവസാനം വരെയെന്നാണ് കേന്ദ്രത്തിന്റെ നിർദേശമെങ്കിലും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിസിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല.

"കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഹാൾമാർക്കിങ് സെന്ററുകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാൻ കഴിയുന്നില്ല. യുഎച്ച്ഐഡി പ്രിന്റ് ചെയ്യാൻ കുറച്ച് സമയം അധികമെടുക്കും. ബാക്കിയുള്ള പ്രവർത്തനങ്ങൾ ഒരുപോലെയാണ്. സംവിധാനം ഓൺലൈനിലേക്കു മാറി എന്ന മാറ്റമേ ഉണ്ടായിട്ടുള്ളു." -പി.രാജീവ്, ബിഐഎസ് കേരള മേധാവി.

"ഇപ്പോൾ എച്ച്‌യുഐഡി മുദ്ര പതിപ്പിക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നുണ്ട്.  അതേദിവസം തന്നെ ആഭരണത്തിൽ മുദ്ര പതിപ്പിച്ചുകൊടുക്കാൻ കഴിയുന്നില്ല. ശേഷി 30 ശതമാനമായി കുറഞ്ഞു. ബിഐഎസ് സെർവറിന്റെ വേഗം വളരെ കുറവാണ്. സോഫ്റ്റ്‌വെയറിൽ ഓട്ടമേഷൻ കുറവായതിന്റെ പ്രശ്നങ്ങളുമുണ്ട്. ഹാൾമാർക്കിങ് സെന്ററുകളിലെ മെഷീൻ അപ്ഗ്രഡേഷൻ, സോഫ്റ്റ്‌വെയർ ഓട്ടമേഷൻ എന്നിവ നടക്കുന്നുണ്ട്. ട്രയൽ നടത്താതെ യുഎച്ച്ഐഡി നടപ്പാക്കിയതിന്റെ പ്രശ്നങ്ങളുണ്ട്. അടുത്ത മാസം അവസാനത്തോടെ ശേഷി 70 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു." -ജയിംസ് ജോസ്, ഹാൾമാർക്കിങ്,ഫെഡറേഷൻ ഓഫ് ഇന്ത്യ, ദേശീയ പ്രസിഡന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com