ലാൻഡിങ് ഫീസും പാർക്കിങ് ഫീസും സൗജന്യം, എന്നിട്ടും വരുന്നില്ല യൂറോപ്പ് വിമാനം!

നേരിട്ട് പറക്കണം യൂറോപ്പിലേക്ക്
flight
SHARE

യൂറോപ്പിലേക്ക് ഏതു വിമാനക്കമ്പനി സർവീസ് നടത്തിയാലും ഒരു വർഷത്തേക്ക് ലാൻഡിങ് ഫീസും പാർക്കിങ് ഫീസും സൗജന്യം! ഇങ്ങനെയൊരു ഓഫർ സിയാൽ വച്ചിട്ട് കാലമേറെയായി. എയർ ഇന്ത്യയുടെ ലണ്ടൻ സർവീസിന് അതു കിട്ടുന്നുമുണ്ട്. 2.25 ലക്ഷം രൂപ ലാൻഡിങ് ഫീസ് ഫ്രീ. എയ്റോബ്രിജ്, ബാഗേജ് സ്കാൻ സൗജന്യങ്ങളും ചേരുമ്പോൾ രണ്ടരലക്ഷം രൂപയിലേറെ സിയാലിന് നഷ്ടമാണ്. പക്ഷേ എന്നിട്ടും മറ്റു വിദേശ എയർലൈനുകൾ ഏറ്റെടുത്തിട്ടില്ല. ഫ്രാങ്ക്ഫർട്ടിലേക്ക് ലുഫ്താൻസ ടിക്കറ്റ് ബുക്കിങ് വരെ തുടങ്ങിയിട്ട് നിർത്തലാക്കിയ ചരിത്രവുമുണ്ട്. യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കും അമേരിക്കയിലേക്കും വിമാനം മാറിക്കയറാൻ ഇന്ത്യൻ, ഗൾഫ് നഗരങ്ങളിലും സിംഗപ്പൂരിലും ഹോങ്കോങ്ങിലും കൊളംബോയിലും വരെ പോയവരുടെ ദുരിത കഥകളാണെങ്ങും.

കൊറോണക്കാലം വന്നതോടെ മൂന്നാമതൊരു രാജ്യത്തു പോയി വിമാനം മാറിക്കയറാൻ ആരും താൽപര്യപ്പെടുന്നില്ല. അവിടുത്തെ വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരിക്കുന്നത് പകർച്ചവൈറസ് ലഭിക്കാനുള്ള സാധ്യത കൂട്ടുകയാണ്. നേരിട്ടുള്ള വിമാനം വേണമെന്ന മുറവിളിക്കു പിന്നിൽ ഇതും പ്രധാന കാരണമാണ്. ഡൽഹിയിൽനിന്നു മാറിക്കയറണമെങ്കിൽ മിക്കവാറും പകൽ ഡൽഹിയിലെത്തിയിട്ട് പിറ്റേന്നു പുലർച്ച വരെ കാത്തിരിക്കേണ്ടി വരും. ഹോട്ടലിൽ പോയി വിശ്രമിച്ചാൽ അവിടെ മുറിവാടക നിരക്കിലും ടാക്സി നിരക്കിലും നഗ്നമായ ചൂഷണമാണ്. തിരികെ വരുമ്പോൾ കസ്റ്റംസിന്റെ പീഡനത്തിൽ അനുഭവസ്ഥരേറെ.

പെട്ടിയിൽ നിന്നു വിലപ്പെട്ട സാധനങ്ങൾ കാണാതെ പോകുന്നതും പതിവ്. യുഎസിലേക്കു പോകുന്നവർ ഗൾഫ് നഗരങ്ങളിൽ ചിലപ്പോൾ ഒരു മണിക്കൂറോ ചിലപ്പോൾ 8–10 മണിക്കൂറോ അടുത്ത വിമാനത്തിനായി കാത്തിരിക്കേണ്ടിവരും. വിമാനം വൈകിയാൽ കണക്​ഷൻ വിമാനം കിട്ടാതെ പോകാം. അതേ വിമാനത്തിനായി പിറ്റേന്നു വരെ കാത്തിരിക്കേണ്ടി വരും. കൃത്യ സമയത്തിന് എത്തിയാലും അടുത്ത വിമാനത്തിൽ കയറാനുള്ള ഗെയ്റ്റ് കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലാണ്. വിദേശയാത്ര നടത്തുന്നവരെല്ലാം ചെറുപ്പക്കാരല്ലെന്നോർക്കുക. പ്രായമായവരും ശാരീരിക അവശതകളുള്ളവരും കുട്ടികളുമുണ്ട്. പ്രായമായവർക്കും കൊച്ചുകുട്ടികളുമായി യാത്ര ചെയ്യുന്നവർക്കും ഈ ഓട്ടപ്പാച്ചിലും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും ദുസ:ഹം. ഓസ്ട്രേലിയയിലേക്കു പോകാൻ സിംഗപ്പൂരിലും ഹോങ്കോങ്ങിലുമൊക്കെ 8–10 മണിക്കൂർ കണക്‌ഷൻ വിമാനത്തിനായി കാത്തിരിപ്പുണ്ട്.

വിമാനത്താവളത്തിൽ തന്നെ പ്രഭാതകൃത്യങ്ങൾ നിർവഹിക്കുന്നതിലെ ബുദ്ധിമുട്ടും. മലയാളികളെ മാത്രം എന്തിനിങ്ങനെ പാടുപെടുത്തുന്നു? സിക്കുകാർ കൂട്ടമായി കുടിയേറുന്ന കാനഡയിലേക്ക് നേരിട്ടുള്ള വിമാനം ഏർപ്പെടുത്തിയത് മുറവിളി വന്നപ്പോഴാണ്. ചണ്ഡിഗഢിൽ നിന്നു വാൻകൂവറിലേക്കു വിമാനമുണ്ട്. കൊച്ചിയിൽനിന്നു നേരിട്ടു വിമാനം വന്നാൽ കേരളത്തിലുള്ളവർക്കു മാത്രമല്ല കോയമ്പത്തൂർ,തേനി,നീലഗിരി ജില്ലകൾ ഉൾപ്പെടുന്ന തമിഴ്നാട് ഭാഗത്തു നിന്നുള്ളവർക്കും നേട്ടമാണ്. പാലക്കാട് വഴി കൊച്ചിയിലെത്താം. മലയാളികൾ മാത്രമല്ല തമിഴ് യാത്രക്കാർക്കും പ്രയോജനപ്പെടുമെന്നായാൽ വിദേശത്തേക്ക് പ്രതിദിന യാത്രക്കാരുടെ എണ്ണം ഇപ്പോൾ കണക്കാക്കിയതിലും കൂടുതലായിരിക്കും.

ഓമന മൃഗങ്ങൾക്കും മാറിക്കയറണം

ഓമനമൃഗങ്ങളെ വിദേശത്തേക്കു കൊണ്ടുപോകാൻ കൊച്ചിയിൽനിന്ന് അനുമതിയില്ല. ചെന്നൈ,ബെംഗളൂരു പോലുള്ള മറ്റു രാജ്യാന്തര വിമാനത്താവളങ്ങളിലെത്തിച്ചു വേണം കൊണ്ടുപോകേണ്ടത്. വ്യോമയാന മന്ത്രാലയം കൊച്ചിക്ക് ഓമനമൃഗങ്ങളുടെ ക്വാറന്റീനിന് അനുമതി നൽകിയിരുന്നു. താൽക്കാലിക അനുമതി ജൂലൈ 31 വരെ നീട്ടുകയും ചെയ്തു. അതിനു ശേഷം ഇല്ല. എന്തിനും ഏതിനും ഡൽഹിയിൽ പോയി ലോബിയിങ് നടത്തിയാൽ മാത്രമേ രക്ഷയുള്ളൂ എന്നതാണു സ്ഥിതിയെന്ന് വിമാനത്താവള അധികൃതർ പറയുന്നു. ഓമനമൃഗങ്ങളെ കൊണ്ടുപോകാൻ തത്ത്വത്തിൽ അംഗീകാരം ഇപ്പോഴുമുണ്ട്. പക്ഷേ ക്വാറന്റീനോ ഡോക്ടറോ ഇല്ല. കേരളത്തിനു പുറത്ത് ഏതു വിമാനത്താവളത്തിൽനിന്ന് വിദേശത്തേക്കു പറക്കാൻ ഉദ്ദേശിക്കുന്നോ അവിടെ ഇതു സംബന്ധിച്ച അനുമതികൾക്കും മറ്റുമായി പലതവണ പോകേണ്ട സ്ഥിതിയാണുള്ളത്.

(പരമ്പര തുടരും: കോയമ്പത്തൂരിനും ആശ്രയം കൊച്ചി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA