ADVERTISEMENT

വിപണിയിലെ ഐപിഒ തരംഗം തുടർന്നുകൊണ്ടിരിക്കുകയാണ്. ഓരോ ഐപിഒ കഴിയുമ്പോഴും നിക്ഷേപകരിൽ നിന്നുണ്ടാകുന്ന മികച്ച പ്രതികരണമാണ് കൂടുതൽ കമ്പനികളെ ധനസമാഹരണത്തിനായി ഐപിഒ മാർഗം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, എല്ലാ ഐപിഒകളും നിക്ഷേപകന് ലാഭം നേടിക്കൊടുക്കണമെന്നില്ല. നിക്ഷേപകരുടെ സംശയങ്ങൾക്ക് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം തലവനായ വിനോദ് നായർ മറുപടി നൽകുന്നു.

ഐപിഒകളിൽ നിക്ഷേപിക്കുന്നത് നല്ല തന്ത്രമാണോ?

പണലഭ്യതയ്ക്കായി കമ്പനികൾ മികച്ച ആശയങ്ങൾ വിപണിയിലെത്തിക്കുമ്പോൾ, അത്തരം കമ്പനികളുടെ ഓഹരിയിൽ ഐപിഒകളിലൂടെ നിക്ഷേപിക്കുന്നത് രാജ്യത്തിനും നിക്ഷേപകർക്കും സമ്പത്തു വർധിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ്. ടിസിഎസ്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി തുടങ്ങിയവ ചില മികച്ച ഉദാഹരണങ്ങളാണ്. ഭാവിയിൽ മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ള കമ്പനികളെ തിരിച്ചറിയുകയും ദീർഘകാലാടിസ്ഥാനത്തിൽ അത്തരം കമ്പനികളുടെ ഓഹരികൾ ശേഖരിക്കുകയും ചെയ്യുന്നതാണ് നല്ലത്.

ഐപിഒകൾ സബ്സ്ക്രൈബ് ചെയ്യുന്നതിന് നിക്ഷേപകർ അവരുടെ കയ്യിലുള്ള സ്റ്റോക്കുകൾ വിൽക്കണോ?

ഒരാളുടെ കയ്യിലുള്ള സ്റ്റോക്കുകളുടെ മുൻകാല പ്രകടനവും വിപണിയിൽ ഉണ്ടായേക്കാവുന്ന സംഭവവികാസങ്ങളേയും അടിസ്ഥാനപ്പെടുത്തി മാത്രമായിരിക്കണം നിലവിലെ പോർട്ട്ഫോളിയോയിൽ നിന്ന് ഏതെങ്കിലും സ്റ്റോക്കുകൾ വിൽക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. കയ്യിലുള്ള സ്റ്റോക്കുകൾ ദുർബലമാണെങ്കിൽ, വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. നിക്ഷേപകന് ഫണ്ടുകളുടെ അഭാവവും സ്റ്റോക്കുകൾ വിൽക്കാൻ പദ്ധതിയുമുണ്ടെങ്കിൽ, അത് ഓഹരികളുടെ ഗുണനിലവാരവും പ്രതീക്ഷിച്ച നേട്ടങ്ങളും തമ്മിലുള്ള താരതമ്യത്തെ അടിസ്ഥാനമാക്കിയായിരിക്കണം. അപേക്ഷിച്ച ഓഹരിയിൽ അലോട്ട്മെന്റ് ലഭിക്കുമ്പോഴാണ് ഒരാൾ ഐപിഒയിൽ പങ്കാളികളാകുന്നത്. കൂടാതെ, ഒരു ലോട്ട് സ്വന്തമാക്കാൻ 15,000 രൂപ മതി. അതിനാൽത്തന്നെ, ഇന്നത്തെ ഓവർ സബ്സ്ക്രൈബ്ഡ് സാഹചര്യത്തിൽ ഐപിഒയിൽ പങ്കാളികളാകാൻ കയ്യിലുള്ള ഷെയറുകൾ വിൽക്കേണ്ട ആവശ്യം വരുന്നില്ല. 

ഏത് ഐപിഒ സബ്സ്ക്രൈബ് ചെയ്യണമെന്ന് നിക്ഷേപകർ എങ്ങനെ തിരഞ്ഞെടുക്കണം?

വിപണിയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം എളുപ്പം ലഭിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ഈ തീരുമാനം എളുപ്പമാണ്. ഓപ്പൺ മാർക്കറ്റ് അവലോകനങ്ങളും ഫോറങ്ങളും ബന്ധപ്പെട്ട ഐപിഒകളുടെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുന്നു. കൂടാതെ, പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ഐപിഒ കുറിപ്പുകളും സഹായിക്കുന്നു. ഇതിനൊക്കെ പുറമെ, നിക്ഷേപകന് ആർഎച്ച്പി (റെഡ് ഹെറിങ് പ്രോസ്പെക്ടസ്), മാർക്കറ്റ് വ്യൂ എന്നിവയിലെ വിവരങ്ങൾ വച്ച് സ്വയം ഗവേഷണം നടത്താവുന്നതുമാണ്. ബിസിനസുകളുടെ തരം, വ്യവസായ കാഴ്ചപ്പാട്, ബ്രാൻഡ്, ഉൽപന്നങ്ങൾ, മാനേജ്മെന്റിന്റെ കാര്യപ്രാപ്തി, ലാഭക്ഷമത, സ്റ്റോക്കിന്റെ വില എന്നിവ പരിശോധിക്കേണ്ട ചില പ്രധാന ഘടകങ്ങളാണ്. 

ലിസ്റ്റിങ്ങിനു ശേഷം ഓഹരി വിൽക്കുന്ന ഒരു പ്രവണതയുണ്ട്? ഇത് ശരിയായ തന്ത്രമാണോ? അലോട്ട്മെന്റ് ലഭിച്ചാൽ നിക്ഷേപകർ എന്തു ചെയ്യണം ?

ഈ വിൽപന മികച്ച ആശയമല്ല. എന്നിരുന്നാലും, ഹ്രസ്വകാല നിക്ഷേപകർക്ക് ലിസ്റ്റിങ്ങിനു ശേഷം ഓഹരികൾ വിൽക്കുന്നതിലൂടെ ലാഭമുണ്ടാക്കാവുന്നതാണ്. ഭാവിയിൽ എല്ലാ ഓഫറുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നില്ല എന്നതിനാൽ, നിലവിലുള്ള ആവേശകരമായ മാർക്കറ്റ് സാഹചര്യത്തിൽ ഭാഗികമായി ലാഭമെടുക്കുന്നതും നല്ലൊരു തന്ത്രമാണ്. അതേസമയം, തുടക്കത്തിലെ കുതിപ്പിനു ശേഷം ഓഹരികൾ വില സ്ഥിരത കൈവരിക്കുമെന്നതിനാൽ, കമ്പനിയുടെ പ്രകടനത്തിനനുസരിച്ച് ഓഹരികൾ ശേഖരിക്കുകയോ വിൽക്കുകയോ ചെയ്യാം. രാസവസ്തുക്കൾ, ഐടി, ഫാർമ, കരാർ നിർമ്മാണം, ടെക് അധിഷ്ഠിത കമ്പനികൾ, സ്റ്റാർട്ടപ്പുകൾ എന്നീ മേഖലകൾ പ്രതീക്ഷ നൽകുന്നവയാണ്.

ഐപിഒകൾ തുടർക്കഥയാകുമ്പോഴും, സമീപകാല ലിസ്റ്റിങ് വിലകൾ കുറയുന്ന പ്രവണത കാണുന്നുണ്ട്. എന്താണിതിനു കാരണം?

2020, 2021 കാലഘട്ടത്തിലെ ഐപിഒകളുടെ എക്കാലത്തെയും മികച്ച പ്രകടനം, അമിതമായ വിതരണത്തിലും ഓഫറിന്റെ ഗുണനിലവാരത്തകർച്ചയിലും കൊണ്ടെത്തിച്ചു, ഇത് സമീപകാല ഐപിഒകളുടെ ദുർബലമായ പ്രകടനത്തിലേക്ക് നയിച്ചു. കൂടാതെ, ഓഗസ്റ്റ് മാസത്തിലെ മിഡ് & സ്മോൾ ക്യാപ്പുകളുടെ ഉയർന്ന ചാഞ്ചാട്ടം, ഈയിടെ സമാനമായ തരത്തിലുള്ള ഐപിഒകളുടെ പ്രകടനത്തെ ബാധിച്ചു.

ഹ്രസ്വകാലങ്ങളിലേക്ക് ഈ സാഹചര്യം നിലനിൽക്കാനാണ് സാധ്യത, നിക്ഷേപകർ ജാഗ്രതയോടുകൂടി വേണം സമീപിക്കാൻ. മാർക്കറ്റിലെ സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ ഇത് ഒരു ഉയർച്ചയോടെ സ്ഥിരപ്പെടുമെന്ന് പ്രതീക്ഷിക്കാം. ഇടക്കാല അടിസ്ഥാനത്തിൽ, സമ്പദ്‌വ്യവസ്ഥ അൺലോക്ക് ചെയ്യുമ്പോൾ, വലുതും മികച്ചതുമായ ഓഫർ പ്രതീക്ഷിക്കാം. ഇന്ത്യൻ ജിഡിപിയുടെ പ്രതീക്ഷിക്കപ്പെടുന്ന വളർച്ചയും സാമ്പത്തിക പരിഷ്കാരങ്ങളും ലിസ്റ്റിങ് വിലകളിൽ ഉയർച്ചയുണ്ടാക്കാൻ സാധ്യതയുണ്ട്. 

പല ഐപിഒ കമ്പനികളും സാമ്പത്തികമായി ശക്തമല്ലാത്തതിനാൽ, ദീർഘകാല സാഹചര്യത്തിൽ നിക്ഷേപകർക്ക് നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ടോ?

ഐപിഒ കമ്പനികൾ സാമ്പത്തികമായി ശക്തമല്ലെങ്കിൽ, തീർച്ചയായും ആ സ്റ്റോക്ക് വിലകളെ സാരമായി ബാധിക്കും. 2020 –2021 ൽ വാഗ്ദാനം ചെയ്ത ഐപിഒകളുടെ ഗുണനിലവാരം വിലയിരുത്തിയാൽ, മിക്കവയും നല്ല നിലവാരമുള്ളവയാണ്. അവയിൽ ഭൂരിഭാഗവും കെമിക്കൽസ്, ഫാർമ, ഐടി അധിഷ്ഠിത മേഖലകളുമായി ബന്ധപ്പെട്ടവയാണ്. കൂടാതെ പല സ്റ്റോക്കുകളുടെയും ബിസിനസ് മാതൃക നേരുള്ളതായിരുന്നു. അതിനാൽത്തന്നെ, കനത്ത നഷ്ടം നേരിടാനുള്ള സാധ്യത കുറവാണ്. ഈയിടെയായി ഓഫറുകളുടെ ഗുണനിലവാരം ദുർബലമാകുന്ന ഒരു പ്രവണതയും കാണുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com