ADVERTISEMENT

ന്യൂഡൽഹി∙ കടക്കെണിയിലായ എയർ ഇന്ത്യ വിമാന കമ്പനി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പ്, സ്പൈസ് ജെറ്റ് എന്നിവ സാമ്പത്തിക ടെൻഡർ സമർപ്പിച്ചു. വിൽപന സംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിലേക്കു കടന്നെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. ടെൻഡറുകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ ശേഷം തുടർ നടപടികൾ വൈകാതെ സ്വീകരിക്കും. ഈ വർഷം ഡിസംബറോടെ വിൽപന പൂർത്തിയാക്കുകയാണു ലക്ഷ്യം. എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റയും സ്പൈസ് ജെറ്റ് പ്രൊമോട്ടർ അജയ് സിങ്ങും മുൻപ് താൽപര്യപത്രം സമർപ്പിച്ചിരുന്നു.

എയർ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താൽപര്യപത്രം സമർപ്പിച്ചിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയിൽ തള്ളിപ്പോയി. എയർ ഇന്ത്യയ്ക്കായി യുഎസ് ആസ്ഥാനമായുള്ള ഇന്റർ അപ്സ് കമ്പനിയും രംഗത്തിറങ്ങിയെങ്കിലും പിന്നീട് പിൻമാറി. 2007 മുതൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്. എയർ ഇന്ത്യയുടെ പ്രവർത്തനത്തിലൂടെ പ്രതിദിനം 20 കോടി രൂപയാണു കേന്ദ്ര സർക്കാർ വഹിക്കുന്ന നഷ്ടമെന്നു മുൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ഈയിടെ പറഞ്ഞിരുന്നു.

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്താൽ, 68 വർഷത്തിനു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയർ ഇന്ത്യ വീണ്ടുമെത്തും. 1932ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946ൽ എയർ ഇന്ത്യ ആയത്. 1953ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. 1977 വരെ ജെ.ആർ.ഡി. ടാറ്റ ആയിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ. 2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തൽക്കാലം വിൽപന വേണ്ടെന്നു സർക്കാർ തീരുമാനിച്ചു. 2013ൽ ടാറ്റ 2 വിമാന കമ്പനികൾ ആരംഭിച്ചു – എയർ ഏഷ്യ ഇന്ത്യയും (സഹപങ്കാളി – മലേഷ്യയിലെ എയർ ഏഷ്യ), വിസ്താരയും (സഹപങ്കാളി – സിംഗപ്പുർ എയർലൈൻസ്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com