ADVERTISEMENT

ന്യൂഡൽഹി∙ വാഹന വ്യവസായ മേഖലയ്ക്ക് 26058 കോടി രൂപയുടെ ഉൽപാദന ബന്ധിത ആനുകൂല്യപദ്ധതി നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതിൽ 120 കോടി രൂപ ഡ്രോൺ നിർമാണത്തിന് ആനുകൂല്യങ്ങൾ നൽകാനായിരിക്കും. കോവിഡ് മറികടന്ന് ഉൽപാദന മേഖല സജീവമാക്കാൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ 57,043 കോടി വാഹനമേഖലയ്ക്കു നീക്കിവയ്ക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും 5 വർഷത്തേക്ക് 25,938 കോടി മതിയെന്നു പിന്നീടു വിലയിരുത്തുകയായിരുന്നു. രാജ്യത്ത് ആധുനിക ഓട്ടമോട്ടിവ് സാങ്കേതിക ഉൽപന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കാനാണു പദ്ധതിയെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.

ഇതോടെ, 42,500 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7.5 ലക്ഷം തൊഴിലവസരങ്ങളുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ, ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങൾ, എല്ലാത്തരം വാഹനങ്ങളുടെയും നിർമ‍ാണത്തിനാവശ്യമായ ഉയർന്ന സാങ്കേതിക ഘടകങ്ങൾ തുടങ്ങിയവയുടെ നിർമാണം വർധിപ്പിക്കാനാണ് പദ്ധതി. അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ, ഇലക്ട്രിക് വാഹന പദ്ധതി(ഫെയിം) എന്നിവയ്ക്കുള്ള ഉൽപാദന ബന്ധിത പദ്ധതികൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

യഥാക്രമം 18,100 കോടി രൂപയുടേതും 10,000 കോടി രൂപയുടേതുമായ ആനുകൂല്യങ്ങളാണ് ഇതുവഴി നൽകുനനത്. ഡ്രോൺ വ്യവസായ പ്രോത്സാഹന പദ്ധതിയിൽ 5000 കോടിയുടെ നിക്ഷേപമാണ് 5 വർഷം കൊണ്ടു പ്രതീക്ഷിക്കുന്നത്. 10,000 പേർക്ക് തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. പെട്രോൾ, ഡീസൽ എൻജിൻ സാങ്കേതിക വിദ്യ 100 വർഷം പഴക്കമുള്ളതും ഇന്ത്യയി‍ൽ ശക്തമായ നിലയിലുള്ളതുമാണെന്നും പ്രത്യേക ആനുകൂല്യങ്ങൾ വേണ്ടെന്നും സർക്കാർ വിലയിരുത്തി. വൈദ്യുത വാഹനങ്ങളുടെയും അവയ്ക്കാവശ്യമായ ബാറ്ററി ഉൾപ്പെടെയുള്ള ഘടകങ്ങളുടെയും നിർമാണത്തിന് ആനുകൂല്യം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com