ADVERTISEMENT

തിരുവനന്തപുരം ∙ ശബരി ബ്രാൻഡ് ഉൽപന്നങ്ങൾ വിപണിയിലേക്ക് എന്ന പേരിൽ സപ്ലൈകോ ഇ ടെൻഡർ നടപടി അട്ടിമറിച്ചു.ഓരോ ഉൽപന്നത്തിനും 100 കോടിയിലേറെ വാർഷിക വിറ്റുവരവുള്ള ഉൽപാദകരിൽ നിന്നു താൽപര്യപത്രം ക്ഷണിച്ചു. കരാറുകാരനെ തിരഞ്ഞെടുക്കാൻ മാർക്ക് ദാനം, സപ്ലൈകോ ആസ്ഥാനത്തിനു 30 കിലോമീറ്റർ ചുറ്റളവിൽ ഫാക്ടറി എന്നിങ്ങനെ വിചിത്ര നിബന്ധനകളും ഉൾപ്പെടുത്തി. ഒറ്റ നോട്ടത്തിൽ തന്നെ ഈ കരാറെല്ലാം ആർക്കു വേണ്ടിയെന്നു വ്യക്തമാണെന്നു സപ്ലൈകോ ഉന്നതർ പറഞ്ഞു.

5 ലക്ഷം രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടും സർക്കാരിന്റെ വെബ്സൈറ്റിൽ ഇ ടെൻഡർ വഴി മാത്രമേ പാടുള്ളുവെന്ന ഉത്തരവ് ലംഘിച്ചാണു കോടികളുടെ ഇടപാട്. സംസ്ഥാന സർക്കാരും കേന്ദ്ര വിജിലൻസ് കമ്മിഷനും ഇതു സംബന്ധിച്ച് ആവർത്തിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. മുൻപു 25 ലക്ഷം രൂപ വരെ ടെൻഡർ ഇല്ലാതെ വാങ്ങാൻ അനുമതി നൽകിയപ്പോൾ വമ്പൻ അഴിമതിയാണ് അരങ്ങേറിയത്. തുടർന്നാണ് ഇതിന്റെ പരിധി 5 ലക്ഷമായി ചുരുക്കിയത്.

കഴിഞ്ഞ പത്തിനാണു സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഇ ടെൻഡറിനു പകരം താൽപര്യ പത്രം ക്ഷണിച്ചത്. 29നകം അപേക്ഷിക്കണം. സാനിറ്റൈസർ, ഹാൻഡ് വാഷ്, ടോയ്‌ലറ്റ് ക്ലീനർ ,സോപ്പുപൊടി എന്നിവയ്ക്കാണ് ഒരു താൽപര്യ പത്രം. കേരളത്തിലുള്ള ഉൽപാദകർ ഇതു ശബരി ബ്രാൻഡിൽ ഉൽപാദിപ്പിച്ചു നൽകണം. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനി ഉൽപാദനം, പാക്കിങ്, സപ്ലൈകോ കേന്ദ്രങ്ങളിൽ വിതരണം എന്നിവ ചെയ്യണം.

നിബന്ധനകൾ : മാസം 200 ടൺ സോപ്പുപൊടി, 1000 യൂണിറ്റ് വീതം സാനിറ്റൈസർ, ഹാൻഡ് വാഷ്, ടോയ്‌ലറ്റ് ക്ലീനർ എന്നിവ ഉൽപാദിപ്പിക്കാൻ ശേഷി. ഉൽപന്നം സൂക്ഷിക്കാൻ ഗോഡൗൺ സൗകര്യം. ഉൽപന്നങ്ങളുടെ നിലവാരം സപ്ലൈകോ നിരീക്ഷിക്കും. അപേക്ഷ ഓരോന്നും സപ്ലൈകോ വിലയിരുത്തും. അതിനു ശേഷം ഓരോ മാനദണ്ഡത്തിനും മാർക്ക് നൽകും. അതിൽ യോഗ്യരാകുന്നവരിൽ കുറഞ്ഞ നിരക്കു രേഖപ്പെടുത്തിയ സ്ഥാപനത്തിനു കരാർ നൽകും. 3 വർഷത്തേക്കാണു കരാർ.

മൈദ, സൂചി റവ എന്നിവയ്ക്കാണു മറ്റൊരു താൽപര്യ പത്രം. ഉൽപാദന ശേഷി മാസം 500 ടൺ . ഉൽപാദനം കേരളത്തിലായിരിക്കണം. കരാറുകാരെ തിരഞ്ഞെടുക്കാൻ എല്ലാറ്റിനും ഒരേതരം മാർക്കുദാനം. ഇതിനു പുറമേ സംസ്ഥാനത്തിനു പുറത്തുള്ളവർക്കായും മറ്റ് ഉൽപന്നങ്ങൾക്കായി താൽപര്യ പത്രം ക്ഷണിച്ചു. ഇതേസമയം ചില ഉൽപന്നങ്ങൾ ശബരി ബ്രാൻഡിൽ വിപണിയിൽ എത്തിക്കാൻ ഇ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സർക്കാരിന്റെ അറിവോടെയാണോ ‘താൽപര്യപത്ര ഇടപാടുകൾ’ എന്നു വ്യക്തമല്ല. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും ആരോപണം ഉയർന്ന വകുപ്പുകളിലൊന്നു ഭക്ഷ്യ വകുപ്പായിരുന്നു.

മാർക്ക് ദാനം ഇങ്ങനെ :

∙പ്രവൃത്തി പരിചയം – ഓരോ വർഷത്തിനും 2 മാർക്ക് എന്ന കണക്കിൽ പരമാവധി 20 മാർക്ക്

∙നൂതന സാങ്കേതിക വിദ്യ–10

∙ഫാക്ടറി സപ്ലൈകോ ആസ്ഥാനത്തിനു 30 കിലോമീറ്ററിനുള്ളിൽ –10 ,അല്ലെങ്കിൽ – 5 .

∙പാക്കിങ് കവറിന്റെ നിലവാരം –10

∙ക്വാളിറ്റി സർട്ടിഫിക്കേഷൻ( ഐഎസ്ഒ 2015)–10 .ആകെ 60 മാർക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com