ADVERTISEMENT

കൊച്ചി∙ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കൂടിയതിനാൽ ഇന്ത്യയിൽ വരും ദിവസങ്ങളിൽ ഇന്ധന വില വർധിക്കാൻ സാധ്യതയെന്ന് എണ്ണക്കമ്പനികൾ. ബാരലിന് 75.13 ഡോളറാണ് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഇന്നലത്തെ വില. കഴിഞ്ഞ 10 ദിവസത്തിനിടെ ക്രൂഡ് ഓയിൽ വിലയിൽ 3 ഡോളറിന്റെ വർധനയാണ് ഉണ്ടായതെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ഇന്ത്യയിൽ 2 മാസമായി ഇന്ധന വില വർധിപ്പിച്ചിട്ടില്ല. 

ഓഗസ്റ്റിലെ ശരാശരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രൂഡ് ഓയിൽ വിലയിൽ ഈ മാസം ഏകദേശം 4–6 ഡോളറിന്റെ വർധനയുണ്ടായി. ഇന്ധന വില വർധിപ്പിക്കാത്ത സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്ക് ഇതു വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ക്രൂഡ് ഓയിൽ വില ഈ നിലയിൽ തുടർന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കേണ്ടി വരുമെന്നും ഐഒസി വൃത്തങ്ങൾ അറിയിച്ചു. കോവിഡ് വ്യാപനത്തോത് കുറഞ്ഞതോടെ രാജ്യത്തെ കഴിഞ്ഞ മാസത്തെ പെട്രോൾ വിൽപന കോവിഡിനു മുൻപ് 2019 ഓഗസ്റ്റിലെ വിൽപനയേക്കാൾ കൂടുതലാണ്.

ഓഗസ്റ്റിൽ 65 ഡോളറിലേക്ക് താഴ്ന്ന ക്രൂഡ് വില പിന്നീട് പടിപടിയായി ഉയർന്ന് അവസാന വാരം മുതൽ 71– 75 ഡോളറിനിടയിൽ തുടരുകയാണ്. ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് യുഎസിന്റെ ക്രൂഡ് ഉൽപാദനത്തിൽ ഇടിവു വന്നതും രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് ആവശ്യം വർധിച്ചതുമാണ് ഇപ്പോൾ വില കൂടാൻ കാരണം. 

രണ്ടാഴ്ച; മാറാതെ ഇന്ധനവില

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസം 5 നാണ് അവസാനമായി ഇന്ധന വിലയിൽ മാറ്റം വരുത്തിയത്. നിലവിൽ കൊച്ചി നഗരത്തിൽ പെട്രോളിന് 101.48 രൂപയും ഡീസലിന് 93.57 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 1.25 രൂപയും പെട്രോളിന് 58 പൈസയും കുറച്ചു. പെട്രോളിന് ജൂലൈ 17നും ഡീസലിന് ജൂലൈ 15നുമാണ് അവസാനമായി വില വർധിപ്പിച്ചത്.

Content Highlight: Petrol Diesel Price, Crude oil price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com