സീ ടിവിയും സോണിയും ലയിക്കുന്നു; വരുന്നത് വമ്പൻ വിനോദ ചാനൽ

MERGING
പ്രതീകാത്മക ചിത്രം.
SHARE

കൊച്ചി∙ സീ ടിവി അതിജീവനത്തിനുള്ള തത്രപ്പാടിൽ, സോണി പിക്ചർ നെറ്റ്‌വർക്ക് ആകട്ടെ ഇന്ത്യയിലെ പ്രാദേശിക വിപണികളിൽ പിടുത്തംകിട്ടാത്ത അവസ്ഥയിലും. രണ്ടു വമ്പൻ കമ്പനികളും ഒരുമിച്ചാലോ, വിൻ വിൻ! അങ്ങനെയാണ് സീയും സോണിയും ഒന്നിക്കുന്നത്. 

രണ്ടു കമ്പനികളും ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിയിൽ സി ടിവിക്ക് 47% ഓഹരി പങ്കാളിത്തമുണ്ടാകും. സോണിക്ക് 52.9% പങ്കാളിത്തവും.  സീയുടെ ഡയറക്ടർ ബോർഡ് തത്വത്തിൽ ഇടപാടിന് അനുമതി നൽകി. അതോടെ സീ ടിവിയുടെ ഓഹരി വിലയിൽ 25% കുതിപ്പുണ്ടായി. ഇനി വിപണി റഗുലേറ്ററുടെ അനുമതി കൂടി വേണം. അതിലേറെ പ്രധാന വസ്തുത പുതിയ കമ്പനിയായിരിക്കും ഇന്ത്യൻ ടിവി വിനോദ രംഗത്തെ ഏറ്റവും വലിയ കമ്പനി എന്നതാണ്.

തെലുങ്കു ചാനലായ മാ ടിവി ഏറ്റെടുക്കാൻ സോണി 10 വർഷം മുമ്പു ചർച്ച നടത്തിയതാണ്. സ്റ്റാർ ടിവി അതു തട്ടിക്കൊണ്ടു പോയി. 3 വർഷം മുമ്പ് മറാത്തിയിൽ സോണി ഒരു ചാനൽ അവതരിപ്പിച്ചു. അങ്ങനെ ഇന്ത്യയിലെ ഭാഷാവിപണികളിൽ ചെറിയ സാന്നിദ്ധ്യം മാത്രമുണ്ടായിരുന്ന സോണിക്ക് എല്ലാം കൂടി ഒരുമിച്ചു കിട്ടുംപോലാണ് സീയുടെ ഏറ്റെടുക്കൽ. കാരണം സി ടിവിക്ക് ഹിന്ദി ഉൾപ്പടെ നിരവധി ഭാഷകളിൽ ശക്തമായ ചാനലുകളുണ്ട്. ദക്ഷിണേന്ത്യൻ ഭാഷകളിലും മറാത്തിയിലും ബംഗാളിയിലും ഉൾപ്പെടെ. എല്ലായിടത്തും സി ടിവിയുടെ ചാനൽ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ ആണ്. എല്ലാം ചേർത്ത് സിടിവിക്ക് 49 ചാനലുകളും സിടിവിക്ക് 26 ചാനലുകളുമുണ്ട്.

പുതിയ സംയുക്ത കമ്പനിയുടെ എംഡിയും സിഇഒയുമായി പുനീത് ഗോയങ്ക നിയമിതനായി. സംയുക്ത കമ്പനി ഇന്ത്യൻ ടിവി വിനോദ രംഗത്തെ അതികായനായി മാറുമെന്നാണു വിലയിരുത്തൽ. നെറ്റ്ഫ്ളിക്സും ഡിസ്നിയുമായി മൽസരിക്കാനുള്ള മസിൽ ഈ കമ്പനിക്കുണ്ടാവും. സോണി മാക്സ്, സോണി ലൈവ്, സീ5, സീടിവി പോലുള്ള ചാനലുകളുള്ള പുതിയ കമ്പനിക്ക് ഇന്ത്യൻ വിപണിയുടെ 50% ഇപ്പോൾ തന്നെയുണ്ട്. ഇന്ത്യയിലെ ആകെ ടിവി കാഴ്ചക്കാരുടെ 26% പുതിയ കമ്പനിക്കുണ്ട്. സീ ടിവിയുടെ വിപണിമൂല്യം 450 കോടി ഡോളറായി ഉയരുകയും ചെയ്തു. 

ജപ്പാനിലെ സോണി ഗ്രൂപ്പിന്റെ ഭാഗമായ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ (എസ്പിഎൻഐ) പുതിയ കമ്പനിയുടെ പരിപാടികൾക്കായി 150 കോടി ഡോളർ (11,000 കോടി രൂപ) മുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ടിവി ചാനലുകളിൽ ഒന്നാന്തരം സീരിയലുകളും സിനിമകളും ഹോളിവുഡ് നിലവാരത്തിൽ അവതരിക്കാൻ പോകുന്നതിന്റെ തുടക്കമാണിത്.

English Summary: Zee Entertainment announces merger with Sony Pictures Networks India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA