ADVERTISEMENT

കൊച്ചി∙ ഖാദി മേഖലയിലെ കേരളത്തിലെ ഏക  റോവിങ് മെറ്റീരിയൽ നിർമാണ പ്ലാന്റ് പൂട്ടിയതോടെ മേഖല വൻ പ്രതിസന്ധിയിലേക്ക്. കേരളത്തിൽ എല്ലാ ഖാദി നൂൽനൂൽപ് കേന്ദ്രങ്ങൾക്കുമുള്ള  റോവിങ് വസ്തു നിർമിക്കുന്ന തൃശൂർ കുറ്റൂരിലെ സെൻട്രൽ സ്‌ലൈവർ പ്ലാന്റാണ് രണ്ടുമാസമായി പൂട്ടിക്കിടക്കുന്നത്. പഞ്ഞിയിൽ നിന്ന് നൂൽ ആകുന്നതിനു മുൻപുവരെയുള്ള കാര്യങ്ങളാണ് മെഷീൻ ഉപയോഗിച്ച് ഇവിടെ ചെയ്യുന്നത്. നൂലാക്കുന്നത് നൂൽനൂൽപ് കേന്ദ്രത്തിലെ ചർക്കയിലാണ്. കേന്ദ്രസർക്കാരിനു കീഴിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ മേൽനോട്ടത്തിലുള്ളതാണ് സ്ഥാപനം. 

നവീകരണത്തിന്റെ ഭാഗമായി പഴയ ഉപകരണങ്ങൾ മാറ്റി പുതിയത് സ്ഥാപിക്കാനാണ് സ്ഥാപനം താൽക്കാലികമായി പൂട്ടിയതെന്നും പ്രവർത്തനക്ഷമമാകാൻ മാർച്ച് ആകുമെന്നും നിലവിൽ റോവിങ് മെറ്റീരിയൽ വിതരണം നടക്കുന്നുണ്ടെന്നുമാണ് കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. 

പുതിയ ഉപകരണങ്ങൾ വാങ്ങാനായി പഴയ ഉപകരണങ്ങളെല്ലാം വിറ്റു. കരാർ ജീവനക്കാരെ പിരിച്ചുവിട്ടു. എന്നാൽ ഏകദേശം ഇരുപത്തിയഞ്ചോളം വരുന്ന സ്ഥിരം ജീവനക്കാർക്ക് ജോലിയില്ലെങ്കിലും രണ്ടുമാസമായി ശമ്പളം ലഭിക്കുന്നുണ്ട്. പലരും 50,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം വാങ്ങുന്നവരാണ്.

മെഷീൻ മാറ്റുന്നതുൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊള്ളേണ്ട ടെക്നിക്കൽ സ്റ്റാഫിന്റെ തസ്തികയും 2 വർഷമായി ഒഴിഞ്ഞു കിടക്കുകയാണ്. വസ്തുക്കൾ ലഭിക്കാതെ വരുന്നതോടെ നൂൽനൂൽപ് കേന്ദ്രങ്ങളിലെ തൊഴിലാളികൾക്കും ജോലി ഇല്ലാതാകും. കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലാണ് ഇത്തരം പ്ലാന്റുള്ളത്. തമിഴ്നാട്ടിലേക്കും പശ്ചിമ ബംഗാളിലേക്കും മറ്റും ഇവിടെ നിന്ന്  വസ്തുക്കൾ കയറ്റി അയച്ചിരുന്നു. കേരളത്തിൽ നിർമിച്ചിരുന്ന റോവിങ് മെറ്റീരിയലിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നാൽ ഖാദി ഉൽപന്നങ്ങൾക്ക് വില കൂടുകയും ഗുണനിലവാരം കുറയുകയും ചെയ്യുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com