ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയുടെ ആവശ്യങ്ങൾ നിറവേറ്റാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലെ വലിയ നാലോ അഞ്ചോ ബാങ്കുകൾ ആവശ്യമാണെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയുടെ പൊരുൾ തേടി ബാങ്കിങ് മേഖല. കൂടുതൽ വലിയ ബാങ്കുകൾ വേണമെന്നതുകൊണ്ട് കൂടുതൽ ബാങ്കുകളുടെ ലയനമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാൽ കൂടുതൽ പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉദ്ദേശിക്കുന്നില്ലെന്ന് ഓഗസ്റ്റിൽ നിർമല സീതാരാമൻ തന്നെ വ്യക്തമാക്കിയിരുന്നു. 

വൻകിട പദ്ധതികൾക്കും മറ്റും ഫണ്ട് ചെയ്യാൻ വലിയ ബാങ്കുകൾ അനിവാര്യമാണ്. വലിയ വായ്പകൾ കൊടുക്കാൻ ഇവയ്ക്കാകും, എന്നാൽ ഇതുകൊണ്ട് ഏറ്റവും താഴെത്തട്ടിൽ പണമൊഴുക്കു കൂടില്ലെന്നും വാദിക്കുന്നവരുണ്ട്. നിലവിൽ ലയിപ്പിച്ച പൊതുമേഖലാ ബാങ്കുകൾ അതിവേഗം വളരണമെന്ന സന്ദേശമാണ് ധനമന്ത്രിയുടെ വാക്കുകളിലെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

വലിയ കരുത്തുറ്റ ബാങ്കുകൾ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിലാണ് സർക്കാർ 27 പൊതുമേഖലാ ബാങ്കുകളെ ലയനത്തിലൂടെ 12 എണ്ണമാക്കിയത്. 2017ലാണ് 5 എസ്ബിഐ അസോഷ്യേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചത്. 2019ൽ ദേശസാൽകൃത ബാങ്കുകളായ വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ചു. കഴിഞ്ഞ വർഷമാണ് 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കാനുള്ള മെഗാ തീരുമാനം നടപ്പായത്. 

സിൻഡിക്കറ്റ് ബാങ്കിനെ കാനറ ബാങ്കിൽ ലയിപ്പിച്ചു. അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും ലയിപ്പിച്ചു. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷനൽ ബാങ്കിന്റെ ഭാഗമായി.നിലവിൽ എസ്ബിഐക്ക് ശേഷം ഏറ്റവും വലിയ ബാങ്കാണ് പഞ്ചാബ് നാഷനൽ ബാങ്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com