ADVERTISEMENT

തൃശൂർ ∙ ലോക സിനിമയെ രക്ഷിച്ചതു പോലെ മലയാള സിനിമയെ രക്ഷിക്കാനും ജയിംസ് ബോണ്ട് 007 എത്തുമെന്ന പ്രതീക്ഷയിൽ തിയറ്റർ ഉടമകൾ. 25നു തിയറ്റർ തുറന്നാൽ 27ന് ബോണ്ട് സിനിമ കേരളത്തിൽ റിലീസ് ചെയ്യാൻ മെട്രോ ഗോൾഡ്‌വിൻ മെയർ സ്റ്റുഡിയോ തീരുമാനിച്ചു.

കോവിഡ് പ്രതിസന്ധിക്കു ശേഷം ലോക വ്യാപകമായി തുറന്ന തിയറ്ററുകളെ രക്ഷിച്ചത് 6 വർഷത്തെ ഇടവേളയ്ക്കു ശേഷമിറങ്ങിയ പുതിയ ജയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’ ആണ്. കഴിഞ്ഞ 5 ബോണ്ട് സിനിമകളിലും ജയിംസ് ബോണ്ടിനു ജീവൻ നൽകിയ ഡാനിയൽ ക്രെയ്ഗിന്റെ അവസാന ബോണ്ട് സിനിമയാണിത്. പരമ്പരയിലെ 25ാം ചിത്രവും.

ലോകത്ത് തിയറ്റർ തുറന്ന സ്ഥലങ്ങളിൽ മിക്കയിടത്തും 50% പേർക്കാണു പ്രവേശനം. ഒരു വർഷത്തോളമായി തിയറ്ററുകളിൽ നിന്നു വിട്ടുനിന്ന കാണികൾ എങ്ങനെ പ്രതികരിക്കുമെന്നു നെഞ്ചിടിപ്പോടെയാണു ലോക സിനിമാ വിപണി കാത്തിരുന്നത്. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം ഞായറിനകം ലോകവ്യാപകമായി 892 കോടി രൂപ കൊയ്തു. ഏറ്റവും വലിയ സിനിമ മാർക്കറ്റായ ൈചനയിൽ 29നു റിലീസ് ചെയ്യും. 1858 കോടി രൂപയ്ക്കു നിർമിച്ച സിനിമയുടെ പരസ്യത്തിനായി മാത്രം 740 കോടി ചെലവായി. കഴിഞ്ഞ വർഷം ഏപ്രിലിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡ് കാരണം മാറ്റിവച്ചതാണ്. ഒടിടിയിൽ 4400 കോടി രൂപയ്ക്കു വിറ്റു എന്ന വാർത്തകളുണ്ട്. 

ജർമനിയിൽ 110 കോടിയും ജപ്പാനിൽ 43.11 കോടിയും ഗൾഫിൽ 46.83 കോടിയും കൊറിയയിൽ 34.19 കോടിയും ബ്രിട്ടനിൽ 222 കോടിയും ഇന്ത്യയിൽ 14.86 കോടിയും 4 ദിവസം കൊണ്ടു നേടിക്കഴിഞ്ഞു. 50% മാത്രം കാണികളുമായി ഇതു വൻ വിജയമാണ്. സ്വാഭാവികമായും കേരളത്തിലെ തിയറ്ററിലേക്കു കാണികളെ എത്തിക്കാൻ ജയിംസ് ബോണ്ടിനു കഴിയുമെന്നു തിയറ്റർ ഉടമകൾ കരുതുന്നു. കേരളത്തിൽ 150 സ്ക്രീനിലെങ്കിലും ബോണ്ട് പ്രദർശിപ്പിക്കുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com