ADVERTISEMENT

കയ്യിലിരിക്കുന്ന കാശ് വല്ലവരുടേയും പോക്കറ്റിലായിട്ട് അയ്യടാ എന്നാവുന്നതിനുള്ള ബെസ്റ്റ് മാർഗമാകുന്നു മിക്കപ്പോഴും മുതൽമുടക്ക്. ജോലിയോ ബിസിനസോ ഉണ്ട്, കുറച്ചു സമ്പാദ്യവുമുണ്ടെങ്കിൽ സുഖമായി ഉണ്ടുകൊണ്ടിരിക്കുമ്പോൾ ഉൾവിളി തോന്നാം. ഊണിന്റെ കുഴപ്പമല്ല, ശകലം കാശ് കൂടിയതിന്റെ കുഴപ്പമാണ്. ഇൻവെസ്റ്റ്മെന്റ് നടത്തണം എന്നു തോന്നും. പലപ്പോഴും ചില കൂട്ടുകാരും പ്രേരണയാകും. തലേന്നത്തെ സായാഹ്ന സദസ്സിൽ ഐസിട്ട് ഇരിക്കുമ്പോൾ കിട്ടിയതാകാം. 

ഇതു പലരൂപത്തിൽ വരും. പച്ചക്കറി കയറ്റുമതി തുടങ്ങിയാലോ? തമിഴ്നാട്ടിൽ പോയി സ്ഥലം വാങ്ങി തെങ്ങ് കൃഷി ചെയ്താലോ, കുട്ടിക്കാനത്തു പോയി സ്ഥലം വാങ്ങി റിസോർട്ടോ ഹോംസ്റ്റേയോ തുടങ്ങിയാലോ...?? സെൻട്രൽ കിച്ചൻ തുടങ്ങി സർവ ഹോട്ടലിനും വിഭവങ്ങൾ സപ്ലൈ ചെയ്താലോ, അല്ലെങ്കിൽ വേണ്ട ഇഡ്ഡലി ഉണ്ടാക്കുന്ന മെഷീൻ വാങ്ങി കാലത്തെ തന്നെ ഇഡ്ഡലികളുണ്ടാക്കി ഹോട്ടലുകൾക്കു കൊടുത്താലോ, മാസിക തുടങ്ങി പത്രാധിപരായാലോ...! സിനിമ പിടിച്ചാലോ...!! 

ഇങ്ങനെയൊക്കെയാണ് ആലോചന പോകുന്നത്. സെൻട്രൽ കിച്ചനിലെ വിഭവങ്ങൾ എത്ര ഹോട്ടലുകൾക്കു വേണം, അല്ലെങ്കിൽ എത്ര പേർ ഓൺലൈൻ ഓർഡർ ചെയ്താൽ മുടക്കുമുതൽ മുതലായിക്കിട്ടും എന്നൊന്നും ആലോചന വരണമെന്നില്ല. ഇഡ്ഡലിയുണ്ടാക്കി നഗരത്തിലാകെ വിതരണം ചെയ്താൽ എത്ര ഹോട്ടലുകാർ വാങ്ങുമെന്നോ ഒരു ഇഡ്ഡലിക്ക് ഇത്ര വില വച്ച് എത്ര ഇഡ്ഡലി വിറ്റാൽ മുടക്കെങ്കിലും തിരിച്ചു കിട്ടുമെന്നോ നോട്ടമില്ല. ഇതൊക്കെ ചെയ്തു വിജയിച്ച ചിലരെ കണ്ടിട്ടുള്ള ഹാലിളക്കമാണേ! ഒരേ ബിസിനസിൽ തന്നെ എല്ലാവരും വിജയിക്കണമെന്നില്ല. അത്യാഗ്രഹം മൂത്താൽ മോൻസൻമാർക്കും കാശു കൊണ്ടു കൊടുത്തേക്കും. 

ആദ്യം കയ്യിലിരിക്കുന്ന കാശ് മുടക്കും. പിന്നെ ബാങ്ക് വായ്പകളെടുക്കും. അതും പോരാതെ വരുമ്പോൾ വീട്ടിൽ നിന്നു വീതമായി കിട്ടിയ കുടുംബ സ്വത്ത് വിറ്റു കാശിറക്കും. ഒടുവിൽ സംപൂജ്യനാകും! തെങ്കാശിയിലോ തിരുനൽവേലിയിലോ പോയി പത്തമ്പതേക്കർ വാങ്ങിയാലോ! തെങ്ങിൻ തൈ നടാം. തേങ്ങ വേണ്ട, കരിക്ക് വെട്ടി വിറ്റാൽ മതി. ഒരു കരിക്കിന് 15 രൂപ. ഏക്കറിന് 2 ലക്ഷം രൂപയ്ക്കു സ്ഥലം കിട്ടും. 50 ഏക്കറിന് ഒരു കോടി മാത്രം. 

നാട്ടിലിരുന്നുകൊണ്ടു ചെയ്യാവുന്ന പണിയല്ലിത്. അവിടെ താമസിക്കണം. ഭൂമി തീരെ വില കുറച്ചു കിട്ടിയതു തന്നെ കൃഷിക്കു പറ്റിയതല്ലാത്തതിനാലോ വെള്ളമില്ലാത്തതിനാലോ...കുഴൽക്കിണറുകൾ കുഴിക്കുന്നു. കുറേക്കാലം നോക്കിയിട്ടു ഗുണമില്ലെന്നു കണ്ട് കിട്ടിയ വിലയ്ക്കു കയ്യടിക്കുന്നു... ഇതുപോലെത്ര ‘‘ഇൻവെസ്റ്റ്മെന്റുകൾ’’ കണ്ടിരിക്കുന്നു!! കാശ് പോയതു മിച്ചം. 

ഒടുവിലാൻ∙ സിനിമാ താരം സമ്പാദിച്ചതു കോടികളായിരുന്നു. ഗൾഫി‍ൽ പെട്രോളിയം ബിസിനസിൽ മുടക്കിയാൽ കാശുവാരാമെന്നു തോന്നി. അറബികൾ വാരുകയല്ലേ? കയ്യിലുള്ളതും ബാങ്ക് കടമെടുത്തതും ചേർത്ത് മുതൽമുടക്കി. പെട്രോളിയം വിലയിടിഞ്ഞപ്പോൾ പാളീസായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com