ADVERTISEMENT

കക്ഷത്തിലുള്ളത് പോകരുത്; ഉത്തരത്തിലുള്ളത് എടുക്കണം, കേക്ക് മുറിക്കാതെ ഇരിക്കണം; എന്നാൽ തിന്നുകയും വേണം...ഇമ്മാതിരി ചൊല്ലുകളെ ഓർമിപ്പിക്കുന്നതാണ് ചൈനയിൽ ധനകാര്യ രംഗത്തെ പുതിയ നയപരിപാടികൾ. അമേരിക്ക പോലും നാണിച്ചു പോകുന്നതരം പക്കാ കാപ്പിറ്റലിസ്റ്റ് രീതികൾ നടപ്പാക്കിയാണു ചൈന അടിച്ചു കയറിയത്. 40 കൊല്ലത്തെ ഓവർസ്പീഡ് വികസനം കഴിഞ്ഞപ്പോൾ അതിനെതിരെ പ്രസിഡന്റ് ഷു ജിൻപിങ് കർശനമായി ഡയലോഗ് അടിക്കുന്നു. കമ്യൂണിസ്റ്റ് നയങ്ങളിലേക്കൊരു തിരിച്ചുപോക്കാണ് ഉദ്ദേശിക്കുന്നതെങ്കിൽ സംഗതി പോക്കാണെന്ന് ലോകമാകെ നിന്നു മുന്നറിയിപ്പു വരുന്നുണ്ട്.

വൻ തോതിൽ വളർച്ചയ്ക്കു വേണ്ടത് കാപ്പിറ്റൽ ആകുന്നു. സ്വതന്ത്ര വിപണിയിൽ അങ്ങനെ സ്വകാര്യമേഖല മൂലധനം മുടക്കുന്നതാണു കാപ്പിറ്റലിസത്തിന്റെ കാതൽ. ലക്കും ലഗാനുമില്ലാതെ ആഗോള കാപ്പിറ്റൽ കടം വാങ്ങി ചൈനീസ് കമ്പനികൾ ഡർബാറടിക്കുകയായിരുന്നു. കടം കേറി മുടിഞ്ഞ എവർഗ്രാൻഡെ ബെസ്റ്റ് ഉദാഹരണം മാത്രമല്ല ചൈനയുടെ വളർച്ചയുടെ പ്രതീകവുമാണ്. മുന്നുംപിന്നും നോക്കാതെ കടം വാങ്ങി കെട്ടിപ്പൊക്കുക, ആവശ്യമുണ്ടോ എന്നു പോലും നോട്ടമില്ല. ചൈന അങ്ങനെ കടം വാങ്ങി റോഡുകൾ, ബുള്ളറ്റ് ട്രെയിനുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, കടലിനു മുകളിൽ പാലം, കടലിനടിയിൽ തുരങ്കം എന്നിങ്ങനെ കെട്ടിത്തള്ളി. വികസനം കണ്ടു നമ്മുടെയൊക്കെ കണ്ണു തള്ളി.

ആന്റ് ഗ്രൂപ്പിന്റെ ലക്ഷം കോടി ഡോളറിന്റെ ആദ്യ ഓഹരി വിൽപന സർക്കാർ തടഞ്ഞതോടെയാണ് എവിടെയോ തകരാറ് എന്ന  മുന്നറിയിപ്പ് കിട്ടിയത്. ഓൺലൈൻ ടാക്സി കമ്പനിയായ ഡിഡി അമേരിക്കൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിനു ശിക്ഷയും കിട്ടി. കോമൺ പ്രോസ്പെരിറ്റി ( പൊതു അഭിവൃദ്ധി) എന്നൊരു പുതിയ മുദ്രാവാക്യം വന്നിട്ടുണ്ട്. സാമ്പത്തിക അസമത്വം മാറ്റണം. മൂലധനത്തിന്റെ ധാരാളിത്തത്തിൽ അനേകർ ശതകോടീശ്വരൻമാരായി മാറിയ ശേഷമാണ് വീണ്ടുവിചാരം! ആകെ സമ്പത്തിന്റെ 30% സമൂഹത്തിലെ 1% പേരുടെ കയ്യിലാണത്രെ.

റിയൽ എസ്റ്റേറ്റ് കമ്പനികൾക്കെല്ലാം കൂടി 2.8 ലക്ഷം കോടി ഡോളർ കടമുണ്ട്. എവർഗ്രാൻഡെയും ഫന്റേഷ്യയും തിരിച്ചടവ് മുടക്കിയതോടെ വിദേശത്തു നിന്ന് ഇനി ബോണ്ട് വിൽപന വഴി കാശ് കിട്ടില്ല. ചൈനീസ് വിപണിയെ വിട്ടുപിടി എന്ന ലൈനിലേക്ക് ലോകമാകെ മാറിയിരിക്കുന്നു. ഇതേതാണ്ട് ഗോർബച്ചേവ് പെരിസ്ട്രോയിക്കയും ഗ്ലാസ്നസ്തും കൊണ്ടുവന്നതു പോലാണ്. വിനാശകാലേ ചൈനാക്കാരനു വിപരീത ബുദ്ധി. സോവിയറ്റ് യൂണിയനെപ്പോലെ പഞ്ചറാവുമോ ചൈന!!!

ഒടുവിലാൻ∙ശ്ശെടാ നമുക്ക് വൈറ്റില ഫ്ലൈ ഓവർ പണിയാൻ പോലും എന്തൊരു പാട്, പിന്നെങ്ങനെ ഇവർ അതിന്റെ ലക്ഷം ഇരട്ടി പണിഞ്ഞു എന്നാണു ചൈന കാണുന്ന നമ്മുടെ മനസ്സിൽ പോകുന്ന സ്ക്രോൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com