ADVERTISEMENT

രാജ്യാന്തര പണ നിധിയിലെ (ഇന്റർനാഷനൽ മോണിറ്ററി ഫണ്ട്–ഐഎംഎഫ്) മുഖ്യ സാമ്പത്തികശാസ്ത്രജ്ഞ (ചീഫ് ഇക്കോണമിസ്റ്റ്) പദവിയിലെത്തിയ ആദ്യ വനിതയായ ഗീത ഗോപിനാഥ് (49) പടിയിറങ്ങുന്നത് ആഗോള സാമ്പത്തിക രംഗത്തു ശ്രദ്ധേയ മുദ്രകൾ പതിച്ചശേഷം. മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കി ജനുവരിയിൽ ഹാർവഡ് സർവകലാശാലയുടെ സാമ്പത്തിക ശാസ്ത്ര വകുപ്പിലേക്കു മടങ്ങുകയാണു ഗീത. പ്രഫസർ പദവിയിൽ സാധാരണ 2 വർഷത്തെ അവധി മാത്രം അനുവദിക്കാറുള്ള ഹാർവഡ് സർവകലാശാല, ഗീതയ്ക്ക് ഐഎംഎഫിൽ പ്രവർത്തിക്കാൻ ഒരു വർഷം കൂടി നീട്ടിക്കൊടുക്കുകയായിരുന്നു.

സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും ലോക ഇക്കണോമിക് റിപ്പോർട്ട് തയാറാക്കുകയും രാജ്യങ്ങളുടെ ജിഡിപി വളർച്ച നിരക്ക് പ്രവചിക്കുകയും ചെയ്യുന്ന ഐഎംഎഫ് സാമ്പത്തിക ഗവേഷണ വിഭാഗം മേധാവിയുമായിരുന്നു ഗീത ഗോപിനാഥ്. ആഗോള വാക്സിനേഷൻ ലക്ഷ്യങ്ങൾ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച ‘പാൻഡമിക് പേപ്പറി’ന്റെ സഹരചയിതാവായി. ഈ രേഖയാണ് ഐഎംഎഫും ലോക ബാങ്കും ലോക വ്യാപാര സംഘടനയും ലോകാരോഗ്യ സംഘടനയുമൊക്കെ ചേർന്ന ടാസ്ക് ഫോഴ്സ് ഉണ്ടാക്കാനും വാക്സീൻ നിർമാണ വിതരണ രംഗത്തെ അപര്യാപ്തതകൾ പരിഹരിക്കാൻ വാക്സീൻ നിർമാതാക്കളുമായിച്ചേർന്ന് വർക്കിങ് ഗ്രൂപ്പ് ഉണ്ടാക്കാനും വഴി തുറന്നതെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു.

ആഗോള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പഠിക്കാനും പരിഹാരങ്ങൾ നിർദേശിക്കാനുമുള്ള വിദഗ്ധ സംഘത്തിനും ഐഎംഎഫിൽ ഗീത രൂപം നൽകി. 

കണ്ണൂർ സ്വദേശി ടി.വി.ഗോപിനാഥിന്റെയും വി.സി.വിജയലക്ഷ്മിയുടേയും മകളായ ഗീത കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം അമേരിക്കയിൽ ഉന്നതപഠനം നടത്തി. തുടർന്ന് അവിടെ പ്രമുഖ സർവകലാശാലകളിൽ അധ്യാപനരംഗത്തേക്കു കടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com