ADVERTISEMENT

തിരുവനന്തപുരം∙ പ്രവാസി പുനരധിവാസത്തിനുള്ള സംസ്ഥാന പദ്ധതികൾക്കു പുറമേ സമഗ്ര പുനരധിവാസ പാക്കേജ് നടപ്പാക്കാൻ 2,000 കോടി രൂപയുടെ വിശദ നിർദേശം ഉടൻ കേന്ദ്രത്തിനു സമർപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഈ മാസം 26 വരെ 17,51,852 പ്രവാസി മലയാളികളാണു കോവിഡ് ജാഗ്രതാ പോർട്ടൽ പ്രകാരം തിരികെ എത്തിയതെന്നും മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധ ക്ഷണിക്കലിന് അദ്ദേഹം മറുപടി നൽകി.

എയർപോർട്ട് അതോറിറ്റിയുടെ രേഖകൾ പ്രകാരം 2020 മേയ് മുതൽ ഈ മാസം വരെ കേരളത്തിലെ വിമാനത്താവളങ്ങൾ വഴി 39,55,230 പേർ വിദേശത്തേക്കു പോയി. തിരിച്ചുപോകാൻ ആഗ്രഹിച്ചവരിൽ ഭൂരിഭാഗം പേരും പോയി എന്നു കരുതാം. തിരിച്ചെത്തിയ പ്രവാസികളിൽ 12.67 ലക്ഷം പേർക്കു തൊഴിൽ നഷ്ടപ്പെട്ടു എന്നാണ് കോവിഡ് പോർട്ടലിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴിൽ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും ബജറ്റിൽ 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

സ്വയം തൊഴിൽ പദ്ധതി വിഹിതം 24.4 കോടിയാക്കി

തിരികെ എത്തിയ പ്രവാസികൾക്കു സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിനുള്ള പദ്ധതി വിപുലീകരിക്കുകയും പദ്ധതി വിഹിതം 24.4 കോടിയായി വർധിപ്പിക്കുകയും ചെയ്തു. 30 ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പകൾക്കു 15% മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ) നാലു വർഷത്തേക്കു 3% പലിശ സബ്‌സിഡിയും ഈ പദ്ധതി മുഖേന ലഭിക്കും. നാട്ടിൽ മടങ്ങി എത്തിയവരിൽ ഭവനവായ്പ ഉൾപ്പെടെ മുടങ്ങുകയും ജപ്തി ഭീഷണി നേരിടുകയും ചെയ്യുന്ന പ്രവാസികളുടെ പ്രശ്നവും പദ്ധതികൾക്കു വായ്പ അനുവദിക്കുന്നതിൽ ബാങ്കുകൾ അനുഭാവ സമീപനം സ്വീകരിക്കണമെന്നതും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി മുൻപാകെ ഉന്നയിക്കും.

നിലവിലുള്ള വിദേശ റിക്രൂട്ടിങ് സംവിധാനം ശക്തമാക്കാൻ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ സംരംഭം രൂപീകരിക്കുക, പോസ്റ്റ് റിക്രൂട്മെന്റ് സേവനങ്ങൾ എന്നിവയും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഇതിന് 2 കോടി രൂപ ബജറ്റിൽ അനുവദിച്ചിരുന്നു. മടങ്ങിവന്ന പ്രവാസികൾ സർക്കാർ രേഖകൾക്ക് അപേക്ഷിച്ചാൽ 15 ദിവസത്തിനകം ലഭ്യമാക്കാൻ റവന്യു, തദ്ദേശ വകുപ്പുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. വിദേശത്തു നിന്നു ശമ്പളവും മറ്റ് ആനുകൂല്യവും ലഭിക്കാനുള്ളവർ വിശദ അപേക്ഷയും രേഖകളും നോർക്കയുടെ ഇ മെയിലിൽ അയയ്ക്കാൻ അറിയിച്ചിരുന്നു. ഇങ്ങനെ ലഭിച്ച അപേക്ഷകൾ എംബസികളുടെയും വിദേശകാര്യ മന്ത്രാലയങ്ങളുടെയും ശ്രദ്ധയിൽപെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com