ADVERTISEMENT

കൊച്ചി ∙ സർവകാല ഔന്നത്യം കൈവരിക്കുകയും കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ വൻ തകർച്ചയ്‌ക്കു വിധേയമാകുകയും ചെയ്‌ത ഓഹരി വിപണിയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്നു നടക്കുന്ന മുഹൂർത്ത വ്യാപാരം ശുഭസൂചനകളുടേതാകുമെന്നു നിക്ഷേപകർക്കു പ്രതീക്ഷ. കാൽ നൂറ്റാണ്ടിനിടയിലെ 20 മുഹൂർത്ത വ്യാപാര ദിനങ്ങളിലും വിലകൾ ഉയർച്ച കൈവരിച്ച ചരിത്രമാണുള്ളത്.

ഇന്നു ദീപാവലി  അവധിദിനമാണെങ്കിലും വൈകിട്ട് 06.15 മുതൽ 07.15 വരെ നാഷനൽ സ്‌റ്റോക് എക്‌സ്‌ചേഞ്ചും ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചും മുഹൂർത്ത വ്യാപാരത്തിന് അവസരം ഒരുക്കുന്നുണ്ട്. ഓൺലൈനായും രാജ്യത്തെങ്ങുമുള്ള ട്രേഡിങ് ടെർമിനലുകളിലൂടെ നേരിട്ടും ഇടപാടുകൾ നടത്താം. മുഹൂർത്ത വ്യാപാരത്തിനു ശേഷം തിങ്കളാഴ്‌ച മാത്രമേ വ്യാപാരം പുനരാരംഭിക്കുകയുള്ളൂ. നാളെ ദീപാവലി ബലിപ്രതിപദ പ്രമാണിച്ചുള്ള അവധിയാണ്. തുടർന്നുള്ള ശനിയും ഞായറും പതിവ് അവധി.

ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്ന ദിവസമാണു മുഹൂർത്ത വ്യാപാരം. നാളെ സംവത് 2078 ന്റെ ആദ്യ ദിനമാണ്. ആദ്യ ദിന വ്യാപാരത്തിലെ നേട്ടം വർഷാവസാനം വരെ ആവർത്തിക്കുമെന്നാണു വിശ്വാസം. കഴിഞ്ഞ ദീപാവലി മുഹൂർത്ത വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 43,637.98 പോയിന്റിലായിരുന്നു; നിഫ്‌റ്റി 12,770. 60 പോയിന്റിലും. ഇപ്പോൾ എത്തിനിൽക്കുന്നതു സെൻസെക്‌സ് 59,771.92 പോയിന്റിലും നിഫ്‌റ്റി 17,829.20 പോയിന്റിലും. ഒരു വർഷംകൊണ്ടു സെൻസെക്‌സിൽ 37 ശതമാനവും നിഫ്‌റ്റിയിൽ 39.6 ശതമാനവും ഉയർച്ച. അടുത്ത ദീപാവലി എത്തുമ്പോഴേക്കു വിപണി 20–30 ശതമാനമെങ്കിലും ഉയർച്ച നേടുമെന്നാണു പ്രവചനങ്ങൾ. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് 1957 മുതൽ മുഹൂർത്ത വ്യാപാരത്തിനു വേദിയൊരുക്കുന്നുണ്ട്;  നാഷനൽ സ്‌റ്റോക് എക്‌സ്‌ചേഞ്ച് 1992 മുതലും.

സ്വർണത്തിനും വെളിച്ചെണ്ണയ്‌ക്കും മുഹൂർത്ത വ്യാപാരം

വെളിച്ചെണ്ണയുടെ മുഹൂർത്ത വ്യാപാരത്തിന് ഇന്നു വൈകിട്ട് 06.00 മുതൽ 07.00 വരെ കൊച്ചിൻ ഓയിൽ മർച്ചന്റ്‌സ് അസോസിയേഷൻ വേദിയൊരുക്കും.  സ്വർണ വിപണിയിലും ദീപാവലിക്കു മുഹൂർത്ത വ്യാപാരം പതിവുണ്ട്. മുൻപു കുരുമുളകിനു കൊച്ചിയിൽ ഇന്ത്യ പെപ്പർ ആൻഡ് സ്‌പൈസസ് ട്രേഡ് അസോസിയേഷ (ഇപ്‌സ്‌റ്റ) ന്റെ നേതൃത്വത്തിൽ മുഹൂർത്ത വ്യാപാരമുണ്ടായിരുന്നു. ഏതാനും വർഷമായി മുഹൂർത്ത വ്യാപാരമില്ല.

മുഹൂർത്ത വ്യാപാരം സംബന്ധിച്ച വിശ്വാസത്തെ ആശ്രയിക്കുമ്പോഴും ഭാവിയുടെ കാര്യത്തിൽ വിപണിക്കു വിസ്‌മരിക്കാനാകാത്ത ചില യാഥാർഥ്യങ്ങളുണ്ട്:

∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വായ്‌പ നിരക്കുകൾ വർധിപ്പിക്കാനുള്ള ശക്‌തമായ സാധ്യത. 

∙ ഒട്ടേറെ ഓഹരികളുടെ അമിതമായി നിർണയിക്കപ്പെട്ടിരിക്കുന്ന മൂല്യം.

∙ മുന്നേറ്റവുമായി താരതമ്യപ്പെടുത്തിയാൽ ആനുപാതിക തോതിൽ തിരുത്തലുണ്ടായിട്ടില്ലെന്ന വസ്‌തുത.

∙ വിദേശ ധനസ്‌ഥാപനങ്ങളിൽനിന്നുള്ള വിൽപന സമ്മർദം.

∙ ഓഹരികളുടെ ആദ്യ പൊതു വിൽപനയിലെ ഭീമമായ വർധന. ഈ ആഴ്‌ച തന്നെ 27,000 കോടി രൂപയുടെ ഐപിഒകൾ.

ഇന്ത്യൻ വിപണിക്ക് ഇനിയും കുതിക്കാൻ ആകുമെന്നു കരുതാനുള്ള ന്യായങ്ങളും പലതുണ്ട്:

∙ ചില്ലറ നിക്ഷേപകരിൽനിന്ന്, പ്രത്യേകിച്ചു യുവതലമുറയിൽനിന്ന്, ലഭിച്ചുവരുന്ന വ്യാപകമായ പിന്തുണ.

∙പണ ലഭ്യതയുടെ വളരെ ഉയർന്ന നിലവാരം.

∙ ബാങ്ക് നിക്ഷേപം ഉൾപ്പെടെയുള്ള ഏതാണ്ട് എല്ലാ മാർഗങ്ങളും പണപ്പെരുപ്പത്തിന്റെ പശ്‌ചാത്തലത്തിൽ അനാദായകരമായിരിക്കുന്നുവെന്ന വസ്‌തുത.

∙ ധനസേവനരംഗത്തെ അത്യുന്നതരായ ജെഫെറീസിന്റെ ഇക്വിറ്റി സ്‌ട്രാറ്റജി വിഭാഗം ആഗോള തലവൻ ക്രിസ് വുഡിനെപ്പോലുള്ളവർ ഇന്ത്യൻ വിപണിയുടെ സാധ്യതകൾ സംബന്ധിച്ചു പ്രകടിപ്പിക്കുന്ന ശുഭപ്രതീക്ഷകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com