ADVERTISEMENT

കൊച്ചി∙ ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനി എവർഗ്രാൻഡെയുടെ തകർച്ച മറ്റ് കമ്പനികളിലേക്കും പടരുന്നു. ഡോളർ നോട്ടുകളുടേയും കടപ്പത്രങ്ങളുടേയും പലിശ അടയ്ക്കാൻ എവർഗ്രാൻഡെയ്ക്കു കഴിയാതിരുന്നതിനെ തുടർന്ന് ലോകമാകെ നിക്ഷേപകർ ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനികളിലെ ഓഹരി–കടപ്പത്ര നിക്ഷേപങ്ങൾ വിറ്റൊഴിവാക്കുകയാണ്. അതോടെ അവയുടെ ഓഹരി–കടപ്പത്ര വിലകൾ കൂപ്പുകുത്താൻ തുടങ്ങി. ശനിയാഴ്ച എവർഗ്രാൻഡെ ഡോളർ ബോണ്ടിൽ 4.1 കോടി ഡോളറും (37 കോടി രൂപ) യുവാൻ ബോണ്ടിൽ 4 കോടി ഡോളറും (30 കോടി രൂപ) പലിശ നൽകേണ്ടിയിരുന്നതാണ്.

ആദ്യത്തേതിന് 13% പലിശയും രണ്ടാമത്തേതിന് 13.75% പലിശയും നിരക്ക്. പണം നൽകാൻ കഴിയാതായതോടെയാണ് എവർഗ്രാൻഡെയുടെ തകർച്ച മറ്റു കമ്പനികളിലേക്കും വ്യാപിച്ചത്. പ്രതിസന്ധി എവർഗ്രാൻഡെയിൽ മാത്രം അവസാനിക്കില്ലെന്നും ധനകാര്യ വ്യാധിയായി പടരുകയാണെന്നുമുള്ള ധാരണ ലോകമാകെ വിപണികളിൽ ശക്തമായിട്ടുണ്ട്. ചൈനീസ് ധനമന്ത്രാലയത്തിനു നിക്ഷേപമുള്ള സൈനോ ഓഷൻ ഗ്രൂപ്പിന്റെ ഡോളർ കടപ്പത്രങ്ങളുടെ മൂല്യവും ഇടിഞ്ഞു.

ഡോളറിന് 73 സെന്റ് മാത്രമാണ് ഇപ്പോൾ മൂല്യം. കെട്ടിട നിർമാണ രംഗത്ത് എവർഗ്രാൻഡെയെക്കാൾ വലുപ്പമുള്ള കൺട്രി ഗാർഡൻ ഹോൾഡിങ്സ്, ചൈന വാങ്കെ എന്നീ കമ്പനികളുടെയും ഓഹരി താഴേക്കാണ്. അടുത്ത വർഷം എവർഗ്രാൻഡെയ്ക്ക് 740 കോടി ഡോളർ (55000 കോടി രൂപ) മൂല്യമുള്ള കടപ്പത്രങ്ങൾ വട്ടമെത്തുകയാണ്. നിക്ഷേപത്തുക തിരികെ കൊടുക്കണം. അതിനു കഴിയില്ലെന്ന് തീർച്ചയായിട്ടുണ്ട്. അമേരിക്കൻ ഡോളറിലും ചൈനീസ് യുവാനിലുമുള്ള കടപ്പത്രങ്ങളാണിവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com