ADVERTISEMENT

ന്യൂഡൽഹി∙ ആൻഡ്രോയ്ഡ് ആപ് സ്റ്റോറുകളിലുള്ള ഏകദേശം 1,100 ഡിജിറ്റൽ വായ്പാ ആപ്പുകളിൽ 600ൽ അധികം അനധികൃതമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച് സമിതിയുടെ കണ്ടെത്തൽ. ലോൺ, ഇൻസ്റ്റന്റ് ലോൺ, ക്വിക് ലോൺ എന്നീ കീവേർഡുകളുള്ള 1,100 ആപ്പുകളാണ് 80ലധികം ആപ് സ്റ്റോറുകളിലായി കണ്ടെത്തിയത്. ഇവയ്ക്ക് ഓരോന്നിനും പിൻബലം നൽകുന്ന ബാങ്കിങ്/എൻബിഎഫ്‍സി സർട്ടിഫിക്കറ്റ് നൽകാൻ ആർബിഐ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നതായി സമിതിയംഗവും സൈബർ സുരക്ഷാ കമ്പനിയായ ക്ലൗഡ്സെക് കമ്പനി സ്ഥാപകനുമായ രാഹുൽ ശശി 'മനോരമ'യോടു പറഞ്ഞു. ഇങ്ങനെയാണ് പകുതിയിലേറെ ആപ്പുകളും അനധികൃതമാണെന്ന് കണ്ടെത്തിയത്.

മനസ്സുമാറുന്നവർക്ക് 'കൂളിങ് ഓഫ് ടൈം'

ഡിജിറ്റൽ വായ്പ് ഉപയോഗിച്ചു തുടങ്ങിയ ശേഷം മനസ്സുമാറുന്ന ഉപയോക്താവിന് അധികബാധ്യത വരാതെ പിന്മാറാൻ 3 മുതൽ 14 ദിവസം വരെ 'കൂളിങ് ഓഫ് സമയം' നൽകണമെന്ന സുപ്രധാന ശുപാർശയും സമിതി മുന്നോട്ടുവച്ചു.കാര്യമായ ആലോചനയില്ലാതെ ധൃതിയിൽ എടുക്കുന്ന വായ്പകൾ അബദ്ധമായെന്ന് തിരിച്ചറിഞ്ഞാൽ നിലവിൽ പിന്മാറാൻ അവസരമില്ല. പലരും ഇക്കാരണത്താൽ വലിയ കടക്കെണിയിലാകുന്നതും പതിവാണ്. കാലാവധി തികച്ച് വലിയ പലിശ നൽകി മാത്രമേ ഓൺലൈൻ വായ്പാ ആപ്പുകളിൽ ലോൺ അവസാനിപ്പിക്കാൻ കഴിയൂ. ഇതിനു പകരം കൂളിങ് ഓഫ് ദിസങ്ങളിലെ പലിശ മാത്രം നൽകി പിന്മാറാൻ അവസരം നൽകണമെന്നാണ് സമിതിയുടെ നിർദേശം.

ഡിജിറ്റൽ വായ്പയിൽ എൻബിഎഫ്സികൾ മുന്നിൽ

ഷെഡ്യൂൾഡ് ബാങ്കുകളെ അപേക്ഷിച്ച് ബാങ്കിങ് ഇതര സ്ഥാപനങ്ങൾ (എൻബിഎഫ്‍സി) ഡിജിറ്റൽ വായ്പകളിൽ വളരെ മുന്നിലാണെന്നും സമിതി വ്യക്തമാക്കുന്നു. 28 ഷെഡ്യൂൾഡ് ബാങ്കുകളും 62 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമാണ് പഠനവിധേയമാക്കിയത്. 2017ൽ ഈ എൻബിഎഫ്‍സികൾ ആകെ നൽകിയ വായ്പകളുടെ 0.68 ശതമാനമായിരുന്നു ഡിജിറ്റലെങ്കിൽ 2020ൽ ഇത് 60.53 ശതമാനമായി. അതേ സമയം 2020ൽ ബാങ്കുകൾ നൽകിയ ഡിജിറ്റൽ വായ്പകൾ 5.56 ശതമാനം മാത്രമാണ്.

അതേസമയം, സ്വകാര്യ ബാങ്കുകൾ ഓൺലൈൻ വായ്പകളിൽ മുന്നിലാണ് 2020ൽ ആകെ നൽകിയ ‍ഡിജിറ്റൽ വായ്പകളിൽ 55 ശതമാനവും സ്വകാര്യ ബാങ്കുകളുടേതാണ്. 33 ശതമാനമാണ് എൻബിഎഫ്സികളുടേത്.എൻബിഎഫ്സികളിൽ നിന്നു നൽകുന്ന 37.5 ശതമാനം വായ്പകളുടെയും കാലാവധി 30 ദിവസത്തിൽ താഴെയാണെന്നും റിപ്പോർട്ട് പറയുന്നു. ബാങ്കുകൾ നൽകുന്ന 87 ശതമാനം ലോണുകളുടെയും കാലാവധി ഒരു വർഷത്തിനു മുകളിലാണ്. സാമ്പത്തികമായി പൊളിഞ്ഞു പോയ എൻബിഎഫ്സികളുടെ ലൈസൻസ് വാങ്ങി പല ഓൺലൈൻ വായ്പാ കമ്പനികളും തട്ടിപ്പ് ആപ് നടത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com