ADVERTISEMENT

കൊച്ചി∙ മഹാമാരിയുടെ മഹാദുരിതം തരണം ചെയ്യുന്നതിൽ ഗീത ഗോപിനാഥ് നൽകിയ സംഭാവനകളാണ് ഫസ്റ്റ് ഡപ്യൂട്ടി എംഡി സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റത്തിനു കാരണം. എന്തായിരുന്നു പ്രധാന സംഭാവന? ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് എന്ന പദവിക്കപ്പുറം ലോകത്തിലെ ധനിക രാജ്യങ്ങളിൽ നിന്നു സംഭാവന പിരിച്ച് ആഫ്രിക്ക ഉൾപ്പെടെ ലോകമെങ്ങുമുള്ള ദരിദ്ര രാജ്യങ്ങൾക്ക് വാക്സീൻ വിതരണം ചെയ്യാൻ ഗീത വഹിച്ച പങ്കാണ് പ്രശംസ നേടിയത്. പിരിച്ചെടുത്തത് 4200 കോടി ഡോളറാണ്– 3.15 ലക്ഷം കോടി രൂപ. ഐഎംഎഫിനു പുറമേ ലോകാരോഗ്യ സംഘടനയും ലോക വാണിജ്യ സംഘടനയും ലോകബാങ്കും അംഗങ്ങളായ സമിതിയിൽ ഗീതയായിരുന്നു അധ്യക്ഷ.

ഫസ്റ്റ് ഡപ്യൂട്ടി എംഡി എന്നാലെന്താണ് എന്നു പലർക്കും സംശയമുണ്ട്. ആദ്യത്തെ ഡപ്യൂട്ടി എംഡി എന്നല്ല മറിച്ച് ഐഎംഎഫ് ബൈലോ പ്രകാരം ആ തസ്തികയുടെ പേരു തന്നെ അങ്ങനെയാണ്. ഐഎംഎഫ് എംഡി യൂറോപ്യൻ ആയിരിക്കണം. ഫസ്റ്റ് ഡപ്യൂട്ടി എംഡി (എഫ്ഡി എംഡി) അമേരിക്കൻ പൗരനായിരിക്കണം. ഇവർ രണ്ടു പേരും ചേർന്നായിരിക്കണം പ്രധാന തീരുമാനങ്ങളെല്ലാം. കണ്ണൂർക്കാരായ മലയാളി മാതാപിതാക്കളുടെ മകളായി കൊൽക്കത്തയിലാണു ഗീതയുടെ ജനനം എങ്കിലും ഇപ്പോൾ അമേരിക്കൻ പൗരയാണ്. നിലവിലുള്ള ഐഎംഎഫ് എംഡി ക്രിസ്റ്റലീന ബൾഗേറിയക്കാരിയാണ്. മുൻ എംഡി ക്രിസ്റ്റീൻ ലഗാർദെ ഫ്രഞ്ചുകാരിയും.

ഏറ്റവും വെല്ലുവിളി നേരിട്ട മഹാമാരിക്കാലത്ത് ലോകരാഷ്ട്രങ്ങളെ തകർച്ചയിൽ നിന്നു കരകയറ്റുന്നതിൽ വഹിച്ച പങ്കാണ് പുതിയ പദവിയിലേക്ക് ഉയർത്താൻ കാരണമെന്ന് ക്രിസ്റ്റീലീന ജോർജിയേവ പറഞ്ഞു. ‘യഥാസമയം അനുയോജ്യയായ വ്യക്തി’ – ഗീത ഗോപിനാഥിന്റെ നിയമനത്തെക്കുറിച്ച്  എംഡി പറഞ്ഞു. പദവിയിൽ തനിക്ക് അഭിമാനമുണ്ടെന്ന് ഗീത ഗോപിനാഥ് പ്രതികരിച്ചു. ഇത്രയേറെ നിർണായകമായ കാലം ഐഎംഎഫിന് ഉണ്ടായിട്ടില്ല. ഐഎംഎഫ് അംഗരാജ്യങ്ങളുടെ പ്രതിസന്ധി തരണം ചെയ്യാൻ പ്രതിഭാധനരായ സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുമെന്നവർ വ്യക്തമാക്കി

ഐഎംഎഫ് 3 മാസം കൂടുമ്പോൾ പ്രസിദ്ധീകരിക്കുന്ന ലോകസാമ്പത്തിക വീക്ഷണം എന്ന ഗവേഷണ രേഖയുടെ ചുമതലയും ചീഫ് ഇക്കണോമിസ്റ്റ് ഗീതയ്ക്കായിരുന്നു. ഹാർവഡ് സർവകലാശാല സാമ്പത്തികശാസ്ത്ര പ്രഫസറായിരിക്കെ ഐഎംഎഫിൽ 2018 ഒക്ടോബറിൽ എത്തിയ ഗീത കഴിഞ്ഞ വർഷം ഹാർവഡിലേക്കു മടങ്ങേണ്ടതായിരുന്നു. അവിടെ ഗീതയുടെ തസ്തിക ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ഐഎംഎഫിലെ സേവനം ഒരു വർഷം നീട്ടിയപ്പോൾ ഹാർവഡിലെ തസ്തികയും ഒരു വർഷത്തേക്കു കൂടി ഒഴിച്ചിട്ടു. ഇനി ഗീതയ്ക്ക് ഹാർവഡ് വിടേണ്ടി വരും. കാരണം 5 വർഷത്തേക്കാണ് ഫസ്റ്റ് ഡപ്യൂട്ടി എംഡി നിയമനം. 

Gita Gopinath
ഗീത

കണ്ണൂർ പറശ്ശിനിക്കടവ് മയ്യിൽ തലശ്ശേരി വീട്ടിൽ ഗോപിനാഥിന്റെയും കുറ്റ്യൂട്ടൂർ സ്വദേശി വിജയലക്ഷ്മിയുടെയും ഇളയ മകളായ ഗീത ബംഗ്ലദേശ് യുദ്ധകാലത്താണ് കൊൽക്കത്തയിൽ ജനിച്ചത്. 1971 ഡിസംബർ എട്ടിന്. ബംഗ്ലദേശ് യുദ്ധത്തിന്റെ 50–ാം വാർഷികത്തിനൊപ്പം ഗീതയ്ക്കും 50 വയസ്സ് പൂർത്തിയാവുകയാണ്. എഴുപതുകളിൽ ഗോപിനാഥ് മൈസൂരിൽ തോട്ടവും കൃഷിയുമായി സ്ഥിരതാമസമാക്കി. മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ചു വളർന്നതുകൊണ്ടാകാം അധഃസ്ഥിത രാഷ്ട്രങ്ങളുടെ ഉന്നമനത്തിൽ ഗീതയ്ക്ക് എന്നും പ്രത്യേക താൽപര്യം ഉണ്ടായിരുന്നുവെന്ന് ഗോപിനാഥ് പറഞ്ഞു. 

മൈസൂരിലെ സ്കൂൾ പഠന ശേഷം ഡൽഹി ലേഡി ശ്രീറാം കോളജിൽ ബിഎ ഓണേഴ്സിനു ചേർന്ന ഗീത ഡൽഹി സർവകലാശാലയിൽ ഒന്നാം റാങ്ക് നേടി. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് എംഎയും വാഷിങ്ടൻ സർവകലാശാലയിൽനിന്ന് എംഎസും പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും നേടി. സഹപാഠിയും കൂട്ടുകാരനുമായിരുന്ന ഇക്ബാൽ സിങ് ദലിവാളാണ് ഗീതയുടെ ഭർത്താവ്. നിലവിൽ എംഐടിയിലെ പോവർട്ടി ലാബിൽ എക്സിക്യൂട്ടീവ് ഡയറക്ടർ. സിവിൽ സർവീസ് ടോപ്പറായിരുന്ന അദ്ദേഹം ഐഎഎസിൽനിന്നു രാജിവച്ച് ഗീതയോടൊപ്പം അമേരിക്കയിലേക്കു പോവുകയായിരുന്നു. ഏകമകൻ രോഹിൽ ഹാർവഡ് സർവകലാശാലയിൽ ബിരുദപഠനത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com