ADVERTISEMENT

ന്യൂ‍ഡൽഹി∙ ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള 'കാർഡ് ടോക്കണൈസേഷൻ' രീതി നടപ്പാക്കാൻ റിസർവ് ബാങ്ക് 6 മാസം കൂടി അനുവദിച്ചു. ജനുവരി 1 മുതൽ നടപ്പാക്കേണ്ടിയിരുന്ന മാറ്റം 2022 ജൂൺ 30നു മാത്രമേ പ്രാബല്യത്തിൽ വരൂ. സാങ്കേതികമായ മാറ്റങ്ങൾ വരുത്താൻ കൂടുതൽ സമയം വേണമെന്ന ആവശ്യവുമായി കമ്പനികളും ബാങ്കുകളും ആർബിഐയെ സമീപിച്ചതോടെയാണ് കാലാവധി നീട്ടിയത്. ഇതു രണ്ടാം തവണയാണ് സമയപരിധി നീട്ടുന്നത്. 

കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും റിസർവ് ബാങ്കിനു കത്തയച്ചിരുന്നു. പുതിയ രീതി നടപ്പായാൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നൽകിയ ബാങ്കിനും കാർഡ് നെറ്റ്‍വർക്കിനുമല്ലാതെ രാജ്യത്ത് മറ്റൊരു സ്ഥാപനത്തിനോ ശൃംഖലയ്ക്കോ സൂക്ഷിച്ചുവയ്ക്കാനാവില്ല. ഇ–കൊമേഴ്സ് വെബ്സൈറ്റുകളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന കാർഡ് വിവരങ്ങൾ ചോരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പുതിയ നിയന്ത്രണം. 

പണമിടപാടിൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡിലെ യഥാർഥ വിവരങ്ങൾ നൽകുന്നതിനു പകരം ഒരു ടോക്കൺ ഉപയോഗിക്കുന്നതാണ് രീതി. യഥാർഥ കാർഡ് വിവരങ്ങൾക്കു പകരം ഈ ടോക്കണായിരിക്കും സൈറ്റുകൾക്ക് ലഭിക്കുക. ഓരോ വെബ്സൈറ്റിലും ഒരേ കാർഡിന് പല ടോക്കണുകളായിരിക്കും. ഇതുമൂലം ഏതെങ്കിലും ഒരു സൈറ്റിൽ വിവരചോർച്ചയുണ്ടായാലും അപകടസാധ്യതയില്ല.

ടോക്കണൈസേഷൻ

യഥാർഥ കാർഡ് വിവരങ്ങൾക്കു പകരമുള്ള കോഡ് നമ്പറാണ് ടോക്കൺ. കാർഡ് നൽകുന്ന കമ്പനിയാണ് (വീസ, മാസ്റ്റർകാർഡ്) പൊതുവേ ടോക്കൺ സർവീസ് പ്രൊവൈഡർ (ടിഎസ്പി). ഉദാഹരണത്തിന് ഇ–കൊമേഴ്സ് വെബ്‌സൈറ്റിൽനിന്നു സാധനം വാങ്ങി പേയ്മെന്റ് നടത്തുമ്പോൾ ടിഎസ്പി ജനറേറ്റ് ചെയ്യുന്ന ടോക്കൺ ആണ് സൈറ്റിനു ലഭിക്കുന്നത്. ഇതാണവ സൂക്ഷിക്കുന്നതും. ഗൂഗിൾ‌ പേ പോലുള്ള പേയ്മെന്റ് ആപ്പുകളിലും സമാനസംവിധാനമുണ്ട്. ഇതു പൂർണതോതിലാകുന്നതോടെ എല്ലാ ഇ–പേയ്മെന്റ് സൈറ്റുകളിലും ഇടപാടുകൾ ടോക്കണൈസേഷനിലൂടെയാകും.

സൂക്ഷിക്കാവുന്നത്

കാർഡ് വിവരങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്നാണു ചട്ടമെങ്കിലും ഇടപാടുകൾ ട്രാക്ക് ചെയ്യാനും മറ്റും സ്ഥാപനങ്ങൾക്കു മാനദണ്ഡങ്ങളോടെ കാർഡ് നമ്പറിന്റെ അവസാന നാലക്കവും കാർഡ് ഇഷ്യു ചെയ്ത കമ്പനിയുടെ പേരും സൂക്ഷിക്കാൻ ആർബിഐ അനുമതി നൽകിയിട്ടുണ്ട്.

English Summary: RBI extends tokenization deadline by another six months.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com