ADVERTISEMENT

കൊച്ചി ∙ സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കാനിരിക്കെ, മലയാള ചലച്ചിത്ര വ്യവസായം വീണ്ടും ഇരട്ട നികുതിയുടെ ഭീഷണിയിൽ. ഏകീകൃത നികുതി എന്ന വിശേഷണവുമായി ജിഎസ്ടി അവതരിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും കേരളത്തിൽ വിനോദ നികുതി നിലനിൽക്കുകയാണ്. ഫലത്തിൽ, ജിഎസ്ടിക്കു പുറമേ വിനോദ നികുതിയും നൽകേണ്ട സ്ഥിതി.

വിനോദ നികുതി കൂടി ചേർത്ത തുകയിലാണു ജിഎസ്ടി!. കോവിഡ് പ്രതിസന്ധി പരിഗണിച്ച് ഏപ്രിൽ 1 മുതൽ ഈ മാസം 31 വരെയാണു സർക്കാർ വിനോദ നികുതി ഇളവു നൽകിയത്. ലോക്ഡൗണിൽ തിയറ്ററുകൾ അടഞ്ഞു കിടന്നതിനാൽ പ്രയോജനം ലഭിച്ചതു കഷ്ടിച്ചു കഷ്ടിച്ചു 3 മാസം. ഒക്ടോബറിലാണു തിയറ്ററുകൾ തുറന്നത്. ഇളവു തുടരുന്നതു സംബന്ധിച്ചു സൂചനയൊന്നുമില്ല.

ഇരട്ട നികുതിയിലെ ഇരട്ടത്താപ്പ്

ജിഎസ്ടി നടപ്പാക്കിയപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ചുമത്തുന്ന വിനോദ നികുതി അതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആ പഴുത് ഉപയോഗിച്ചാണു സംസ്ഥാന സർക്കാർ സിനിമ ടിക്കറ്റിനു വിനോദ നികുതി ഈടാക്കാൻ അനുമതി നൽകിയത്. രാജ്യത്തു കേരളവും തമിഴ്നാടും മാത്രമാണു വിനോദ നികുതി ഈടാക്കുന്നത്. 100 രൂപ ടിക്കറ്റിൽ 3.98 രൂപയും 110 രൂപ ടിക്കറ്റിൽ 4.40 രൂപയും 120 രൂപ ടിക്കറ്റിൽ 4.56 രൂപയുമാണു വിനോദ നികുതി. ജിഎസ്ടി യഥാക്രമം 10.62 രൂപ, 11.68 രൂപ, 18.15 രൂപ വീതവും. രാജ്യത്ത് ഒരു ഉൽപന്നത്തിനും ഇരട്ട നികുതി പാടില്ലെന്നിരിക്കെയാണു സിനിമ ടിക്കറ്റിന് ഇരട്ട നികുതി. 

വരുമാനം പകുതി നികുതി രണ്ട്

ജിഎസ്ടി നടപ്പാക്കും മുൻപു കേരളത്തിലെ പഞ്ചായത്തുകളിൽ 15%, നഗരസഭകളിൽ 20%, കോർപറേഷനുകളിൽ 25% എന്നിങ്ങനെയായിരുന്നു വിനോദ നികുതി. ജിഎസ്ടി വന്നപ്പോൾ ആദ്യം വിനോദ നികുതി ഒഴിവാക്കിയെങ്കിലും പിന്നീടു സംസ്ഥാന സർക്കാർ തീരുമാനം മാറ്റി. വിനോദ നികുതി പിൻവലിക്കണമെന്നു ചലച്ചിത്ര സംഘടനകൾ ദീർഘകാലമായി സർക്കാരിനോട് അഭ്യർഥിക്കുകയാണ്. നിലവിൽ, 50% മാത്രം കാണികളെ പ്രവേശിപ്പിച്ചാണു സിനിമ പ്രദർശനം. വരുമാനം പകുതി മാത്രം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള അധികച്ചെലവു പുറമേ. പ്രേക്ഷകർക്കുമുണ്ട് അധികച്ചെലവിന്റെ ഭാരം.

English Summary: CenemaTheatres tax relaxation will ends on dec 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com