ADVERTISEMENT

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം, എന്റെ ഫാക്ടറി അടച്ചുപൂട്ടേണ്ടിവന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അൻപതോളം ജോലിക്കാർ ഫാക്ടറിയിൽ ഉണ്ടായിരുന്നു. അവർ ഗ്രാറ്റുവിറ്റിക്കായി ലേബർ കമ്മിഷണർക്കു പരാതി നൽകി. അവരുടെ ഹാജർ പരിശോധിച്ചപ്പോൾ മിക്കവാറും എല്ലാവർഷങ്ങളിലും അവർ 200ൽ താഴെ ദിവസങ്ങളിൽ മാത്രമാണ് ജോലിക്കു ഹാജരായിട്ടുള്ളത് എന്നു കാണാൻ കഴിഞ്ഞു. നാട്ടിൽ പോയി ഒരുവർഷത്തിനു ശേഷം തിരിച്ചുവന്നവർ പോലും അക്കൂട്ടത്തിലുണ്ട്. അവർക്കെല്ലാം മുഴുവൻ കാലയളവിലേക്കും ഗ്രാറ്റുവിറ്റി കൊടുക്കാനുള്ള ബാധ്യത എനിക്കുണ്ടോ? 

പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി നിയമത്തിലെ വകുപ്പ് 4 അനുസരിച്ച്, 5 വർഷത്തെ തുടർച്ചയായ സർവീസുള്ള ഒരു ജീവനക്കാരൻ ജോലിയിൽനിന്ന് ഒഴിയുമ്പോൾ അയാൾക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകും. ഓരോ വർഷത്തെ സർവീസിനും 15 ദിവസത്തെ വേതനം എന്ന നിരക്കിലാണ് ഗ്രാറ്റുവിറ്റി അനുവദിക്കേണ്ടത്. 6 മാസത്തേക്കാൾ കൂടുതൽ ഉള്ള സർവീസ് ഒരു വർഷത്തെ സർവീസായി കണക്കാക്കണം എന്ന വ്യവസ്ഥയുമുണ്ട്.

തുടർച്ചയായ സേവനം എന്ന പദത്തിന് വകുപ്പ് 2എ–യിൽ നൽകിയിട്ടുള്ള നിർവചനം അനുസരിച്ച് രോഗം, അപകടം, അവധി, ലേ ഓഫ്, സമരം, ലോക്കൗട്ട്, തൊഴിലാളിയുടെ ഭാഗത്തുനിന്നല്ലാതെ ഉണ്ടായ ജോലിയില്ലായ്മ എന്നിവ മൂലം ഒരു ജീവനക്കാരൻ ജോലി ചെയ്തിട്ടില്ലാത്ത ദിവസങ്ങളിലും അയാൾ തുടർച്ചയായ സേവനത്തിൽ ഉണ്ടായിരുന്നതായി കണക്കാക്കേണ്ടതാണ്. അവധി അനുവദിക്കാത്ത ദിവസങ്ങളിൽ ജോലിക്കു ഹാജരാകാതിരുന്നാലും, അയാൾക്ക് ബാധകമായ സ്റ്റാൻഡിങ് ഓർഡേഴ്സോ മറ്റ് വ്യവസ്ഥകളോ അനുസരിച്ച് ഒരു ഉത്തരവു മൂലം അത്തരം ദിവസങ്ങൾ സർവീസ് ബ്രേക്കായി പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ ആ ദിവസങ്ങളും തുടർച്ചയായ സേവനകാലയളവായി കണക്കാക്കേണ്ടതാണ്.

മുകളിൽ പറഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ ജോലി ചെയ്തതായി കണക്കാക്കിയിട്ടും ഒരു ജീവനക്കാരന് ഏതെങ്കിലും വർഷങ്ങളിൽ തുടർച്ചയായ സേവനം ഇല്ലെന്നു കാണുന്നപക്ഷം അത്തരം വർഷങ്ങളിൽ 240 ദിവസമെങ്കിലും അയാൾ ജോലിക്കു ഹാജരായിട്ടുണ്ട് എങ്കിൽ ആ വർഷങ്ങളിലും അയാൾ തുടർച്ചയായ സർവീസിൽ ഉണ്ടായിരുന്നതായി കണക്കാക്കേണ്ടതാണ്. ഇപ്രകാരം 240 ദിവസം ജോലിക്ക് ഹാജരായിട്ടുണ്ടോ എന്നു പരിശോധിക്കുമ്പോൾ ലേ ഓഫ് ദിവസങ്ങൾ, മുഴുവൻ ശമ്പളത്തോടു കൂടിയ അവധി ദിവസങ്ങൾ, തൊഴിലപകടം മൂലം ജോലിക്കു ഹാജരാകാത്ത ദിവസങ്ങൾ, പ്രസവാവധി ദിവസങ്ങൾ എന്നിവയും ജോലി ചെയ്ത ദിവസങ്ങളായി കണക്കാക്കേണ്ടതാണ്. ബ്രേക്ക് ഇൻ സർവീസായി പ്രഖ്യാപിച്ചിട്ടില്ല എങ്കിൽ അനധികൃതമായി ജോലിക്കു ഹാജരാകാത്ത ദിവസങ്ങളിൽ പോലും ആ ജീവനക്കാരൻ ജോലിയിൽ ഉണ്ടായിരുന്നതായി കണക്കാക്കി ഗ്രാറ്റുവിറ്റി അനുവദിക്കേണ്ടതാണ് എന്ന് വകുപ്പ് 2എ സംബന്ധിച്ച വിശദീകരണത്തിൽ നിന്നും കാണാവുന്നതാണ്. 

തുടർച്ചയായ സേവനം എന്ന പദത്തിന് ഇത്രയും ഉദാരമായ നിർവചനം ഉള്ളതിനാൽ, താങ്കളുടെ സ്ഥാപനത്തിലെ ജീവനക്കാർ ആദ്യമായി ജോലിയിൽ പ്രവേശിച്ച ദിവസം മുതൽ അവർ ജോലിയിൽനിന്നു പിരിഞ്ഞുപോയ ദിവസം വരെയുള്ള ഗ്രാറ്റുവിറ്റി അനുവദിക്കേണ്ടതുണ്ട്. സ്ഥാപനം അടച്ചുപൂട്ടുമ്പോൾ ഒരു വർഷത്തിൽ കുറയാതെ ജോലിയിൽ ഉണ്ടായിരുന്ന എല്ലാ ജീവനക്കാർക്കും ക്ലോഷർ കോംപൻസേഷനും നൽകേണ്ടതുണ്ട്. അനധികൃതമായി ജോലിക്കു ഹാജരാകാതെയിരുന്ന ദിവസങ്ങൾ ബ്രേക്ക് ഇൻ സർവീസ് ആയി പ്രഖ്യാപിച്ചിരുന്നു എങ്കിൽ താങ്കളുടെ സ്ഥാപനത്തിലെ ബഹുഭൂരിപക്ഷം തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റിക്കും ക്ലോഷർ കോംപൻസേഷനും അർഹത ഉണ്ടാകുമായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com