ADVERTISEMENT

ബാങ്ക് വായ്പ അനുവദിച്ചെടുക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് അത് നിഷ്ക്രിയ ആസ്തിയാകാതെ, വായ്പക്കാരനും ബാങ്കിനും ഗുണപ്രദമായി നടത്തിക്കൊണ്ടുപോകുക എന്നതും. ദുർഘടമായ പ്രക്രിയ ആണിതെങ്കിലും വ്യക്തിജീവിതത്തിൽ കരിനിഴൽ വീഴാതിരിക്കാൻ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം.  

∙ കാലാവധി വായ്പകൾക്കു നിശ്ചിതകാലം മൊറട്ടോറിയം (തിരിച്ചടവ് ആരംഭിക്കുന്നതിനു മുൻപുള്ള ഇടവേള) അനുവദിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ, അത് എന്നുവരെയാണെന്നും കൃത്യമായി ബാങ്കിൽ നിന്ന് അറിഞ്ഞുവയ്ക്കണം. 

∙ വായ്പയുടെ എല്ലാ നിബന്ധനകളും അടങ്ങുന്ന അനുവാദക്കത്ത് (sanction letter) അടക്കം ബാങ്കുമായി വയ്ക്കുന്ന എല്ലാ ഉടമ്പടിരേഖകളുടെയും ഓരോ നേർപകർപ്പു ലഭിക്കാൻ വായ്പക്കാരന് അവകാശമുണ്ട്. അവ മുഴുവൻ വായിച്ചുനോക്കി മനസ്സിലാക്കിയിരിക്കണം. ഇവയിലോരോന്നിലുമുള്ള ഓരോ നിബന്ധനയും അനുസരിക്കാൻ വായ്പക്കാരനു പൂർണ ഉത്തരവാദിത്തമുണ്ട്. 

∙ വായ്പ അനുവദിക്കുമ്പോഴും അതിനു ശേഷവും അതതു സമയങ്ങളിൽ ബാങ്ക് ആവശ്യപ്പെടുന്ന രേഖകൾ കൃത്യമായി നൽകണം. നൽകുന്ന രേഖകളുടെ പകർപ്പുകൾ സൂക്ഷിക്കണം.   

∙ പലിശ, മുതൽ ഗഡു, ഇഎംഐ എന്നിവ കൃത്യതീയതി തെറ്റാതെ അടച്ചാൽ, പിന്നീട് ആവശ്യങ്ങൾ വരുമ്പോൾ പുതിയ വായ്പകൾ ലഭിക്കാൻ എളുപ്പമാകും. 

∙ വ്യാപാരി-വ്യവസായികൾ ഓരോ ദിവസത്തെയും വിറ്റുവരവു മുഴുവൻ അതതു ദിവസം തന്നെ പ്രവർത്തന മൂലധന അക്കൗണ്ടിൽ അടയ്ക്കുകയും അസംസ്കൃതവസ്തുക്കൾ / സ്റ്റോക്ക് വാങ്ങാനും മറ്റ് ചെലവുകൾക്കുമുള്ള പണം അക്കൗണ്ടിൽനിന്നു കൊടുക്കുകയും വേണം. 

∙ മുഴുവൻ ഇടപാടുകളും കാഷ് ക്രെഡിറ്റ് അക്കൗണ്ടിലൂടെ നടത്തുന്ന സംരംഭങ്ങൾക്ക് ബാങ്കിൽ നല്ല സ്വീകാര്യത ആയിരിക്കും. ഇത് ഉറപ്പാക്കാനുള്ള മാർഗം, വിറ്റുവരവ് പണമായി വാങ്ങാതെ വിവിധ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളിലൂടെ സ്വീകരിക്കുക എന്നതാണ്. യുപിഐ അധിഷ്ഠിത പേയ്‌മെന്റ് ആപ്പുകൾ പ്രശ്നരഹിതമാണ്; ചെലവില്ലാത്തതുമാണ്. 5 കോടി രൂപ വരെ വായ്പ ആവശ്യമുള്ള സ്ഥാപനങ്ങൾക്ക്, ഇടപാടുകൾ ക്യാഷിനു പകരം ഡിജിറ്റൽ മാർഗത്തിലൂടെയാക്കിയാൽ വാർഷിക വിറ്റുവരവിന്റെ 30% വരെ പ്രവർത്തന മൂലധന വായ്പ ലഭിക്കാൻ അർഹത വരും.  

∙ പ്രവർത്തനമൂലധന വായ്‌പ ദൈനംദിന ഉൽപാദനത്തിന് / വിക്രയത്തിനു മാത്രമേ ഉപയോഗിക്കാവൂ. സ്ഥിരാസ്തികൾ വാങ്ങാനോ മറ്റ് ദീർഘകാല വിനിയോഗത്തിനോ ഉപയോഗിക്കരുത്. 

∙ ഏതെങ്കിലും കാരണവശാൽ അനുമാനങ്ങൾ യാഥാർഥ്യമാകാതെ വരുമാനത്തിൽ കുറവു വന്നാൽ വായ്പ പുനഃക്രമീകരിച്ചു തരാൻ ബാങ്കിനോട് ആവശ്യപ്പെടാവുന്നതാണ്. വായ്പകാലാവധി കൂട്ടിയാൽ സംരംഭം വിജയിക്കുമെന്ന് ഉറപ്പുണ്ടായാൽ, യഥാർഥത്തിൽ കിട്ടുന്ന വരുമാനത്തിനും ലാഭത്തിനും അനുസൃതമായി വായ്പയുടെ കാലാവധി കൂട്ടിനൽകാൻ ബാങ്കിനു കഴിയും. 

∙ ബാങ്കുകളുടെ നിബന്ധനകൾ കൃത്യമായി അനുസരിച്ചു മുന്നോട്ടുപോയാൽ, നിശ്ചിതസമയത്തുതന്നെ വായ്പകൾ മുഴുവൻ അടഞ്ഞുതീർന്ന് കടരഹിതമാവും. അത്തരം സാഹചര്യമാണ് പുതിയ വായ്പകൾ നേടാൻ ഉത്തമം.    

പി.ഡി.ശങ്കരനാരായണൻ

(ഹരിയാനയിലെ ഗുരുഗ്രാമിൽ സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രെഡിറ്റ് ആൻഡ് റിസ്ക് മാനേജ്മെന്റിൽ ഫാക്കൽറ്റി ബോർഡ് അംഗമായിരുന്നു ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com